ദോഹ ഒരുങ്ങി; നാളെയാണ് ആവേശക്കുതിപ്പ്
text_fieldsദോഹ: ആവേശപ്പോരാട്ടങ്ങളിലേക്ക് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ദോഹക്ക് മാരത്തൺ ലഹരിയായി ‘ഗൾഫ് മാധ്യമം’ ഖത്തർ റൺ. വെള്ളിയാഴ്ച രാവിലെ അൽബിദ പാർക്കിൽ ആരംഭിക്കുന്ന ഖത്തർ റണ്ണിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതിന് പിന്നാലെ മത്സരാർഥികൾക്കുള്ള ബിബ് നമ്പറും ജഴ്സിയും ഉൾപ്പെടെ കിറ്റ് വിതരണം ആരംഭിച്ചു. ഗൾഫ് സിനിമ സിഗ്നലിന് സമീപം ഗൾഫ് മാധ്യമം ഓഫിസിൽ ബുധനാഴ്ച രാവിലെ റേസ് കിറ്റ് വിതരണം ആരംഭിച്ചു. ഖത്തർ റൺ മുഖ്യപ്രായോജകരായ നസീം മെഡിക്കൽ സെന്റർ കോർപറേറ്റ് റിലേഷൻസ് ആൻഡ് മാർക്കറ്റിങ് മാനേജർ സന്ദീപ് ജി. നായർ വിതരണോദ്ഘാടനം നിർവഹിച്ചു. ഖത്തർ റണ്ണിൽ പങ്കെടുക്കുന്ന ഫ്രഞ്ച് കുടുംബത്തിന് ജഴ്സിയും ബിബ് നമ്പറും കിറ്റും കൈമാറിയായിരുന്നു ഉദ്ഘാടനം. ഗൾഫ് മാധ്യമം റീജനൽ മാനേജർ ടി.എസ്. സാജിദ് പങ്കെടുത്തു. ബുധനാഴ്ച രാത്രി വരെ തുടർന്ന മാച്ച് കിറ്റ് വിതരണം വ്യാഴാഴ്ചയും തുടരും. വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ അൽ ബിദ പാർക്കിലാണ് മത്സരം നടക്കുന്നത്. ആഭ്യന്തര മന്ത്രാലയം ഓഫിസിന് മുന്നിലായി അൽബിദ പാർക്കിലെ ഗ്രീൻ ടണലിനരികിലാണ് മത്സരങ്ങളുടെ സ്റ്റാർട്ടിങ് പോയന്റ്. രജിസ്റ്റർ ചെയ്ത മത്സരാർഥികൾ ഒരു മണിക്കൂർ നേരത്തെ എത്തി തയാറെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. 10 കി.മീ, 5 കി.മീ 3 കി.മീ വിഭാഗങ്ങളിൽ ഓപൺ, മാസ്റ്റേഴ്സ്, ജൂനിയർ വിഭാഗങ്ങളിലും കുട്ടികൾക്കുള്ള മിനി കിഡ്സിൽ 800 മീറ്റർ മത്സരങ്ങളും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.