ഹമദ് ദി ബെസ്റ്റ്
text_fieldsദോഹ: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള സ്കൈട്രാക്സ് പുരസ്കാരത്തിളക്കത്തിൽ വീണ്ടും ഖത്തറിന്റെ കവാടമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലാണ് ‘ബെസ്റ്റ് എയർപോർട്ട്’ പുരസ്കാരത്തിന് ഹമദിനെ തിരഞ്ഞെടുത്തത്. ഷോപ്പിങ് സൗകര്യത്തിൽ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളം, മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്നീ പുരസ്കാരങ്ങളും ഖത്തറിന്റെ തലയെടുപ്പായ ഹമദ് സ്വന്തമാക്കി.
പ്രവർത്തനമാരംഭിച്ച് പത്താം വർഷം തികയുന്ന വേളയിലാണ് അന്താരാഷ്ട്ര അംഗീകാരങ്ങളുടെ തിളക്കം വീണ്ടുമെത്തുന്നത്. രണ്ടാം തവണയാണ് ലോകത്തിലെ മികച്ച വിമാനത്താവളമായി മാറുന്നത്. തുടർച്ചയായി പത്താം തവണ മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളവുമായി. യാത്രക്കാർക്കിടയിൽ നടക്കുന്ന സർവേയുടെയും വോട്ടിങ്ങിന്റെയും അടിസ്ഥാനത്തിലാണ് സ്കൈട്രാക്സ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ലോകത്തെ 500ഓളം അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾക്കൊള്ളുന്ന മത്സരത്തിൽ വിവിധ സൂചികകളിലെ പ്രകടനം വിലയിരുത്തിയാണ് സ്കൈട്രാക്സ് പുരസ്കാരം നിർണയിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിനുള്ളിൽ സൗകര്യങ്ങളിലും സേവനങ്ങളിലും പുലർത്തിയ മികവിനുള്ള അംഗീകാരമാണിതെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. അന്താരാഷ്ട്ര യാത്രികരുടെ പ്രധാന ട്രാൻസിറ്റ് ഹബ്ബായി മാറിയ ഹമദ് വിമാനത്താവളത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമാണിതെന്നും, പത്താം വർഷത്തിലെത്തുന്ന അവാർഡ് നേട്ടം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച യാത്രാനുഭവം നൽകുന്നതിൽ ജീവനക്കാരുൾപ്പെടെയുള്ളവരുടെ അർപ്പണബോധത്തിന്റെ തെളിവാണിത്. സൗകര്യങ്ങളിലും സേവനങ്ങളിലുമുള്ള മികവും, റീട്ടെയിൽ മേഖലയിലെ വ്യാപനം, ഹോസ്പിറ്റാലിറ്റി എന്നിവയും ടെർമിനലിനുള്ളിൽ സാധ്യമാക്കാൻ കഴിഞ്ഞെന്നും സി.ഇ.ഒ പറഞ്ഞു.
വൈവിധ്യമാർന്ന സൗകര്യങ്ങൾ വിമാനത്താവളത്തിനുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തരി പൈതൃകം അന്താരാഷ്ട്ര യാത്രികർക്ക് പരിചയപ്പെടുത്തുന്ന സൂഖ് അൽ മതാർ, അത്യാഡംബര ഹോസ്പിറ്റാലിറ്റി നൽകുന്ന ‘ഓർചാഡ് തുടങ്ങിയവ വിമാനത്താവള സൗകര്യങ്ങളിൽ ചിലതാണ്. 2022 ഫിഫ ലോകകപ്പിലും തൊട്ടുപിന്നാലെയുള്ള വർഷങ്ങളിലും ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്ത് ചരിത്രനേട്ടവും ഹമദ് സ്വന്തമാക്കിയിരുന്നു. ഹയ്യാ ഉൾപ്പെടെ വിവിധ യാത്രാ സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത 2023ൽ 4.50 കോടി യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി സഞ്ചരിച്ചത്. ലോകകപ്പിന് വേദിയൊരുക്കിയ വർഷത്തേക്കാൾ 31ശതമാനം വർധനയാണിത്. ആകാശ എയർ, ഇബേരിയ, സിമാമെൻ എയർലൈൻസ്, ഗരുഡ ഇന്തോനേഷ്യ, ജപ്പാൻ എയർലൈൻസ് തുടങ്ങി അന്താരാഷ്ട്ര എയർലൈൻ കമ്പനികൾ ഏറ്റവും പുതുതായി ദോഹയിൽനിന്നും സർവിസ് ആരംഭിച്ചു. പാസഞ്ചർ, കാർഗോ, ചാർട്ടർ വിമാനങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ 250ലേറെ നഗരങ്ങളിലേക്ക് ദോഹയിൽനിന്ന് സർവിസുമുണ്ട്.
മിഡിലീസ്റ്റിൽ ബെസ്റ്റ്
ഗൾഫ്, മിഡിലീസ്റ്റ് മേഖലയിൽ മറ്റു രാജ്യങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനത്താണ് ഹമദ് വിമാനത്താവളം. ദുബൈ (രണ്ട്), ബഹ്റൈൻ (മൂന്ന്), റിയാദ് (നാല്), മസ്കത്ത് (അഞ്ച്), മദീന (ആറ്), ദമ്മാം (ഏഴ്), ജിദ്ദ (എട്ട്), അബൂദബി (ഒമ്പത്), സലാല (പത്ത്) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു വിമാനത്താവളങ്ങൾ.
വേൾഡ് ബെസ്റ്റ് ടെൻ
1. ദോഹ ഹമദ് വിമാനത്താവളം
2. സിംഗപ്പൂർ ചാംങി
3. സോൾ ഇഞ്ചിയോൺ
4. ടോക്യോ ഹനേഡ
5. ടോക്യോ നരിറ്റ
6. പാരിസ് സി.ഡി.ജി
7. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം
8. മ്യൂണിക് വിമാനത്താവളം
9. സൂറിച് വിമാനത്താവളം
10. ഇസ്തംബൂൾ എയർപോർട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.