ഗൾഫ് പ്രതിസന്ധി പരിഹാരം: സൂചന നൽകി കുവൈത്തും ഖത്തറും
text_fieldsദോഹ: ഖത്തർ ഉപരോധത്തെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ പ്രതീക്ഷയേറുന്നു. യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നറിെൻറ ജി.സി.സി രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് കാര്യങ്ങളിൽ പുരോഗതിയുണ്ടായിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ ചർച്ചകളും ശ്രമങ്ങളും പുരോഗമിക്കുന്നതായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസർ അൽ സബാഹ് പറഞ്ഞു. കുവൈത്ത് ടെലിവിഷനിലാണ് അദ്ദേഹത്തിെൻറ പ്രസ്താവന വന്നത്.
ജാരദ് കുഷ്നറിെൻറ സന്ദർശനത്തിനും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അദ്ദേഹത്തിെൻറ ശ്രമത്തിനും നന്ദി അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് കുവൈത്ത് വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് ഫലപ്രദമായ ചർച്ചകളാണ് നടക്കുന്നത്. അന്തിമപരിഹാര കരാറിനുള്ള സന്നദ്ധത എല്ലാ വിഭാഗവും കാണിക്കുന്നുണ്ട്. കുവൈത്ത് പ്രസ്താവനയെ ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി സ്വാഗതം ചെയ്തിട്ടുമുണ്ട്. ഉപരോധത്തിെൻറ തുടക്കം മുതൽ പരിഹാരശ്രമങ്ങൾക്കായി പ്രയത്നിക്കുന്ന കുവൈത്തിെൻറ മധ്യസ്ഥതക്കും യു.എസിെൻറ യത്നത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
ഗൾഫിലെ ജനങ്ങളുെടയും മേഖലയുടെയും സുരക്ഷിതത്വവും താൽപര്യങ്ങൾക്കുമാണ് തങ്ങൾ മുഖ്യപരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും കഴിഞ്ഞദിവസം പറഞ്ഞു. എന്നാൽ പെട്ടെന്ന് തന്നെ പരിഹാരം ഉണ്ടാകുമെന്നോ കാര്യങ്ങൾ പൂർണമായി പരിഹരിക്കപ്പെടുമെന്നോ പ്രവചിക്കാനാകില്ല. 2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്ൈറൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. യു.എസും കുവൈത്തും പ്രശ്നം അവസാനിപ്പിക്കാൻ സജീവമായി ഇടപെടുന്നുണ്ട്.
ജാരദ് കുഷ്നറുടെ ഖത്തർ സന്ദർശനത്തിന് ശേഷം 'മെഡിറ്ററേനിയൻ ഡയലോഗ്സ്' എന്ന വിഷയത്തിൽ നടന്ന ഇറ്റാലിയൻ നയതന്ത്ര ഓൺലൈൻ സമ്മേളനത്തിലാണ് ഖത്തർ വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിലവിൽ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള നല്ല ചില മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്. മേഖലയുടെ സുരക്ഷക്ക് ഗൾഫിെൻറ ഐക്യം പരമപ്രധാനമാണ്. പരസ്പര ബഹുമാനത്തോടെ തന്നെ അപ്രസക്തമായ ഈ പ്രതിസന്ധി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കക്ഷികൾ തമ്മിലുള്ള പരിഹാര കരാർ ആണോ ഉണ്ടാവുക എന്ന ചോദ്യത്തിന് സമഗ്രമായ പരസ്പര ബഹുമാനത്തോടെയുള്ള പരിഹാരമാണ് വേണ്ടതെന്നായിരുന്നു മറുപടി.
ഒരു രാജ്യവും മറ്റൊന്നിനുമേൽ ഏതെങ്കിലും ആവശ്യം അടിച്ചേൽപ്പിക്കുന്ന തരത്തിലല്ല ഉള്ളത്. ഖത്തറിൽനിന്നോ മറ്റേതെങ്കിലും രാജ്യത്ത് നിേന്നാ ഇത്തരം നീക്കം പാടില്ല. ഓരോ രാജ്യവും അവരവരുടെ വിദേശനയം തീരുമാനിക്കണം. മുന്കൂര് വ്യവസ്ഥകളോ ഉപാധികളോ െവച്ചല്ലാത്ത ചർച്ചകൾക്ക് ഖത്തർ തയാറാണെന്ന് വിദേശകാര്യമന്ത്രി ആവർത്തിച്ചു. അതേസമയം, ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൗദിയും ധാരണയാവുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.
സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക് പറക്കാനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവിൽ ചർച്ചകൾ പ്രധാനമായും നടന്നതെന്ന് യു.എസ് അധികൃതരെ ഉദ്ധരിച്ച് 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ പരിഗണിക്കുന്ന പരിഹാര കരാറിൽ യു.എ.ഇ, ബഹ്ൈറൻ, ഈജിപ്ത് രാജ്യങ്ങൾ ഉൾപ്പെട്ടിട്ടില്ല.
മൂന്നു വർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ്പ്രതിസന്ധിയും അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക ധാരണകൾക്കടുത്ത് ഇരു രാജ്യങ്ങളും എത്തിയതായി 'അൽജസീറ'യും റിപ്പോർട്ട് ചെയ്തു. ട്രംപ് പ്രസിഡൻറ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് തന്നെ പ്രശ്നപരിഹാരം ഉണ്ടാവണമെന്നതിെൻറ അടിസ്ഥാനത്തിലാണ് യു.എസ് ഇപ്പോൾ നീക്കങ്ങൾ സജീവമാക്കിയിരിക്കുന്നത്. ജാരദ് കുഷ്നർ ബുധനാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
റിയാദിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും കുഷ്നർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ കര-വ്യോമ-കടൽ ഉപരോധം തുടങ്ങിയത്. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള സൂചന സൗദി അറേബ്യയും കഴിഞ്ഞയാഴ്ച നൽകിയിരുന്നു. അയൽരാജ്യമായ ഖത്തറുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അന്ന് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.