ഗൾഫ് പ്രതിസന്ധി: റിയാദ് ജി.സി.സി സമ്മേളനത്തിൽ പ്രതീക്ഷ
text_fieldsദോഹ: കളിക്കളത്തിൽ തുടങ്ങിയ ആ കൂടിച്ചേരലിന് തുടർച്ചയുണ്ടാകുമോ? മൂന്നാം വർഷത്തേക്ക് കടക്കുന്ന ഖത്തർ ഉപരോധവും അതിനെ തുടർന്നുണ്ടായ ഗൾഫ് പ്രതിസന്ധിയും തീരുമോ? എല്ലാ കണ്ണുകളും ഡിസംബർ പത്തിന് സൗദി തലസ്ഥാനമായ റിയാദിൽ നടക്കാനിരിക്കുന്ന ജി.സി.സി സമ്മേളനത്തിലേക്കാണ്. ഖത്തറിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിലേക്ക് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ ദേശീയ ടീമുകളെ അയച്ചതു മുതൽ തുടങ്ങിയ ശുഭസൂചനകൾ ഗൾഫ് പ്രതിസന്ധി പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തൽ.
ഖത്തർ ഉപരോധത്തിെൻറ തുടക്കം മുതൽതന്നെ മധ്യസ്ഥ ശ്രമങ്ങൾ തുടർന്നുവരുന്ന കുവൈത്ത് അധികൃതരിൽനിന്ന് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ജി.സി.സി ഉച്ചകോടിയിൽ പെങ്കടുക്കാൻ സൗദിയിലെ സൽമാൻ രാജാവിെൻറ കത്ത് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ശുഭ സൂചനകൾ വൈകാതെയുണ്ടാവുമെന്ന് കുവൈത്ത് ഉപവിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് അൽ ജാറുല്ല കഴിഞ്ഞദിവസം പറഞ്ഞു. ഗൾഫ് കപ്പ് ടൂർണമെൻറിൽ അയൽരാജ്യങ്ങൾ ടീമുകളെ അയച്ചത് ശുഭസൂചകമാണ്.
കൂടുതൽ വ്യക്തമായ സൂചനകൾ വരും ദിവസങ്ങളിലുണ്ടാവുമെന്നാണ് പ്രതീക്ഷ. റിയാദ് ജി.സി.സി ഉച്ചകോടി ഇൗ ദിശയിൽ നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിൽ നടന്ന രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിലും യോഗ്യതാമത്സരങ്ങളിലും അയൽരാജ്യങ്ങൾ നിലവിൽ തന്നെ പങ്കെടുത്തുവരുന്നുണ്ട്. അന്താരാഷ്ട്ര നയതന്ത്രനിയമങ്ങളുടെയും കായിക നയങ്ങളുടെയും ഭാഗമായാണിത്. എന്നാൽ, ഗൾഫ്കപ്പ് പോലുള്ള മേഖലാതല ടൂർണമെൻറിൽ ഇവർ പങ്കെടുക്കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകൾ. എന്നാൽ, ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷെൻറ ക്ഷണപ്രകാരം തങ്ങളുടെ ദേശീയ ടീമുകൾ പങ്കെടുക്കുമെന്ന് ഈ രാജ്യങ്ങളുടെ ഫുട്ബാൾ ഫെഡറേഷനുകൾ പിന്നീട് അറിയിക്കുകയായിരുന്നു.
ഖത്തറിലെത്തിയ മൂന്നു ടീമുകൾക്കും ഊഷ്മള സ്വീകരണം ഖത്തർ അധികൃതർ നൽകുകയും ചെയ്തു. 2017 ജൂണിലാണ് അയൽരാജ്യങ്ങൾ ഖത്തറിനെതിരെ കര, വായു, കടല്‍ ഉപരോധം തുടങ്ങിയത്.ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനും ജി.സി.സിയുടെ ഐക്യം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ നിന്നും തങ്ങൾ പിറകോട്ട് പോയിട്ടില്ലെന്നും പ്രതിസന്ധി പരിഹാര ശ്രമങ്ങൾ തുടരുന്നുണ്ടെന്നും കുവൈത്ത് വിദേശകാര്യ സഹമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് അടുത്തിടെ പറഞ്ഞിരുന്നു.
അമീറിന് സൗദി രാജാവിെൻറ ക്ഷണം
ദോഹ: ഡിസംബർ പത്തിന് സൗദിയുടെ തലസ്ഥാനമായ റിയാദിൽ നടക്കുന്ന നാൽപതാമത് ജി.സി.സി സമ്മിറ്റിൽ പങ്കെടുക്കാൻ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിക്ക് ക്ഷണം. ഈ മാസം 10ന് റിയാദില്‍ നടക്കുന്ന സുപ്രീം കൗണ്‍സിലില്‍ പങ്കെടുക്കാനാണ് സൗദി രാജാവ് ഖത്തര്‍ അമീറിനെ നേരിട്ട് ക്ഷണിച്ചത്.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി കൂടിക്കാഴ്ച നടത്തിയ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനിയാണ് അമീറിനുള്ള ക്ഷണപത്രം സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.