ഹജ്ജ്; തീർഥാടകർ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് പി.എച്ച്.സി.സി
text_fieldsദോഹ: വിശുദ്ധ ഹജ്ജ് കർമത്തിനുള്ള ഒരുക്കങ്ങൾ സജീവമാകവെ, ഖത്തറിൽ നിന്നും പുറപ്പെടാനൊരുങ്ങുന്ന തീർഥാടകർ ആരോഗ്യ മുൻകരുതൽ എടുത്ത് ഒരുങ്ങണമെന്ന് നിർദേശവുമായി പി.എച്ച്.സി.സി. തീർഥാടകർക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ പി.എച്ച്.സി.സിയിൽ ലഭ്യമാണെന്നും ഹജ്ജ് യാത്രികർ ആരോഗ്യമുള്ളവരായിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഹജ്ജ് വേളയിൽ പകർച്ചവ്യാധികളുടെ സാധ്യത വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് തീർഥാടകർ യാത്ര പുറപ്പെടും മുമ്പായി പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും ആരോഗ്യപരമായ വെല്ലുവിളികളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും പി.എച്ച്.സി.സി നിർദേശിച്ചു.
വ്യായാമങ്ങളിലൂടെയും പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങളിലൂടെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യവും മെനിഞ്ചൈറ്റിസ്, കോവിഡ് എന്നിവക്കെതിരായ നിർണായക പ്രതിരോധ വാക്സിനുകൾ സ്വീകരിക്കുന്നത് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും മദീന ഖലീഫ ഹെൽത്ത് സെന്റർ ഫാമിലി ഫിസിഷ്യൻ ഡോ. മായ് അൽ സമ്മാക് ഊന്നിപ്പറഞ്ഞു.
സീസണൽ ഇൻഫ്ളുവൻസ, ന്യൂമോണിയ, ടെറ്റനസ് എന്നിവക്കെതിരായ വാക്സിനുകൾ ഹജ്ജ് യാത്രക്ക് മുമ്പായി സ്വീകരിക്കുന്നത് നല്ലതാണെന്നും, പ്രായമായവർ തീർഥാടനത്തിന് മുമ്പായി ഡോക്ടറെ കണ്ട് തങ്ങളുടെ ആരോഗ്യവും ശാരീരിക സാഹചര്യങ്ങളും പരിശോധിക്കണമെന്നും ഡോ. അൽ സമ്മാക് വ്യക്തമാക്കി.
ഗർഭിണികളായവർ ഹജ്ജിന് പോകുന്നുണ്ടെങ്കിൽ ശാരീരിക പ്രയാസങ്ങൾ സഹിക്കാനുള്ള ശേഷി ഉണ്ടാകുമോ എന്ന് ഡോക്ടറെ കണ്ട് ഉറപ്പാക്കേണ്ടതാണെന്നും അവർ നിർദേശിച്ചു. തീർഥാടനവേളയിൽ വ്യക്തിഗത ശുചിത്വം കർശനമായി പാലിക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.