ഹജ്ജ് ഇല്ലാതെ ഖത്തരികൾ
text_fieldsദോഹ: തങ്ങളുടെ പൗരന്മാർക്ക് ഇത്തവണയും ഹജ്ജ് നിർവഹിക്കാൻ സാധിക്കുകയില്ലെന്ന് ഖത്തർ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഈ വർഷവും സൗദിയിലേക്ക് ഹജ്ജ് കർമ്മങ്ങൾക്കായി പോകുന്നതിന് ഖത്തരി തീർഥാടകർക്ക് സാധ്യമാകുകയില്ലെന്ന് സർക്കാർ വക്താവ് എ എഫ് പി ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്കായുള്ള രജിസ്േട്രഷൻ ഇപ്പോഴും പ്രവർത്തിച്ചിട്ടില്ല. ഖത്തറിന് ഹജ്ജ് കർമ്മങ്ങൾക്കായുള്ള വിസ അനുവദിച്ചിട്ടില്ല. സൗദിയിൽ നയതന്ത്രപ്രതിനിധികളാരുമില്ലെന്നും ഖത്തർ വ്യക്തമാക്കി.
ഖത്തറിനെതിരായ ഉപരോധം ആരംഭിച്ചത് മുതൽ ഖത്തറിൽ നിന്നുള്ള മുഴുവൻ വിമാനങ്ങളും അയൽരാജ്യം വിലക്കിയിരുന്നു. കരമാർഗമുള്ള ഏക മാർഗവും ഉപരോധത്തെ തുടർന്ന് അടഞ്ഞിരിക്കുകയാണെന്നും വ്യോമമാർഗവും തുറന്നിട്ടില്ലെന്നും അതിനാൽ തന്നെ ഖത്തരികൾക്ക് ഹജ്ജ് അപ്രാപ്യമാണെന്നും ഖത്തർ ആരോപിച്ചു.
വർഷത്തിൽ 1200 ഖത്തരികൾക്കാണ് സൗദി അധികൃതർ ഹജ്ജ് ചെയ്യുന്നതിനുള്ള അവസരം നൽകുന്നത്. ഉപരോധം ആരംഭിച്ചത് മുതൽ ഇത് രണ്ടാം തവണയാണ് ഖത്തറിനെ ഹജ്ജ് കർമ്മങ്ങളിൽ നിന്നും അയൽരാജ്യം വിലക്കുന്നത്. ഹജ്ജ് തീർഥാടനത്തിനായുള്ള പാക്കേജുകൾക്കായി ശ്രമിക്കുന്നില്ലെന്നും 120000 റിയാൽ ചെലവാണ് ഈ സാഹചര്യത്തിൽ ഹജ്ജ് കർമ്മങ്ങൾക്കായി ചെലവാകുന്നതെന്നും രാജ്യത്തെ മൂന്ന് പ്രമുഖ ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
ഇത്തവണ ആരും തന്നെ ഹജ്ജ് കർമ്മങ്ങൾക്കായി ഏജൻസിയെ സമീപിച്ചിട്ടില്ലെന്നും ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഹജ്ജ് കർമ്മങ്ങൾക്കായി ശ്രമിക്കുന്നത് വൃഥാവിലാകുമെന്നും രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കിയെന്നും അവർ വ്യക്തമാക്കുന്നു. മുമ്പ് കേവലം 12000 റിയാലിന് ഹജ്ജ് പാക്കേജുകൾ നടപ്പിലാക്കാറുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരു ലക്ഷത്തിലധികം റിയാലാണെന്നും ട്രാവൽ ഏജൻസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.