ലളിതം, താരസമ്പന്നം; പുരസ്കാര രാവ്
text_fieldsദോഹ: ചുവന്നപ്രഭയിൽ അലങ്കരിച്ച പുരസ്കാര വേദി. പക്ഷേ, ആഘോഷങ്ങളോ സംഗീതമോ നൃത്തമോ ഒന്നുമില്ലാതെ എല്ലാം ഔപചാരികതകളിൽ ഒതുക്കി അവസാനിപ്പിച്ചു. ഗസ്സയിലെ സഹോദരങ്ങൾ മരിച്ചുവീഴുമ്പോൾ ഇക്കരെ ആഘോഷങ്ങളൊന്നും വേണ്ടെന്നായിരുന്നു ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ തീരുമാനം. ഏഷ്യൻ ഫുട്ബാൾ കുടുംബത്തിലെ അംഗങ്ങളായ ഫലസ്തീനും, ഭൂകമ്പത്തിന്റെ ദുരിതം പേറിയ അഫ്ഗാനിസ്താനും ഐക്യദാർഢ്യമർപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കമായത്. ഇരുരാജ്യങ്ങളുടെയും കണ്ണീരിൽ ഏഷ്യൻ ഫുട്ബാൾ കുടുംബവും പങ്കുചേരുന്നുവെന്ന് അവതാരകരായ ജോൺ ഡെയ്ക്സും സീമ ജസ്വാളും അറിയിച്ചപ്പോൾ ആദരവോടെതന്നെ ക്യൂ.എൻ.സി.സിയിലെ അൽ മയാസാ ഹാളിലെ സദസ്സ് പ്രതികരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ തുടങ്ങി എ.എഫ്.സി വാർഷിക പുരസ്കാര പ്രഖ്യാപന ചടങ്ങിലെ ഏറ്റവും താരത്തിളക്കമുള്ള അതിഥി സൗദി അറേബ്യയുടെ പരിശീലകനായി വൻകരയുടെ ഭാഗമായ കോച്ച് റോബർട്ടോ മാൻസീനിയായിരുന്നു. ഇവർക്കൊപ്പം വൻകരയിലെ വിവിധ രാജ്യങ്ങളുടെ പരിശീലകർ, ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ, പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച താരങ്ങൾ എന്നിവരുൾപ്പെടെയുള്ളവരും ഹാജരായി.
ചടങ്ങിന്റെ മുഖ്യ സംഘാടകനായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ വേദിയിലുണ്ടായിരുന്നു. ഖത്തർ ഫുട്ബാൾ അസോസിയേഷൻ ഓണററി പ്രസിഡന്റും യു.എ.എഫ്.എ വൈസ് പ്രസിഡന്റുമായ ഹമദ് ബിൻ ഖലീഫ ആൽഥാനി, ക്യൂ.എഫ്.എ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ എന്നിവർക്കുള്ള ആദരവ് കൈമാറിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. പിന്നാലെ, ലോകകപ്പ് ഫുട്ബാളിന്റെ സംഘാടനത്തിൽ നിർണായക പങ്കുവഹിച്ച സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ താവദിയെയും ഖത്തർ 2022 സി.ഇ.ഒ നാസർ അൽ ഖാതിറിനെയും ആദരിച്ചു.
എ.എഫ്.സി ആദ്യമായി അവതരിപ്പിക്കുന്ന ഡയമണ്ട് ഓഫ് ഏഷ്യ അവാർഡ് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പുരസ്കാര പ്രഖ്യാപനത്തിന്റെ തുടക്കം. ഏഷ്യൻ ഫുട്ബാൾ വികസനത്തിന് സമഗ്ര സംഭാവന അർപ്പിച്ച വ്യക്തികൾക്ക് എല്ലാ വർഷവും നൽകുന്ന വ്യക്തിഗത പുരസ്കാരമായാണ് ‘ഡയമണ്ട് ഓഫ് ഏഷ്യ’ അവാർഡ് നൽകുന്നത്. എ.എഫ്.സി വൈസ് പ്രസിഡൻറും ഫിഫ കൗൺസിൽ അംഗവുമായിരിക്കെ മരിച്ച ഖത്തറിന്റെ സൗദ് അൽ മുഹന്നദിക്കായിരുന്നു പ്രഥമ പുരസ്കാരം. ക്യൂ.എഫ്.എ ജനറൽ സെക്രട്ടറി, ഖത്തറിലെ ചാമ്പ്യൻ ക്ലബായ അൽ സദ്ദിന്റെ ദീർഘകാല ഭാരവാഹി എന്നീ നിലകളിൽ സേവനമർപ്പിച്ച സൗദ് മുഹന്നദി ഏഷ്യൻ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ പുതുമാറ്റങ്ങൾക്ക് ചുക്കാൻപിടിച്ച ഫുട്ബാൾ സംഘാടകനാണെന്നും വിലയിരുത്തി.
