ആകാശത്തൊരു കൊട്ടാരം; രാജാവായി ‘ഗൾഫ് സ്ട്രീം ജി700’
text_fieldsദോഹ: ഖത്തർ എയർവേസ് നിരയിലേക്ക് ആകാശക്കൊട്ടാരമായി പുതുപുത്തൻ ജി700 ഗൾഫ് സ്ട്രീം വിമാനവും പറന്നിറങ്ങി. ഖത്തർ എയർവേസിനു കീഴിലുള്ള ഖത്തർ എക്സിക്യൂട്ടിവിന്റെ ഏറ്റവും മികച്ച പ്രീമിയം ബിസിനസ് ജെറ്റായാണ് ഗൾഫ് സട്രീം എത്തിയത്. ഗ്രൂപ്പിന്റെ ചാർട്ടർ, ബിസിനസ് ജെറ്റ് സർവിസായ എക്സിക്യൂട്ടിവിന്റെ ഏറ്റവും ആഡംബര വിമാനം കൂടിയാണ് ഇത്. നേരത്തേ ബുക്ക് ചെയ്ത ഗൾഫ് സ്ട്രീം ജി 700 വിമാനങ്ങളിൽ ആദ്യ രണ്ട് എയർ ക്രാഫ്റ്റുകളാണ് കഴിഞ്ഞദിവസം ഹമദ് വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്. ശ്രേണിയിലേക്കുള്ള രണ്ട് വിമാനങ്ങൾ കൂടി ആഴ്ചകൾക്കുള്ളിൽ ഖത്തർ എക്സിക്യൂട്ടിവിന്റെ ഭാഗമാകും. ശേഷിക്കുന്നവ സമീപ ഭാവിയിൽതന്നെ കൈമാറാനാണ് കരാർ. ജൂൺ മാസത്തോടെ ഗൾഫ് സ്ട്രീം ജി700 വിമാനങ്ങളുടെ വാണിജ്യ, ബിസിനസ് സർവിസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആഡംബരത്തിലും ആധുനിക സാങ്കേതിക വിദ്യകളിലും എയർക്രാഫ്റ്റിന്റെ മികവിലും ഏറ്റവും മികച്ചുനിൽക്കുന്നതാണ് ഗൾഫ് സ്ട്രീം. വേഗത്തിലും വിദൂരതയിലും സഞ്ചരിക്കാൻ ശേഷിയുള്ള വിമാനം എന്ന പ്രത്യേകതയും അൾട്രാ ലോങ് റേഞ്ച് ബിസിനസ് ജെറ്റായ ഗൾഫ് സ്ട്രീമിനുണ്ട്. സ്വകാര്യ വിമാനയാത്രയുടെ ഭാവിയെത്തന്നെ മാറ്റിമറിക്കുന്ന ഒന്നായാണ് വ്യോമമേഖലയിലുള്ളവർ ഗൾഫ് സ്ട്രീം രൂപകൽപനയെ വിശേഷിപ്പിക്കുന്നത്. ഡിസൈൻ, സാങ്കേതികവിദ്യ, ആഡംബരസൗകര്യങ്ങൾ എന്നിവ ഗംഭീരമായ യാത്രാനുഭവം പകരുന്നു.
വിശാലമായ പാസഞ്ചർ കാബിനാണ് പ്രധാന സവിശേഷത. കിടക്ക, വിശ്രമ സൗകര്യം ഉൾപ്പെടെ നാല് ലിവിങ് ഏരിയകളുമുണ്ട്. ശുദ്ധമായ വായുസഞ്ചാരവും വെളിച്ചത്തിന്റെ ക്രമീകരണവുമായി ദീർഘയാത്രകളിൽ യാത്രക്കാരന് മറ്റേതൊരു വിമാനയാത്രയിലും ലഭിക്കാത്ത ഉന്മേഷവും ഫ്രഷ്നസും നൽകുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.
ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ നിരയിലേക്കുള്ള അഭിമാനകരമായ എയർക്രാഫ്റ്റായി അവതരിപ്പിക്കപ്പെടുന്ന ജി700 മേയ് 28 മുതൽ 30വരെ ജനീവയിൽ നടക്കുന്ന യൂറോപ്യൻ ബിസിനസ് ഏവിയേഷൻ കൺവെൻഷൻ എക്സിബിഷനിൽ പ്രദർശിപ്പിക്കും. അഭിമാനത്തോടെ ഗൾഫ് സ്ട്രീമിനെ ഖത്തർ എയർവേസ് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. സർവിസിലുള്ള 15ഓളം ജി650ഇ.ആർ വിമാനങ്ങൾക്കൊപ്പം കൂടുതൽ മികവോടെയെത്തുന്ന ജി700 എയർക്രാഫ്റ്റിനെ അനുഭവിക്കാൻ ഞങ്ങളുടെ അതിഥികളെ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.