ഹമദ് ലോകത്തിന്റെ കേന്ദ്രമായ വർഷം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന് സാക്ഷ്യം വഹിച്ച വർഷമായ 2022ലെ സാമ്പത്തിക വർഷത്തിൽ ഖത്തറിൻെറ വിമാനത്താവളങ്ങൾ സാക്ഷിയായത് റെക്കോഡ് യാത്രികരുടെ എണ്ണം. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിലെ ഖത്തർ എയർവേസ് ഗ്രൂപ്പ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ കാലയളവിൽ ഹമദ് അന്താരാഷ്്ട്ര വിമാനത്താവളം വഴി 3.89 കോടി പേർ യാത്ര ചെയ്തുവെന്നാണ് കണക്കുകൾ. മുൻവർഷത്തെ അപേക്ഷിച്ച് 75.8 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം.
ഖത്തറിൻെറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ യാത്രക്കാരുടെ പങ്കാളിത്തമാണ് ഈ വർഷം രേഖപ്പെടുത്തിയത്. നവംബർ-ഡിസംബർ മാസങ്ങളിൽ രാജ്യം സാക്ഷ്യം വഹിച്ച ലോകകപ്പ് ഫുട്ബാൾ തന്നെ യാത്രികരുടെ എണ്ണത്തിലെ വർധനവിന് പ്രധാന കാരണം. നവംബർ, ഡിസംബർ മാസങ്ങളിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി ആരാധകർ ഒഴുകിയെത്തിയപ്പോൾ, അതിന് മുമ്പായി ലോകകപ്പ് സംഘാടനവുമായി ബന്ധപ്പെട്ടും സഞ്ചാരികളും മാധ്യമ പ്രവർത്തകരും ദോഹയെ ലക്ഷ്യമാക്കി പിടിച്ചു. ലോകകപ്പ് വേളയിൽ ഗൾഫ് യാത്രികരുടെ സഞ്ചാരത്തിനായി ഷട്ട്ൽ സർവീസും, വിവിധ തെക്കനമേരിക്കൻ, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അധിക സർവീസും, പ്രത്യേക ചാർട്ടർ വിമാനങ്ങളുമായും സർവീസ് വർധിപ്പിച്ചു. 15 ലക്ഷത്തോളം പേർ ലോകകപ്പ് മാസങ്ങളിൽ മാത്രം ദോഹയിലെത്തിയിട്ടുണ്ട്.
2022 ഏപ്രിൽ-2024 മാർച്ച് മാസത്തിനുള്ളിൽ ലോകത്തെ 257 നഗരങ്ങളിലേക്ക് വിമാന സർവീസ് നടത്തിയതായി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. ഇവയിൽ 60എണ്ണവും പുതിയ സർവീസുകളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. രണ്ട് പുതിയ എയർലൈൻ പങ്കാളികളും ഈ കാലയളവിൽ ദോഹയുടെ ഭാഗമായി. ധാക്ക, ഹീത്രു, ദുബൈ, കഠ്മണ്ഡു, മാലി എന്നീ നഗരങ്ങളിലേക്കായിരുന്നു ഏറ്റവും കൂടുതൽ വിമാനങ്ങൾ ദോഹയിൽ നിന്നും പറന്നുയർന്നത്. വിമാനങ്ങളുടെ പോക്കിലും വരവിലും ഈ വേളയിൽ 24ശതമാനം വർധനവുണ്ടായതായി വാർഷിക റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. 2.25 ലക്ഷത്തിൽ അധികമാണ് വിമാനങ്ങളും നീക്കം രേഖപ്പെടുത്തുന്നത്.
യാത്രക്കാരുടെ വരവിലും പോക്കിലും റെക്കോഡ് കുതിപ്പുണ്ടായപ്പോൾ ചരക്കുകളുടെ കൈകാര്യത്തിൽ 11ശതമാനം കുറവ് രേഖപ്പെടുത്തി. 22ലക്ഷം ടൺ കാർഗോ ആണ് സാമ്പത്തിക വർഷം കൈകാര്യം ചെയ്തത്. ഖത്തർ എയർവേസ് ഗ്രൂപ്പിനു കീഴിലെ ‘മതാർ’ കമ്പനിയാണ് ഹമദ് വിമാനത്താവളവും ദോഹ അന്താരാഷ്്ട്ര വിമാനത്താവളവും മാനേജ് ചെയ്യുന്നത്. ലോകകപ്പിന് മുന്നോടിയായി ഹമദ് വിമാനത്താവളത്തിലെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി യാത്രക്കാരുടെയും വിമാനങ്ങളുടെയും കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിച്ചിരുന്നു.
ടെർമിനലിനകം ചെടികളും മരങ്ങളുമായി ഹരിതാഭമാക്കി ഏറ്റവും ആധുനിക സൗകര്യങ്ങളോടെ തുറന്ന ഓർച്ചാഡ് അന്താരാഷ്ട്ര ശ്രദ്ധ തന്നെ നേടി. ഇതിനകം, നിരവധി പുരസ്കാരങ്ങളും ഒർച്ചാഡ് ടെർമിനൽ സ്വന്തമാക്കിയിരുന്നു. വിമാനത്താവളത്തിൻെറ രണ്ടാം ഘട്ട നവീകരണമായ ‘ഫേസ് ബി’ പൂർത്തിയാവുന്നതോടെ ഒരു വർഷം 70ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്ക് ഉയരും. നിലവിലെ ടെർമിനലിന് പുറമെ രണ്ട് പുതിയ ടെർമിനൽ കൂടി ഉൾകൊള്ളുന്നതാണ് അടുത്ത നവീകരണ ഘട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.