പരിസ്ഥിതിക്ക് കാവലാവാൻ ‘ഹരിത ദ്വീപ്’
text_fieldsദോഹ: മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കാനും, അതുവഴി പരിസ്ഥിതി സൗഹൃദമായ ജീവിതം പൊതുജനങ്ങളിലേക്ക് പകരാനുമായി ‘ഹരിത ദ്വീപ്’ ഒരുക്കി ഖത്തർ ഫൗണ്ടേഷൻ. രണ്ടു വർഷം മുമ്പ് തറക്കല്ലിട്ട് ആരംഭിച്ച ഖത്തർ ഫൗണ്ടേഷൻ ഗ്രീൻ ഐലൻഡ് പദ്ധതി ഖത്തറിന്റെ സുസ്ഥിര വാരാചരണത്തിന്റെ ഉദ്ഘാടന ദിനത്തിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകി.
എജുക്കേഷൻ സിറ്റിയിലാണ് കമ്യൂണിറ്റി കേന്ദ്രീകൃതമായ റീസൈക്ലിങ് ഹബ് സ്ഥാപിച്ചത്. മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും റീസൈക്ലിങ് സംസ്കരണവും സമൂഹത്തില്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത ദ്വീപിന്റെ നിർമാണം. സന്ദർശകർക്കായി പ്രദർശനങ്ങളും ശിൽപശാലകളും ഇന്ററാക്ടിവ് ഡിസ്പ്ലേ സംവിധാനങ്ങളും വഴി മാലിന്യ സംസ്കരണത്തിന്റെ അത്യാധുനിക മാർഗങ്ങൾ പകർന്നുനൽകും.
ഇതോടൊപ്പം പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ്, ഇരുമ്പ്, ബാറ്ററി, കേബ്ൾ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ സംസ്കരിക്കുന്ന ഏഴ് യൂനിറ്റുകളുമുണ്ട്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ മാരിടൈം, ലോജിസ്റ്റിക്സ് സ്ഥാപനമായ മിലാഹയുടെ 95 ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ചാണ് 8000 ചതുരശ്ര മീറ്ററിലുള്ള ഗ്രീന്‍ ഐലന്‍ഡ് പൂർത്തിയാക്കിയത്.
ഖത്തർ എനർജി, അറബ് എൻജിനീയറിങ് ബ്യൂറോ, സീഷോർ ഗ്രൂപ്, അഗ്രികോ, അൽ അവാലിയ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്നാണ് ഗ്രീൻ ഐലൻഡിന്റെ നിർമാണം പൂർത്തിയാക്കിയത്. സർക്കാർ, സ്വകാര്യ മേഖലയിൽനിന്നുള്ള പങ്കാളികളുടെ പിന്തുണയോടെ പരിസ്ഥിതി സൗഹൃദമായ മാലിന്യ സംസ്കരണമെന്ന ആശയം പൊതുജനങ്ങളിലേക്ക് പകരുകയാണ് ഗ്രീൻ ഐലൻഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ ഫൗണ്ടേഷൻ ചീഫ് ഓപറേറ്റിങ് ഓഫിസർ ഔസിം അലാമി പറഞ്ഞു.
ഖത്തറിനെ സുസ്ഥിര രാജ്യമാക്കുന്നതിനുള്ള ദേശീയ പദ്ധതികളെയും സംരംഭങ്ങളെയും സന്ദർശകരെ ബോധവത്കരിക്കുവാൻ ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നിർമാണ മാലിന്യങ്ങളുടെ സംസ്കരണം, സുസ്ഥിര കൃഷി, സൗരോർജം തുടങ്ങിയ പ്രായോഗിക സുസ്ഥിര മാർഗങ്ങൾ ഗ്രീൻ ഐലൻഡിലൂടെ പരിചയപ്പെടുത്തുന്നതായി ഖത്തർ ഫൗണ്ടേഷൻ സസ്റ്റയ്നബിലിറ്റി മാനേജർ ഡോ. നവാൽ അൽ സുലൈതി പറഞ്ഞു. ഭക്ഷ്യ മാലിന്യ വെല്ലുവിളിയെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും എന്നതിനൊപ്പം ജൈവ ഇന്ധന മേഖലയിലെ ഗവേഷണത്തിനും ഗ്രീൻ ഐലൻഡ് സാധ്യത നൽകുന്നു.
‘പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായി ഒരു ലോകം സൃഷ്ടിക്കുന്നതിനായി ചിന്തിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന തുറന്ന പ്ലാറ്റ്ഫോമാണ് ഗ്രീൻ ഐലൻഡ്. കമ്പനികൾ ഉൾപ്പെടെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു’. പൊതുജനങ്ങൾക്ക് ഡെലിവറി സേവന ആപ്ലിക്കേഷനായ ‘സ്നൂനു’ വഴി സംസ്കരിക്കാനുള്ള മാലിന്യങ്ങൾ ഗ്രീൻ ഐലൻഡിലെത്തിക്കാനുള്ള സംവിധാനം ഒരുക്കിയതായും ഡോ. നവാൽ അൽ സുലൈതി പറഞ്ഞു.
സംസ്കരണത്തിൽ പരിശീലനം
ഗവേഷണ ലാബുകള്‍, പ്രമേയാടിസ്ഥാനത്തിലുള്ള ഗിഫ്റ്റ് ഷോപ്പുകള്‍, പ്രദര്‍ശനങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കുമുള്ള ഓപണ്‍ സ്പേസ്, ഓര്‍ഗാനിക് കഫേകള്‍, ഫാം-ടു-ടേബ്ള്‍ റസ്റ്റാറന്റുകള്‍ എന്നിവയോടുകൂടിയാണ് വിശാലമായ ഐലൻഡ് സജ്ജമാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ റീസൈക്കിള്‍ ചെയ്തുണ്ടാക്കിയ വിവിധ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കാനുള്ള ആര്‍ട്ട് ഗാലറി, സംസ്കരിച്ച കോണ്‍ക്രീറ്റിന്റെ സഹായത്തോടെ ത്രീഡി പ്രിന്റിങ് ചെയ്യുന്നതിനുള്ള ലാബ് എന്നിവയും ഗ്രീന്‍ ഐലന്‍ഡിന്റെ ഭാഗമാകും. വിദ്യാർഥികൾക്ക് പുതിയ പാഠങ്ങൾ പകരുന്നതിനായി സ്കൂളുകൾക്ക് ഹരിത ദ്വീപിലേക്ക് യാത്രകൾ ഒരുക്കാനും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.