ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ
text_fieldsദോഹ: ഈവർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കുള്ള രജിസ്ട്രേഷൻ ഞായറാഴ്ച തുടങ്ങും. hajj.gov.qa എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ രജിസ്ട്രേഷൻ. ഞായറാഴ്ച രാവിലെ എട്ടു മുതൽ രജിസ്ട്രേഷൻ നടത്താം. മാർച്ച് 12 വരെയാണ് സമയം. അവസാന തീയതിക്കുശേഷം ഒരാഴ്ച മുതൽ പത്തുദിവസം വരെയുള്ള കാലയളവിനുള്ളിലാണ് ഫലം പ്രഖ്യാപിക്കുക. രജിസ്ട്രേഷൻ തീയതി മുതൽ ആശയവിനിമയത്തിനായി ഹോട്ട്ലൈൻ നമ്പർ 132 സജീവമാകും. ഏത് അന്വേഷണത്തിനും പരാതിക്കും അപേക്ഷകർക്ക് അതിൽ ബന്ധപ്പെടാം.
വരാനിരിക്കുന്ന ഹജ്ജ് സീസണിൽ ഖത്തറിൽനിന്ന് വിമാനമാർഗമോ റോഡ് മാർഗമോ മക്കയിലേക്ക് തീർഥാടകരെ കൊണ്ടുപോകാൻ തുടക്കത്തിൽ 18 ഹജ്ജ് ടൂർ ഓപറേറ്റർമാർക്ക് അധികാരമുണ്ടെന്ന് മന്ത്രാലയത്തിൽ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് (ഔഖാഫ്) മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രി അറിയിച്ചിരുന്നു. ഈ സംഖ്യ ആവശ്യാനുസരണം കൂട്ടുകയോ കുറക്കുകയോ ചെയ്യും.
ഖത്തറിൽനിന്ന് ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ പ്രായം 40 വയസ്സിൽ കുറയരുത്. ഖത്തറിൽ 10 വർഷത്തെ താമസം പൂർത്തിയായിരിക്കണം. ഖത്തർ പൗരന്മാർക്കും ഖത്തറിൽ താമസിക്കുന്ന ജി.സി.സി നിവാസികൾക്കും കുറഞ്ഞ പ്രായം 18 ആണ്. അപേക്ഷകൻ അവരുടെ hajj.gov.qa വെബ്സൈറ്റിൽ ഐ.ഡി കാർഡിന്റെ നമ്പറും കാർഡിന്റെ എക്സ്പയറി ഡേറ്റും ഫോൺ നമ്പറും നൽകണം. ഹജ്ജ് പെർമിറ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണം. സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച മൊഡേണ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ പോലുള്ള വാക്സിനായിരിക്കണം എടുക്കേണ്ടത്.
ഒന്നാമത്തെയും രണ്ടാമത്തെയും കുത്തിവെപ്പ് തീയതികളും വാക്സിനേഷൻ എടുത്തതിന്റെ തെളിവും തീർഥാടകർ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. മൊത്തം ഹജ്ജ് യാത്രക്കാരുടെ അന്തിമ എണ്ണം സൗദി അറേബ്യൻ സർക്കാർ അനുവദിച്ച ഔദ്യോഗിക ക്വോട്ടക്ക് വിധേയമായിരിക്കും.
ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.