മസ്തിഷ്ക മരണം സംഭവിച്ച കുട്ടിയിൽനിന്ന് മുതിർന്ന രോഗിയിലേക്ക് വൃക്ക മാറ്റിവെച്ചു; നേട്ടവുമായി ഹമദ്
text_fieldsദോഹ: ഹമദ് ജനറൽ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കുട്ടിയിൽനിന്ന് 48 വയസ്സുള്ള രോഗിയിലേക്കുള്ള വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. സെപ്റ്റംബർ 11ന് സിദ്റ മെഡിസിനുമായി സഹകരിച്ചാണ് പ്രായമുള്ള രോഗിയിലേക്ക് കുട്ടിയുടെ വൃക്ക വിജയകരമായി മാറ്റിവെച്ചത്.
ഖത്തറിലെ അവയവം മാറ്റിവെക്കൽ പദ്ധതി കൂടുതൽ വിപുലീകരിക്കാനും വികസിപ്പിക്കാനും ഇരു ആശുപത്രികളും തമ്മിൽ സഹകരിക്കാൻ ലക്ഷ്യമിടുന്നതായി എച്ച്.ജി.എച്ച് മെഡിക്കൽ ഡയറക്ടറും എച്ച്.എം.സി വൃക്ക മാറ്റിവെക്കൽ വിഭാഗം മേധാവിയുമായ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു. എച്ച്.എം.സിയും സിദ്റ മെഡിസിനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സിദ്റയിൽ നിന്നുള്ള ദാതാക്കളിൽനിന്ന് അവയവങ്ങൾ ലഭ്യമാക്കാൻ പ്രത്യേകിച്ചും അവയവം മാറ്റിവെക്കൽ ആവശ്യമായ അടിയന്തര സാഹചര്യങ്ങളിൽ ഹമദ് ജനറൽ ആശുപത്രിക്ക് കരാർ അനുമതി നൽകുന്നു.
മസ്തിഷ്ക മരണം സംഭവിച്ച കുട്ടിയുടെ കുടുംബം വിവരം അറിഞ്ഞ ഉടൻ തന്നെ കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചതായി സിദ്റ മെഡിസിനിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. അബൂബക്കർ ഇമാം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹമദ് ജനറൽ ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം ഉടൻ തന്നെ സിദ്റയിലെത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
2018ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ സിദ്റ മെഡിസിനും എച്ച്.എം.സിയും തമ്മിൽ അവയവമാറ്റ മേഖലയിൽ സഹകരണം തുടരുകയാണെന്നും ഡോ. ഇമാം കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് സിദ്റയിൽനിന്ന് ഹമദിലേക്ക് അവയവം കൈമാറുന്നത്. നേരത്തേ ഹമദിൽനിന്ന് ദാതാക്കളും സിദ്റയിൽ സ്വീകർത്താക്കളായ കുട്ടികളുമുൾപ്പെട്ട നിരവധി അവയവമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവരങ്ങൾ ഉപയോഗിച്ച് സ്വീകർത്താവിന്റെ രക്തഗ്രൂപ്പും ജനിതക പ്രൊഫൈലും രേഖപ്പെടുത്തി വൃക്കയുടെ അനുയോജ്യത സ്ഥിരീകരിച്ചശേഷം, കുട്ടിയിൽനിന്ന് വൃക്ക എടുത്ത് അതേ ദിവസംതന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഏകദേശം എട്ടു മണിക്കൂർ ശസ്ത്രക്രിയ നീണ്ടുനിന്നു. ഏഴു വർഷത്തോളമായി ഇരുവൃക്കകളും തകരാറിലായ രോഗി അൽ ഖോർ ആശുപത്രിയിൽ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. രോഗവുമായുള്ള ദീർഘകാലത്തെ പോരാട്ടത്തിനുശേഷം എനിക്ക് ഈ അമൂല്യ സമ്മാനം നൽകിയ ദാതാവിന്റെ കുടുംബത്തിന് ഹൃദ്യമായ നന്ദി അറിയിക്കുകയാണെന്ന് സ്വീകർത്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.