വിമാനത്താവളങ്ങളിലും തിരക്കാണ്; നേരത്തേ പുറപ്പെടാം
text_fieldsദോഹ: ക്രിസ്മസും പുതുവത്സരവും അടുത്തിരിക്കെ ശൈത്യകാല അവധിക്കാലത്തെ യാത്രക്കാർക്ക് നിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. അവധിക്കാലം ആഘോഷിക്കാൻ ഖത്തറിലേക്ക് വരുന്നവരും സ്വന്തം നാടുകളിലേക്കും വിദേശങ്ങളിലേക്കുമായി പോകുന്നവരുമായ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനാൽ മുന്നൊരുക്കമെന്ന നിലയിലാണ് നിർദേശങ്ങൾ നൽകുന്നത്. വലിയ തോതിൽ യാത്രക്കാരുടെ പോക്കുവരവ് കൈകാര്യംചെയ്യാൻ സർവസജ്ജമാണ് വിമാനത്താവളത്തിലെ സംവിധാനങ്ങൾ. എങ്കിലും, വിമാനത്താവള നടപടികൾ അനായാസമാകാൻ യാത്രക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നേരത്തേ ചെക് ഇൻ
യാത്രക്കാർക്ക് നേരത്തേതന്നെ ഓൺലൈൻ ചെക് ഇൻ ചെയ്യാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം. ഇതുവഴി സീറ്റ് ഉറപ്പിക്കുകയും ചെയ്യാം. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണം. ഡിസംബർ 10 മുതൽ ജനുവരി മൂന്ന് വരെ അമേരിക്ക, കാനഡ ഒഴികെ രാജ്യങ്ങളിലേക്കുള്ള ഖത്തർ എയർവേസ് യാത്രക്കാർക്ക് യാത്രക്ക് മുമ്പ് 12 മണിക്കൂർ മുതൽ നാല് മണിക്കൂർവരെ സമയത്തിനുള്ളിൽ ഓൺലൈൻ ചെക് ഇൻ ചെയ്യാവുന്നതാണ്. വിമാനത്താവളത്തിൽ സെൽഫ് സർവിസ് ചെക് ഇനും ബാഗ് ഡ്രോപ് സൗകര്യവും ലഭ്യമാവും. ഖത്തർ റെസിഡൻറ്സിന് യാത്രക്ക് ഇ ഗേറ്റ് ഉപയോഗിച്ച് ഇമിഗ്രേഷൻ എളുപ്പത്തിൽ പൂർത്തിയാക്കാം. 18 വയസ്സിനു മുകളിലുള്ളവർക്കാണ് ഇ ഗേറ്റ് സൗകര്യം ലഭിക്കുക.
ബാഗേജ് നിർദേശങ്ങൾ
യാത്രചെയ്യുന്ന എയർലൈൻ കമ്പനികൾ നിർദേശിക്കുന്ന പരിധിക്കുള്ളിൽ മാത്രമേ ലഗേജുകൾ ഉള്ളൂ എന്ന് ഉറപ്പാക്കുക. വിമാന കമ്പനികളുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന ലഗേജിന്റെ തൂക്കം ഉറപ്പാക്കേണ്ടതാണ്. പുറപ്പെടൽ ടെർമിനലിന് അരികിലായി ലഗേജ് റീപാക്ക് ചെയ്യാനുള്ള സൗകര്യവും തൂക്ക മെഷീനും ലഭ്യമാകും. സെക്യൂരിറ്റി ചെക്ക് ഏരിയ വിടും മുമ്പേ വാച്ച്, ബെൽറ്റ്, വാലറ്റ്, ആഭരണങ്ങൾ എന്നിവ തിരികെ എടുത്തുവെന്ന് ഉറപ്പാക്കുക. എക്സ്റേ സ്ക്രീനിങ്ങിൽ ലാപ്ടോപ്, ടാബ് എന്നിവ ബാഗിൽ നിന്നും പുറത്തെടുത്ത് നൽകണം. നിരോധിത വസ്തുക്കൾ ബാഗേജിൽ ഇല്ല എന്നും യാത്രക്ക് മുമ്പായി ഓർക്കണം.
പാർക്കിങ് സൗകര്യം
സീസൺ തിരക്ക് പരിഗണിച്ച് ഡിസംബർ 10 മുതൽ 2024 ജനുവരി മൂന്നുവരെ പാർക്കിങ് ഫീസിലും ഇളവുണ്ട്. ആദ്യ 60 മിനിറ്റിൽ പാർക്കിങ് ഫീ സൗജന്യമാണ്. അറൈവൽ ഹാളിനോട് ചേർന്ന് ലിമോസിൻ വാഹന സേവനങ്ങൾ ലഭിക്കും. പുറപ്പെടൽ മേഖലയിൽ വാലറ്റ് സർവിസും ലഭിക്കും.
വിവരങ്ങൾ വിരൽത്തുമ്പിൽ
വിശാലമായ വിമാനത്താവളത്തിൽ യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ കിയോസ്കുകൾ ലഭ്യമാണ്. ദിശ അറിയാനും മറ്റു വിവരങ്ങൾക്കുമായി ടച്ച് പോയൻറ് സൗകര്യമുള്ള കിയോസ്കുകൾ ഉപയോഗപ്പെടുത്താം. 20 ഭാഷകളിൽ സേവനം ലഭ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.