ഗൾഫ് സിവിൽ ഏവിയേഷൻ അതോറിറ്റി സാധ്യതതേടി ഉന്നതയോഗം
text_fieldsദോഹ: വ്യോമയാന മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനായി ജി.സി.സി രാജ്യങ്ങളുടെ സഹകരണത്തോടെ ഗൾഫ് സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥാപിക്കുന്നത് പ്രധാന ചർച്ച വിഷയമായി 20ാമത് ജി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം സമാപിച്ചു.
പുതിയകാലത്ത് വ്യോമയാന മേഖലയിലെ വിവിധ വെല്ലുവിളികൾ സജീവമാകുമ്പോൾ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അധ്യക്ഷത വഹിച്ച ഖത്തർ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ആക്ടിങ് ചെയർമാൻ മുഹമ്മദ് ബിൻ ഫാലിഹ് അൽ ഹാജിരി വ്യക്തമാക്കി.
വ്യോമ ഗതാഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണത്തിനും സംവിധാനങ്ങൾ ഒരു കുടക്കീഴിലേക്ക് എത്തിക്കുന്നതിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് അൽ ഹാജിരി യോഗത്തിൽ വിശദീകരിച്ചു.
ജി.സി.സി രാജ്യങ്ങൾക്കുള്ളിലെ വ്യോമയാന മേഖലയിലെ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു.ഗൾഫ് രാജ്യങ്ങളിൽ സുസ്ഥിരവും സാമ്പത്തികവുമായ വളർച്ച കൈവരിക്കുന്നതിനുള്ള അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സിവിൽ ഏവിയേഷൻ മേഖലയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അലി അൽ അബ്രി യോഗത്തിൽ വ്യക്തമാക്കി.
ഗൾഫ് സിവിൽ ഏവിയേഷൻ അതോറിറ്റി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത കുവൈത്ത് ഡി.ജി.സി.എ മേധാവി ശൈഖ് ഹമൂദ് മുബാറക്കും വ്യക്തമാക്കി.
ജി.സി.സി രാജ്യങ്ങളിൽ ആവശ്യമായ ഫീസ് അടച്ചിട്ടില്ലാത്ത വിദേശ എയർലൈനുകൾക്കായി കരിമ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ ആവശ്യമുയർന്നു. പ്രാദേശിക രാഷ്ട്രീയ സംഭവവികാസങ്ങളും സംഘർഷങ്ങളും വ്യോമയാന മേഖലക്ക് വലിയ വെല്ലുവിളികൾ ഉയർത്തുന്നതായും യോഗം ചൂണ്ടിക്കാട്ടി.
സിറിയയിലെ ഇറാൻ കോൺസുലേറ്റിലേക്കുള്ള ഇസ്രായേൽ ആക്രമണവും, ഇറാന്റെ ഇസ്രായേലിനെതിരായ ഡ്രോൺ, മിസൈൽ ആക്രമണവും സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ വിവിധ സർവിസുകൾ തടസ്സപ്പെട്ടത് യോഗം ചൂണ്ടിക്കാട്ടി. ഇറാനിലെ തെഹ്റാൻ, മഷ്ഹദ്, ഷിറാസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ ഖത്തർ എയർവേസ് ഇടക്കാലത്ത് നിർത്തിയിരുന്നു.
ഗൾഫ് വ്യോയമാന സുരക്ഷ ഏറെ മുൻഗണന നൽകേണ്ട വിഷയമാണെന്നും ഖത്തറിനെ പ്രതിനിധീകരിച്ച് അൽ ഹാജിരി അഭിപ്രായപ്പെട്ടു. മേഖലയിലെ വിമാനത്താവളങ്ങളിലെത്തുന്ന വിദേശ വിമാനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിന് സഹായിക്കുന്ന ഏകീകൃത നടപടികളെക്കുറിച്ചും യോഗത്തിൽ ചർച്ചാവിഷയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.