ഏഷ്യൻ കപ്പിനെ വരവേൽക്കാൻ ഹമദ് വിമാനത്താവളം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന് കൊടിയിറങ്ങി ഒരുവർഷം തികഞ്ഞതിന് പിന്നാലെ ഖത്തർ അരങ്ങൊരുക്കുന്ന അടുത്ത കളിയുത്സവത്തിലേക്ക് ആരാധകരെ വരവേൽക്കാനൊരുങ്ങി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം.
ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിന് ലോകകപ്പിന് സമാനമായ സജ്ജീകരണങ്ങളൊരുക്കിയാണ് ഹമദ് വിമാനത്താവളം കാത്തിരിക്കുന്നത്.
20 ലക്ഷത്തോളം കാണികളെ കൈകാര്യം ചെയ്ത ലോകകപ്പിലെ അനുഭവസമ്പത്ത് ഏഷ്യൻ കപ്പിന്റെ തയാറെടുപ്പ് എളുപ്പമാക്കുന്നതാണ്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് സ്റ്റേഡിയങ്ങളിലേക്കും മെട്രോ സ്റ്റേഷൻ, മുശൈരിബ് ഡൗൺടൗണിലെ മെയിൻ മീഡിയ സെന്റർ, ദോഹ എക്സ്പോ വേദി തുടങ്ങി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും യാത്രാസൗകര്യങ്ങളുമുണ്ട്.
വിമാനത്താവളത്തിൽ വേഗത്തിൽ നടപടി പൂർത്തിയാക്കാനും എളുപ്പത്തിൽ സ്റ്റേഡിയങ്ങളിലേക്ക് യാത്രയൊരുക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമാകും.
വിദേശ വിനിമയ സേവനം, ഭക്ഷ്യ-ബിവറേജ് സൗകര്യങ്ങൾ, സ്റ്റോറുകൾ, എ.ടി.എം, ലോക്കൽ മൊബൈൽ സിംകാർഡുകൾ തുടങ്ങി യാത്രക്കാർക്ക് ആവശ്യമുള്ളതെല്ലാം വിമാനത്താവളത്തിൽ ലഭ്യമാകും. എട്ടു മണിക്കൂറിൽ അധികം ദോഹയിൽ ചെലവഴിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് ഖത്തർ എയർവേസിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനിയായ ഡിസ്കവർ ഖത്തർ വഴി സിറ്റി ടൂറിനും സൗകര്യമുണ്ട്. ഏഷ്യൻ കപ്പ് വേളയിൽ നഗരത്തിന്റെ കളിയാവേശം യാത്രക്കാർക്ക് അനുഭവിച്ചറിയാൻ ഇതുവഴി സൗകര്യം ലഭിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് വിവിധ സ്റ്റേഡിയങ്ങളിലും മറ്റും എത്തുന്നതിനായി ടാക്സി, ബസ്, മെട്രോ സേവനങ്ങൾ ഹമദ് വിമാനത്താവളവുമായി ബന്ധപ്പെട്ട് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.