തുടർന്ന് വിവിധ വിഭാഗങ്ങളിലെ പുരസ്കാര വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് ചടങ്ങ് അതിവേഗത്തിൽ പൂർത്തിയാക്കി. വിജയികളെ പ്രഖ്യാപിക്കുന്നതിലെ നാടകീയതകളോ അവതരണത്തിന്റെ മായക്കാഴ്ചകളോ ഇല്ലാതെ എല്ലാം ലളിതമാക്കിയായിരുന്നു ചടങ്ങ് നടന്നത്. അസോസിയേഷൻ അവാർഡുകൾ അതത് ഫെഡറേഷൻ ഭാരവാഹികൾ ഏറ്റുവാങ്ങുകയായിരുന്നു. മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ട സാമന്ത ഖേറിന്റെ അസാന്നിധ്യത്തിൽ ഫുട്ബാൾ ആസ്ട്രേലിയ പ്രസിഡന്റ് ഏറ്റുവാങ്ങി.
പുരസ്കാര വിജയികൾ
- മികച്ച താരം: സാലിം അൽ ദൗസരി (അൽ ഹിലാൽ, സൗദി)
- വനിതാ താരം: സാമന്ത ഖേർ (ചെൽസി, ആസ്ട്രേലിയ)
- ഏഷ്യൻ ഇൻറർനാഷനൽ പ്ലെയർ: കിം മിൻ ജി (ഫെനർബാഷെ/നാപോളി- ദ. കൊറിയ)
- എ.എഫ്.സി ഡയമണ്ട് ഓഫ് ഏഷ്യ: സൗദ് അൽമുഹന്നദി (എ.എഫ്.സി വൈസ് പ്രസിഡൻറ്, ഫിഫ കൗൺസിൽ അംഗം- മരണാനന്തര ബഹുമതി)
- ഫുട്സാൽ പ്ലെയർ: മുസ്ലിം ഒൽദോബദ് (ഇറാൻ)
- കോച്ച് ഓഫ് ദി ഇയർ (പുരുഷ വിഭാഗം): ഹാജിമെ മൊറിയാസു (ജപ്പാൻ)
- കോച്ച് ഓഫ് ദി ഇയർ (വനിത): ഷുയി ക്വിൻസിയ (ചൈന)
- എ.എഫ്.സി യൂത്ത് പ്ലെയർ (പുരുഷ): കുർയു മാറ്റ്സുകി (അമോറി യമദ/ എഫ്.സി ടോക്യോ, ജപ്പാൻ)
- എ.എഫ്.സി യൂത്ത് െപ്ലയർ (വനിത): മൈക ഹമാനോ (കോബെ ലിയോനെസ, ജപ്പാൻ)
- എ.എഫ്.സി മെംബർ അസോസിയേഷൻ (റൂബി): ഗുവാം ഫുട്ബാൾ അസോസിയേഷൻ
- മെംബർ അസോസിയേഷൻ (ഗോൾഡ്): ഹോങ്കോങ് ഫുട്ബാൾ അസോസിയേഷൻ -ചൈന
- മെംബർ അസോസിയേഷൻ (ഡയമണ്ട്): ലെബനീസ് ഫുട്ബാൾ അസോസിയേഷൻ.
- മെംബർ അസോസിയേഷൻ പ്ലാറ്റിനം: ഉസ്ബകിസ്താൻ ഫുട്ബാൾ അസോസിയേഷൻ
- റീജനൽ അസോസിയേഷൻ പുരസ്കാരം: സെൻട്രൽ ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻ
- എ.എഫ്.സി പ്രസിഡൻഷ്യ അവാർഡ് ഫോർ ഗ്രാസ്റൂട്ട് (വെങ്കലം): ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ
- സിൽവർ മെഡൽ- ഗുവാം
- ഗോൾഡ് മെഡൽ - ആസ്ട്രേലിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.