ഗൾഫ് വിമാനയാത്രാ നിരക്ക് വർധന; കോടതി ഇടപെടലുകളിൽ പ്രതീക്ഷയോടെ പ്രവാസികൾ
text_fieldsദോഹ: വർഷങ്ങളായി വിമാനടിക്കറ്റ് നിരക്ക് വർധനയുടെ പേരിൽ തീ തിന്നുന്ന പ്രവാസികൾക്ക് പ്രതീക്ഷ നൽകി കേരള ഹൈകോടതിയുടെ ഇടപെടൽ. ഖത്തറിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടെ ഒന്നിലേറെ ഹരജികളാണ് ഗൾഫിലേക്കുള്ള അന്യായമായ വിമാന ടിക്കറ്റ് നിരക്ക് വർധന ചോദ്യം ചെയ്ത് കേരള ഹൈകോടതിയിലുള്ളത്. ഈ കേസുകളിലാണ് അടുത്തടുത്ത ദിവസങ്ങളിൽ വ്യത്യസ്ത ബെഞ്ചുകൾ കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനുമെതിരെ വിമർശന മുന്നയിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.
ഗൾഫ് വ്യവസായിയും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ കെ. സൈനുൽ ആബിദീൻ സമർപ്പിച്ച ഹരജിയിൽ നിരക്ക് വർധന നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. അഡ്വ. സജൽ മുഖേന നൽകിയ ഹരജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ, പ്രവാസികൾ നേരിടുന്ന ഗുരുതരമായ യാത്രാപ്രശ്നം സംബന്ധിച്ച ആവശ്യം കേന്ദ്ര സർക്കാറിൽ ഉന്നയിക്കാൻ തയാറാവാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിനെതിരെ വിമർശനമുന്നയിച്ചത്.
ഹരജിയിൽ സംസ്ഥാന സർക്കാറിനെ സ്വമേധയ കക്ഷിചേർത്ത് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നൽകാത്തതും കോടതി ചൂണ്ടിക്കാട്ടി. വിമാന നിരക്ക് വർധന മൂലമുള്ള ബുദ്ധിമുട്ട് കേന്ദ്ര സർക്കാറിന്റെയടക്കം ശ്രദ്ധയിൽപ്പെടുത്താൻ സംസ്ഥാന സർക്കാറിന് കഴിയുമെന്നതിനാലാണ് കേസിൽ കക്ഷിയാക്കിയത്. യാത്രാ നിരക്ക് നിയന്ത്രണ ആവശ്യം സംസ്ഥാന സർക്കാർ അടിയന്തരമായി കേന്ദ്ര സർക്കാറിനുമുന്നിൽ ഉന്നയിക്കണമെന്ന് നിർദേശിച്ച കോടതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കിയിരുന്നു. പത്തു ദിവസത്തിനു ശേഷം ഹരജി വീണ്ടും പരിഗണിക്കും.
ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ്) ഓർഗനൈസിങ് സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, പ്രവാസി കോൺഗ്രസ് ഭാരവാഹി സതീഷ് ചന്ദന, ദുബൈ വ്യവസായി സജി ചെറിയാൻ എന്നിവർ ചേർന്നു നൽകിയ ഹരജിയിൽ കേരള ഹൈകോടതി ചീഫ് ജസ്റ്റിസും രൂക്ഷ വിമർശനം നടത്തി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാറിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടു.
പത്ത് ദിവസത്തിനകം വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. അഡ്വ. അലക്സ് കെ. ജോൺ മുഖേനയാണ് പ്രവാസി പൊതു പ്രവർത്തകർ ഹൈകോടതിയെ സമീപിച്ചത്. നിയന്ത്രണമില്ലാതെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാറിനോട് ആരാഞ്ഞു.
നയപരമായ തീരുമാനമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ മറുപടി നൽകിയെങ്കിലും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഡി വിഷൻ ബെഞ്ച് നിർദേശിച്ചു. വിമാന ടിക്കറ്റ് നിരക്ക് വർധനയുമായി ബദ്ധപ്പെട്ട് മാർഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
വാർഷികാവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ കൊള്ള ചെയ്യുന്ന വിമാനക്കമ്പനികളുടെ നയങ്ങൾക്കെതിരെ വിവിധ പ്രവാസി സംഘടനകൾ വർഷങ്ങളായി പ്രതിഷേധമുയർത്തുന്നുവെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളോ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ ചെവികൊടുക്കാറില്ല.ഏറ്റവും ഒടുവിലാണ് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രവാസി പൊതു പ്രവർത്തകർ ഹൈകോടതിയെ സമീപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.