ഗിന്നസിൽ ഇടംപിടിക്കാൻ ഖത്തറിൽ യോഗാഭ്യാസം
text_fieldsദോഹ: ഏറ്റവും കൂടുതൽ രാജ്യക്കാരുടെ പങ്കാളിത്തമുള്ള യോഗാഭ്യാസം നടത്തി ഗിന്നസ് ബുക്കിൽ ഇടംപിടിക്കാനൊരുങ്ങി ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ.
ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഐ.എസ്.സിയുടെ നേതൃത്വത്തിൽ മാർച്ച് 18നാണ് രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന യോഗാഭ്യാസത്തിന് കതാറ കൾചറൽ വില്ലേജിലെ ആംഫി തിയറ്റർ വേദിയാവുന്നത്. രാവിലെ ഏഴു മുതൽ 10 മണി വരെയാണ് യോഗപ്രദർശനം.
ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും അർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള യോഗ അഭ്യാസം അരമണിക്കൂർ നീണ്ടുനിൽക്കുമെന്ന് ഐ.എസ്.സി മാനേജിങ് കമ്മിറ്റി അംഗവും യോഗ ട്രെയ്നറുമായ നിഷ അഗർവാൾ അറിയിച്ചു.
112 രാജ്യക്കാരുമായി യോഗാ അഭ്യാസം നടത്തിയ യു.എ.ഇയുടെ പേരിലാണ് നിലവിലെ ഗിന്നസ് റെക്കോഡ്. 2017 നവംബർ 18നായിരുന്നു ദുബൈ എംഗലാറിയിൽവെച്ച് ഗിന്നസ് റെക്കോഡ് സൃഷ്ടിച്ചത്.
ഖത്തർ ലോകകപ്പിന് ഇന്ത്യൻ പ്രവാസസമൂഹത്തിന്റെ പിന്തുണ നൽകുക എന്നതിനൊപ്പം പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിക്കുകയാണ് ഐ.എസ്.സിയും കതാറ കൾചറൽ വില്ലേജും സംയുക്തമായി സംഘടിപ്പിക്കുന്ന യത്നത്തിലൂടെ ശ്രമിക്കുന്നതെന്ന് നിഷ അഗർവാൾ പറഞ്ഞു.
120 രാജ്യക്കാരെ വരെ പങ്കെടുപ്പിക്കാനാണ് ശ്രമം. ഒരു രാജ്യത്തുനിന്നു രണ്ടു പേർക്കായിരിക്കും അവസരം. അഞ്ചു പേർക്ക് വരെ രജിസ്റ്റർ ചെയ്യാം. തുടർന്ന് പരിശോധനയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കും. യോഗയിൽ മുൻ പരിചയമില്ലാത്തവർക്കും പരിപാടിയിൽ പങ്കെടുക്കാം. ആവശ്യമായ അടിസ്ഥാന പാഠങ്ങൾ യോഗാഭ്യാസത്തിന്റെ ഭാഗമായി നൽകും.
നാഷനാലിറ്റി തെളിയിക്കുന്നതിനായി പാസ്പോർട്ടിന്റെയോ ഖത്തർ ഐഡിയുടെയേ പകർപ്പ് അപ്ലോഡ് ചെയ്യണം. www.yogagwr2022.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
നിലവിലെ ഗിന്നസ് റെക്കോഡ് ഭേദിച്ചാൽ, പങ്കെടുത്തവർക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് നൽകും. ഇതിനു പുറമെ, യോഗാഭ്യാസ സമയത്ത് ധരിക്കേണ്ട ഡ്രസ് കിറ്റും നൽകും.
ഐ.എസ്.സി മാനേജിങ് കമ്മിറ്റി അംഗം സിറിൽ ആനന്ദ്, വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.