ഗ്രേസ് പിരിയഡ്: ട്രാവൽ പെർമിറ്റ് ലഭിച്ച് പത്ത് ദിവസത്തിനുള്ളിൽ രാജ്യം വിടണം
text_fieldsദോഹ: ഖത്തറിൽ എൻട്രി-എക്സിറ്റ് ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി രാജ്യത്ത് കഴിയുന്നവർക്കുള്ള ഗ്രേസ് പിരിയഡിലെ ഇളവുകൾ ഉപയോഗപ്പെടുത്തിയവർ യാത്രാനുമതി (ട്രാവൽ പെർമിറ്റ്) ലഭിച്ച് പത്തുദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് ആഭ്യന്തരമന്ത്രാലയം. മാർച്ച് 31ന് അവസാനിക്കുന്ന ഗ്രേസ് പിരിയഡ് സംബന്ധിച്ച് പബ്ലിക് റിലേഷന്‍ വകുപ്പുമായി സഹകരിച്ച് നടത്തിയ വെബിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃതമായി ഖത്തറില്‍ തങ്ങുന്നവര്‍ക്ക് ശിക്ഷ കൂടാതെ രേഖകള്‍ ശരിയാക്കാനായി ഒക്ടോബർ 10ന് ആരംഭിച്ച ഗ്രേസ് പിരിയഡ് കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. ഇളവുകൾ ഉപയോഗപ്പെടുത്തി സ്റ്റാറ്റസ് ശരിയാക്കി മടങ്ങാൻ ആഗ്രഹിക്കുന്നവർ ട്രാവല്‍ പെര്‍മിറ്റ് ലഭിച്ച് 10 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിര്‍ദേശം.നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർ നിശ്ചിത കാലാവധിക്കു മുമ്പുതന്നെ അവസരം ഉപയോഗപ്പെടുത്തണം. അവസാന സമയത്തേക്ക് കാത്തുനില്‍ക്കരുതെന്നും വിവിധ കമ്യുണിറ്റി അംഗങ്ങളും കമ്പനി പ്രതിനിധികളും പങ്കെടുത്ത വെബിനാറിൽ വ്യക്തമാക്കി. ഗ്രേസ് പിരിയഡ് ഉപയോഗപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് വിശദീകരിക്കുന്നതായിരുന്നു വെബിനാർ. നിയമലംഘകരായി രാജ്യത്ത് തുടരുന്നവർ അവസാന തീയതി വരെ കാത്തിരിക്കരുതെന്നും, അപേക്ഷയില്‍ എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ അവസാന സമയങ്ങളില്‍ അപേക്ഷിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കാതെ പോകുമെന്നും ആഭ്യന്തരമന്ത്രാലയം ഓര്‍മിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സർച്ച് ആൻഡ് ഫോളോഅപ്പ് ഓഫിസിലോ, ഉംസലാൽ, ഉമ്മു സുനൈം, മിസൈമീർ, അൽ വക്റ, അൽ റയ്യാൻ തുടങ്ങിയ സർവിസ് സെൻററുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ഫോറം ലഭ്യമാണ്. ആർ.പി പെർമിറ്റ് പുതുക്കുന്നതിനും അപേക്ഷിക്കുന്നതിനുമായി അൽ ഷമാൽ, അൽകോർ, അൽ ദായിൻ, ഉം സലാൽ, അൽ ലുലു, ഉനൈസ, സൂഖ് വാഖിഫ്, അൽ റയ്യാൻ, ഉം സനിം, അൽ ഷഹാനിയ, മിസൈമീർ, അൽവക്റ, ദുഖാൻ എന്നീ കേന്ദ്രങ്ങളെ സമീപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.