പരിസ്ഥിതി സൗഹൃദം ഐ.എസ്.ഒ അംഗീകാരം നേടി ഹമദ് വിമാനത്താവളം
text_fieldsദോഹ: പരിസ്ഥിതി സുസ്ഥിരത മുൻനിർത്തി വ്യവസായ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിലെ പ്രതിബദ്ധതക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം. ഖത്തർ എയർപോർട്ട് ഓപറേഷൻ, മാനേജ്മെന്റ് കമ്പനിയായ ‘മതാർ’ ആണ് അംഗീകാരം സംബന്ധിച്ച വാർത്ത പങ്കുവെച്ചത്.
കർശന ഓഡിറ്റിങ് നടപടികൾക്ക് ശേഷമാണ് ബി.എസ്.ഐയുടെ ഐ.എസ്.ഒ 14001: 2015 എൻവയൺമെന്റൽ മാനേജ്മെന്റ് സിസ്റ്റം അംഗീകാരം ഹമദ് വിമാനത്താവളം വീണ്ടും നിലനിർത്തിയിരിക്കുന്നത്. പരിസ്ഥിതി മാനേജ്മെന്റ് സംവിധാനത്തിന്റെ ആവശ്യകതകൾ തിരിച്ചറിഞ്ഞ് ഒരു ഓർഗനൈസേഷന് അതിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള അംഗീകാരമാണിത്.
മാലിന്യ സംസ്കരണത്തിലും പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം കുറക്കുന്നതിലും കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിലുമുള്ള ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാരിസ്ഥിതിക സുസ്ഥിരതാ ലക്ഷ്യങ്ങളുടെ തെളിവാണ് ആഗോള അംഗീകാരം.ഉയർന്ന പാരിസ്ഥിതിക അപകടസാധ്യതയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുക, ജീവനക്കാരുമായി അഭിമുഖം നടത്തുക, പ്രവർത്തന നിയന്ത്രണങ്ങൾ വിലയിരുത്തുക, ഐ.എസ്.ഒ അംഗീകാരത്തിനായുള്ള മാനദണ്ഡങ്ങൾ പാലിക്കുക തുടങ്ങി വിവിധ ഓഡിറ്റിങ് പ്രക്രിയകൾ പൂർത്തിയാക്കിയതിന് ശേഷമാണ് വിമാനത്താവളത്തിന്റെ അംഗീകാരം നിലനിർത്തിയിരിക്കുന്നത്.
നേരത്തെ, ഐ.എസ്.ഒ 55001:2014 അസറ്റ് മാനേജ്മെന്റ് സിസ്റ്റം അംഗീകാരവും ബി.എസ്.ഐയുടെ ഐ.എസ്.ഒ 22301:2019 ബിസിനസ് കണ്ടിന്യൂറ്റി മാനേജ്മെന്റ് സിസ്റ്റം അംഗീകാരവും ഹമദ് വിമാനത്താവളത്തെ തേടിയെത്തിയിരുന്നു. എയർപോർട്ട് കാർബൺ അക്രഡിറ്റേഷന്റെ എ.സി.ഐ-എ.സി.എ ലെവൽ 3 അംഗീകാരവും വിമാനത്താവളം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.