ഗൾഫ്പ്രതിസന്ധി പരിഹാരം: അന്തിമതീരുമാനം ജി.സി.സി ഉച്ചകോടിയിലെന്നു സൂചന
text_fieldsദോഹ: മൂന്നുവർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്തുനടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിയിൽ ഉണ്ടായേക്കും. ഈ മാസം ബഹ്റൈനിലാണ് 41ാം ജി.സി.സി ഉച്ചകോടി നടക്കുകയെന്നറിയുന്നു. ഖത്തറും സൗദിയും തമ്മിലാണ് പ്രതിസന്ധി പരിഹാര കരാർ തയാറായിരിക്കുന്നത്. തുടക്കംമുതൽതന്നെ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെൻറ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് ഫലപ്രാപ്തിയിലേക്ക് വരുന്നത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ജി.സി.സി രാജ്യങ്ങളിലെ സന്ദർശനത്തോടെയാണ് നടപടികൾ ത്വരിതഗതിയിലായത്.
അതിനിടെ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അൽ സബാഹുമായി ടെലിഫോണിൽ ചർച്ച നടത്തി. ഗൾഫ് ഐക്യത്തിനായുള്ള കുവൈത്തിെൻറ നിരന്തരശ്രമങ്ങൾക്ക് ഖത്തർ അമീർ നന്ദി അറിയിച്ചു. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും സമകാലിക സംഭവികാസങ്ങളും ഇരുവരും ചർച്ച ചെയ്തിട്ടുണ്ട്.
ഉപരോധം ഉടൻ പരിഹരിക്കപ്പെടുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിമും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ കരവ്യോമകടൽ ഉപരോധം തുടങ്ങിയത്. സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക് പറക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിഹാരകരാറെന്നാണ് സൂചനകൾ. സൗദി, ഒമാൻ, ഖത്തർ രാജ്യങ്ങൾ പരിഹാരനടപടികൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ബഹ്ൈറൻ, ഈജിപ്ത്, യു.എ.ഇ രാജ്യങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖത്തർ, സൗദി, യു.എ.ഇ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ അല്ലെങ്കിൽ ഖത്തർ, സൗദി രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ ആണ് പ്രതിസന്ധി പരിഹാരത്തിനായി നടക്കുന്നതെന്നാണ് തുടക്കം മുതൽ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2017 ജൂൺ അഞ്ചിന് പുലർച്ചെയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇൗജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങൾ അംഗീകരിക്കുക എന്നതായിരുന്നു ഉപരോധം അവസാനിപ്പിക്കാനുള്ള നിബന്ധനകളായി ഉപരോധ രാജ്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ, ഉപാധികളില്ലാത്ത, രാജ്യത്തിെൻറ പരമാധികാരം മാനിക്കുന്ന ഏത് തരം ചർച്ചകൾക്കും ഒരുക്കമാണെന്നാണ് ഖത്തറിെൻറ തുടക്കം മുതലുള്ള നിലപാട്. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെൻറ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. ഉപരോധവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു പ്രതികരണം ഇതാദ്യമായാണ് സൗദിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
കരാർ ചരിത്രപരമായ നേട്ടമാണെന്ന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അൽസബാഹും അറിയിച്ചു. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയാണ് പുതിയ തീരുമാനമെന്നും തുടക്കം മുതൽ പ്രതിസന്ധി പരിഹാരത്തിന് കുവൈത്ത് നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിഹാരശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുകയാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസർ അൽ സബാഹും ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും പറഞ്ഞിരുന്നു. നിർണായകമായ ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് ഖത്തർ വിദേശകാര്യസഹമന്ത്രിയും മന്ത്രാലയം വക്താവുമായ ലുൽവ അൽഖാതിറും അറിയിച്ചിട്ടുണ്ട്.
പരിഹാരനടപടികൾ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയും കഴിഞ്ഞ ദിവസം സ്വാഗതം ചെയ് തിട്ടുണ്ട്. അതേസമയം, അധികാരമൊഴിയുന്നതിന് മുമ്പു തന്നെ അന്തിമതീരുമാനത്തിലെത്തി തങ്ങളുടെയും ഇസ്രായേലിെൻറയും ഇറാൻ വിരുദ്ധനിലപാടുകൾക്ക് കൂടുതൽ അനുകൂല സാഹചര്യങ്ങൾ ഒരുക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ചില ഗൾഫ്രാജ്യങ്ങൾ ഈയടുത്ത് ഇസ്രായേലുമായുള്ള നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.