ഗൾഫ് മാധ്യമം ‘രജത മുദ്ര’ വായനക്കാരിലേക്ക്
text_fieldsദോഹ: ഗൾഫ് മാധ്യമം സിൽവർ ജൂബിലി പ്രത്യേക പതിപ്പായ ‘രജത മുദ്ര’ ശനിയാഴ്ച ദോഹയിൽ പ്രകാശനം ചെയ്യും. റാഫ്ൾസ് ഫെയർമോണ്ട് ദോഹ ഹോട്ടലിൽ നടക്കുന്ന ‘ബോസസ് ഡേ ഔട്ട്’ പരിപാടിയിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാണ് ഗൾഫ് മാധ്യമം ‘രജത മുദ്ര’ പ്രകാശനം നിർവഹിക്കുന്നത്.
1999 ഏപ്രിൽ 16ന് ബഹ്റൈനിൽ പ്രസിദ്ധീകരണം ആരംഭിച്ച്, ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മുഖപത്രമായി മാറിയ ഗൾഫ് മാധ്യമം ഇന്ന് എല്ലാ ജി.സി.സി രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ ദിനപത്രം കൂടിയാണ്. 2002 ജൂലൈയിൽ യു.എ.ഇയിലും 2003 മാർച്ച് 16ന് ഖത്തറിലും പിന്നീട് കുവൈത്ത് (2006), സൗദി അറേബ്യ (ജിദ്ദ 2006, റിയാദ് 2007, ദമാം 2008), ഒമാൻ (2010) എന്നിവിടങ്ങളിലായി പ്രസിദ്ധീകരണം ആരംഭിച്ച് 25 വർഷം പിന്നിടുന്ന ഗൾഫ് മാധ്യമത്തിന്റെ ചരിത്രയാത്രയുടെ അടയാളപ്പെടുത്തലായാണ് ‘രജത മുദ്ര’ വായനാ ലോകത്തിനായി സമർപ്പിക്കുന്നത്.
കേരളത്തിൽ അച്ചടിച്ച്, വിമാനം കയറി രണ്ടും മൂന്നും ദിവസത്തിനുശേഷം പ്രവാസികളുടെ കൈയിലെത്തുന്ന മലയാള പത്രവായനാ സംസ്കാരത്തിൽനിന്ന് ഗൾഫ് പത്രലോകത്ത് വിപ്ലവം രചിച്ചുകൊണ്ടായിരുന്നു ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിന്റെ നേതൃത്വത്തിൽ ഗൾഫ് മാധ്യമത്തിന്റെ ജൈത്രയാത്രക്ക് തുടക്കം കുറിക്കുന്നത്. പ്രവാസികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ‘ഗൾഫ് മാധ്യമം’ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇതര ഗൾഫ് രാജ്യങ്ങളിലും സജീവമായി.
കാൽനൂറ്റാണ്ട് പിന്നിടുന്ന പ്രവാസ മാധ്യമപ്രവർത്തനത്തിന്റെ ചരിത്രവും വെല്ലുവിളി നിറഞ്ഞ യാത്രയും വർത്തമാനവും ഭാവിയുമെല്ലാം ചർച്ച ചെയ്യപ്പെടുന്നതാണ് പ്രത്യേക പതിപ്പ്. ഗൾഫ് മാധ്യമം നായകർ, മുൻകാല ലേഖകർ, പ്രവാസലോകത്തെ മാധ്യമ പ്രവർത്തകർ എന്നിവരും ഖത്തറും മലയാളി പ്രവാസവുമെല്ലാം ‘രജത മുദ്രയിൽ’ രേഖപ്പെടുത്തുന്നു. ഒപ്പം, ഗൾഫ് മണ്ണിൽ വിജയം വരിച്ച പ്രവാസി ബിസിനസ് സംരംഭകരുടെ ജീവിതയാത്രയും മനോഹരമായി അടയാളപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.