ആയിരങ്ങൾ ഇന്ന് ട്രാക്കിൽ
text_fieldsദോഹ: വ്യത്യസ്ത ദേശക്കാരും പലഭാഷകൾ സംസാരിക്കുന്നവരുമായ ആയിരത്തിലേറെ ഓട്ടക്കാർ... കുട്ടികളും യുവാക്കളും സ്ത്രീകളും മുതൽ മുതിർന്നവർ വരെ ഒരേ സ്റ്റാർട്ടിങ് പോയൻറിൽ ഒരു ലക്ഷ്യത്തിലേക്കായി കുതിക്കുന്ന ‘ഗൾഫ് മാധ്യമം-ഖത്തർ റൺ’ അഞ്ചാം സീസൺ പോരാട്ടം ഇന്ന്. വെള്ളിയാഴ്ച രാവിലെ ആറ് മുതൽ ദോഹ എക്സ്പോ വേദിയായ അൽ ബിദ പാർക്ക് ‘ഖത്തർ റൺ’ ഓട്ടക്കാരാൽ സജീവമാകും. ഖത്തർ ദേശീയ ദിനത്തിെൻറ ഭാഗമായി ദോഹ എക്സ്പോയുമായി ചേർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഖത്തർ റണ്ണിൽ 60ഓളം രാജ്യങ്ങളിൽ നിന്ന് ആയിരത്തോളം ഓട്ടക്കാരാണ് മാറ്റുരക്കുന്നത്. ആറുമണിക്ക് വാം അപ്പ് സെഷനോടെ അൽ ബിദ പാർക്കിലെ ട്രാക്ക് സജീവമാകും. നസീം മെഡിക്കൽ സെൻററാണ് മത്സരത്തിെൻറ മുഖ്യ പ്രായോജകർ. ഏഴ് മണിക്ക് മത്സരങ്ങൾക്ക് തുടക്കം കുറിക്കും. 2020ൽ തുടങ്ങി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഖത്തറിലെ വിവിധ രാജ്യക്കാരായ കായിക പ്രേമികളുടെ പട്ടികയിൽ ഇടംപിടിച്ചു കഴിഞ്ഞ ഖത്തർ റൺ അഞ്ചാം പതിപ്പിന് ആവേശത്തോടെയാണ് താരങ്ങൾ കാത്തിരിക്കുന്നത്. മത്സരത്തിെൻറ തയാറെടുപ്പുകളെല്ലാം പൂർത്തിയായി. രജിസ്ട്രേഷൻ നേരത്തേ തന്നെ അവസാനിപ്പിച്ചിരുന്നു. ജഴ്സി, ഇലക്ട്രോണിക് ബിബ് ഉൾപ്പെടെ കിറ്റ് വിതരണവും പൂർത്തിയായി. ഇനി കുതിച്ചുപായാനുള്ള വിസിൽ മുഴങ്ങേണ്ട താമസം മാത്രം. ഇലക്ട്രോണിക് ബിബ് ഉപയോഗിച്ചാണ് മത്സരം നടക്കുന്നത്.
-പല ദൂരങ്ങൾ 20 കാറ്റഗറികൾ
10 കി.മീറ്റർ, 5 കി.മീറ്റർ, മൂന്ന് കി.മീറ്റർ, കുട്ടികൾക്കുള്ള 800 മീറ്റർ എന്നിവയിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. മുൻ സീസണുകളേക്കാൾ രാജ്യക്കാരുടെയും അത്ലറ്റുകളുടെ പങ്കാളിത്തം ഇത്തവണ ശ്രദ്ധേയമാണ്. നാല് ദൂര വിഭാഗങ്ങളിലായി പുരുഷ-വനിതകൾക്കായി 20 കാറ്റഗറികളിലായാണ് മത്സരം. എല്ലാ വിഭാഗത്തിലെയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നുണ്ട്. ഇതിനു പുറമെ, പങ്കെടുത്ത് മത്സരം പൂർത്തിയാക്കുന്ന എല്ലാ അത്ലറ്റുകൾക്കും ‘ഖത്തർ റൺ’ മെഡലും സമ്മാനിക്കും. മത്സരത്തിെൻറ ഒന്നര, രണ്ടര കിലോമീറ്റർ ഇടവേളയിൽ വാട്ടർ സ്റ്റേഷൻ, മെഡിക്കൽ സപ്പോർട്ട് എന്നിവയും സജ്ജമാണ്.
17 മുതൽ 39 വയസ്സുവരെയുള്ളവർക്ക് ഓപൺ വിഭാഗത്തിലാണ് മത്സരം. മൂന്ന് ദൂരങ്ങളിലും ഈ വിഭാഗക്കാർക്ക് മത്സരിക്കാം. 40ന് മുകളിൽ പ്രായമുള്ളവരാണ് മാസ്റ്റേഴ്സ് വിഭാഗത്തിൽ മത്സരിക്കുന്നത്. ഏഴ് മുതൽ ഒമ്പത് വയസ്സുവരെയുള്ളവർ പ്രൈമറി വിഭാഗത്തിലും, 10 മുതൽ 12 വരെയുള്ളവർ സെക്കൻഡറി വിഭാഗത്തിലും, 13 മുതൽ 16 വരെയുള്ളവർ ജൂനിയർ വിഭാഗത്തിലുമായി മാറ്റുരക്കും. മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ളവരാണ് 800മീറ്റർ മിനി കിഡ്സ് വിഭാഗത്തിൽ മാറ്റുരക്കുന്നത്. പങ്കെടുക്കുന്നവരിൽ ഏറ്റവും കൂടുതൽ ഖത്തരി പൗരന്മാരാണ്. ഇവർക്ക് പുറമെ ബ്രിട്ടൻ, ഫിലിപ്പീൻസ്, ഈജിപ്ത്, തുടങ്ങി വിവിധ രാജ്യക്കാരുടെയും പങ്കാളിത്തവും സജീവം. അയർലൻഡ്, ബൾഗേറിയ, ഫ്രാൻസ്, യുക്രെയ്ൻ, റഷ്യ, ലിബിയ, ഇറ്റലി, കാനഡ, ജപ്പാൻ, പോർചുഗൽ, ശ്രീലങ്ക, പാകിസ്താൻ, ന്യൂസിലൻഡ്, യു.എ.ഇ, ബെൽജിയം, ചൈന, സ്വീഡൻ, ജർമനി, ലിമിയ, സിറിയ, ജോർഡൻ, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ഖത്തർ റൺ.
ഏഴ് മണിക്ക് തുടക്കം; അൽ ബിദ വേദി
രാവിലെ ഏഴിന് 10 കി.മീ, അഞ്ച് കി.മീ പുരുഷ-വനിത മത്സരങ്ങൾക്ക് തുടക്കമാകും. 7.05ന് മൂന്ന് കി.മീ മത്സരങ്ങളും തൊട്ടു പിന്നാലെ ജൂനിയേഴ്സ് മത്സരങ്ങളും തുടങ്ങും. കുട്ടികളുടെ മിനി കിഡ്സ് റണ്ണുകൾ 8.10ന് തുടങ്ങും. അൽ ബിദ പാർക്കിൽ ആഭ്യന്തരമന്ത്രാലയം ഓഫിസിന് എതിർ വശത്തായി ഗ്രീൻ ടണലിന് അരികിലായാണ് സ്റ്റാർട്ടിങ് പോയൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.