പ്രവാസികളുടെ മക്കൾക്ക് ബിരുദ പഠന സ്കോളർഷിപ്
text_fieldsപ്രവാസികളുടെ മക്കളുടെ ഡിഗ്രി പഠനത്തിനായി വിദേശകാര്യ മന്ത്രാലയം 2006-2007 സാമ്പത്തിക വർഷം മുതൽ നടപ്പാക്കുന്ന പദ്ധതിയാണ് ഡയസ്പോറ ചിൽഡ്രൻ സ്കോളർഷിപ് (എസ്.പി.ഡി.സി). തൊഴിൽ അധിഷ്ഠിതമായതും അല്ലാത്തതുമായ കോഴ്സുകളിലെ പ്രവേശന ഫീസ്, ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീ അടക്കമുള്ള മറ്റു ചെലവുകൾക്കുമായുമായാണ് ഈ സ്കോളർഷിപ് നൽകുന്നത്.
പ്രതിവർഷം 4000 ഡോളർ (3.28 ലക്ഷം രൂപ) വരെയാണ് സ്കോളർഷിപ്പ് തുക. ഈ പദ്ധതി പ്രകാരം ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന എൻ.ആർ.ഐ, ഒ.സി.ഐ, പി.ഐ.ഒ വിഭാഗത്തിൽപെടുന്നവരുടെ മക്കൾക്കുള്ള ഈ സ്കോളർഷിപ് മൊത്തം 150 ആണ്. ഇതിൽ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന ഇ.സി.ആർ (എമിഗ്രേഷൻ ക്ലിയറൻസ് റിക്വയേർഡ്) രാജ്യങ്ങളിൽനിന്നുള്ളവരുടെ മക്കൾക്ക് 50 റിസർവേഷൻ ചെയ്തിരിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.
വ്യവസ്ഥകൾ
എൻ.ആർ.ഐ ( Non-Resident Indians) ഒ.സി.ഐ ( Overseas Citizenship of India), പി.ഐ.ഒ (People of Indian Origin) വിഭാഗത്തിൽ പെടുന്നവരുടെ മക്കൾ പതിനൊന്നാം തരവും പന്ത്രണ്ടാം തരവും വിദേശത്തുവെച്ച് പഠിച്ചവരായിരിക്കണം.
ഇ.സി.ആർ രാജ്യങ്ങളിൽനിന്നുള്ളവരുടെ മക്കളുടെ കാര്യത്തിൽ റിസർവ് ചെയ്ത 50 സ്കോളർഷിപ്പുകളിൽ 17 എണ്ണം ഇന്ത്യയിൽ വെച്ച് പ്ലസ് വൺ, പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കായി റിസർവ് ചെയ്തിരിക്കുന്നു. ആയതിനാൽ, കുടുംബമായി വിദേശങ്ങളിൽ താമസിക്കാത്തവർക്കും റിസർവ് ചെയ്ത സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ് (എല്ലാ ഗൾഫ് രാജ്യങ്ങളും ഇ.സി.ആർ വിഭാഗത്തിൽ പെടും).
പ്രായ പരിധി
ജൂലൈ 31, 2022ന് 17 വയസ്സിനും 21 വയസ്സിനും മധ്യേ.
വരുമാന പരിധി
a. എൻ.ആർ.ഐ, ഒ.സി.ഐ, പി.ഐ.ഒ കാറ്റഗറി: മാതാപിതാക്കളുടെ പ്രതിമാസ വരുമാനം 5,000 ഡോളർ (4.10 ലക്ഷം രൂപ).
b. ഇ.സി.ആർ കാറ്റഗറി രാജ്യങ്ങളിൽനിന്നുള്ളവർ:
മാതാപിതാക്കളുടെ പ്രതിമാസ വരുമാനം 3,000 ഡോളർ (2.46 ലക്ഷം രൂപ).
മൊത്തം സ്കോളർഷിപ്പുകൾ പകുതി വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായിരിക്കും.
സാധാരണ നിലയിൽ നവംബർ മാസങ്ങളിലാണ് അപേക്ഷ ക്ഷണിക്കാറുള്ളത്.
ഓൺലൈൻ വഴി താഴെക്കാണുന്ന വെബ്സെറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
അറിയുക: 2022-23 കാലയളവിൽ മൊത്തം സ്കോളർഷിപ്പുകളിൽ 118 ഉം നേടിയത് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ്. മൊത്തം 66 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. https://spdcindia.gov.in
അപേക്ഷിക്കാവുന്ന കോഴ്സുകൾ:
●1 എൻജിനീയറിങ്/ആർകിടെക്ചർ/ടെക്നോളജി- ബി.ഇ/ബി ആർക്/ ബി.ടെക്
●2 ഹ്യൂമാനിറ്റീസ്/ ലിബറൽ ആർട്സ് - ബി.എ ഹ്യൂമാനിറ്റീസ്/ലിബറൽ ആർട്സ്
●3 കോമേഴ്സ് -ബി.കോം
●4 മാനേജ്മെന്റ്- ബി.ബി.എ/ബി.ബി.എം
●5 കമ്പ്യൂട്ടേഴ്സ്- ബി.സി.എ/ഐ.ടി
●6 ജേണലിസം - ഡിഗ്രി ഇൻ ജേണലിസം
●7 ഹോട്ടൽ മാനേജ്മെന്റ്- ബി.എച്ച്.എം
●8 അഗ്രികൾചറൽ/ ആനിമൽ ഹസ്ബൻഡറി -ബി.ഇ/ബി.എസ്സി
●9 സയൻസ്- ബി.എസ്സി
●10 ലോ- എൽഎൽ.ബി
●11 ആയുർവേദ- ബിരുദം
●12 ബി.എസ്സി നഴ്സിങ്
●13 ബി.പി.ടി
●14 ബി ഫാർമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.