ഹമദ് വിമാനത്താവളം: ടെർമിനലുകൾക്കു മുന്നിൽ പിക്അപ്, ഡ്രോപ് ഓഫിന് വിലക്ക്
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കാനും യാത്രയയക്കാനുമായി എത്തുന്ന വാഹനങ്ങൾക്ക് മാർഗനിർദേശങ്ങളുമായി അധികൃതർ.
ജൂൺ 13 മുതൽ ടെർമിനലുകൾക്കു മുന്നിൽ വാഹനങ്ങളിൽ യാത്രക്കാരെ ഇറക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പിക്അപ്, ഡ്രോപ് ഓഫ് അനുവദിക്കില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
പകരം കാർ പാർക്കിങ് ഏരിയ ഉപയോഗിക്കണമെന്നാണ് നിർദേശം. വിമാനത്താവള ടെർമിനലുകൾക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ. ജൂൺ 13 രാവിലെ 10 മുതൽ പുതിയ നിർദേശങ്ങൾ നിലവിൽ വരും. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിൽ മാറ്റങ്ങൾ നടപ്പാക്കുന്നത്. ഇതുപ്രകാരം, അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകള്‍ക്ക് മുന്നില്‍ പൊതുജനങ്ങൾക്ക് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ സ്വീകരിക്കാനോ യാത്രയയക്കാനോ അനുവദിക്കില്ല.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഉന്നതാധികാരികളുടെയും വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും ഇവിടെ നിര്‍ത്താന്‍ അനുമതിയുള്ളൂ. യാത്രക്കാരെ കയറ്റിവിടാനും സ്വീകരിക്കാനുമായി കാര്‍ പാര്‍ക്കിങ് ഏരിയയിലെ സൗകര്യം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ വിശദീകരിച്ചു.
മാറ്റങ്ങളുടെ ഭാഗമായി ജൂണ്‍ 13 മുതല്‍ ഷോർട്ട് ടേം കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യാത്രക്കാരെ സ്വീകരിക്കാനും ഇറക്കാനുമെത്തുന്ന വാഹനങ്ങള്‍ക്ക് ആദ്യത്തെ 20 മിനിറ്റ് സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്. 20 മിനിറ്റ് കഴിയുന്നത് മുതല്‍ പാര്‍ക്കിങ് ഫീസ് നല്‍കണം. അതേസമയം, കാര്‍ പാര്‍ക്കിങ്ങിൽനിന്നും പുറത്തുകടക്കുന്ന മേഖലയിൽ പണമടക്കാനുള്ള സൗകര്യമില്ല. പകരം, ലെവല്‍ രണ്ടിലെ കാര്‍ പാര്‍ക്കിങ്ങിന് മുന്നിലുള്ള മെഷീനില്‍ വേണം പാര്‍ക്കിങ് ഫീസ് അടക്കാനെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.