ലോകോത്തരം ഹമദ് വിമാനത്താവളം
text_fieldsദോഹ: ഖത്തറിലേക്കുള്ള ലോകത്തിന്റെ കവാടമായ ഹമദ് വിമാനത്താവളത്തിന് അന്താരാഷ്ട്ര അംഗീകാരത്തിന്റെ തിളക്കം. സ്കൈട്രാക്സിന്റെ വേൾഡ് എയർപോർട്ട് അവാർഡുകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയാണ് ഹമദ് വിമാനത്താവളം മേഖലയിൽതന്നെ തലയെടുപ്പോടെ തിളങ്ങിയത്.
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളവുമായി ഹമദിനെ തിരഞ്ഞെടുത്തു. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലാണ് സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് 2023 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
എയർപോർട്ട് മേഖലയിൽ ലോകത്തെതന്നെ ഏറ്റവും അഭിമാനകരമായ പുരസ്കാരങ്ങളിലൊന്നാണ് സ്കൈട്രാക്സ്. തുടർച്ചയായ വർഷങ്ങളിൽ പുരസ്കാരപ്പട്ടികയിൽ മികച്ച സ്ഥാനം നിലനിർത്തിയ ഹമദ് ഇത്തവണയും വിവിധ വിഭാഗങ്ങളിലായി നേട്ടങ്ങൾ സ്വന്തമാക്കി.
യാത്രക്കാരുടെയും വിദഗ്ധരുടെയും റിപ്പോർട്ടുകളുടെയും വോട്ടിന്റെയും അടിസ്ഥാനത്തിലാണ് സേവനം, സുരക്ഷിതത്വം, സാങ്കേതിക മികവ് ഉൾപ്പെടെ വിവിധ മാനദണ്ഡങ്ങൾ കണക്കാക്കി പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കുന്നത്.
മുൻവർഷങ്ങളിൽ തുടർച്ചയായി രണ്ടു തവണ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി പേരെടുത്ത ഹമദ് ഇത്തവണ രണ്ടാം സ്ഥാനത്തായി. സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളമാണ് ഒന്നാം സ്ഥാനത്തുള്ളത്. ജപ്പാനിലെ ടോക്യോ ഹനേഡ മൂന്നും ദക്ഷിണ കൊറിയയിലെ സോൾ ഇഞ്ചിയോൺ വിമാനത്താവളം നാലാം സ്ഥാനത്തുമായി.
ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ
1. സിംഗപ്പൂർ ചാങ്കി (സിംഗപ്പൂർ) 2. ദോഹ ഹമദ് വിമാനത്താവളം (ഖത്തർ) 3. ടോക്യോ ഹനേഡ (ജപ്പാൻ) 4. സോൾ ഇഞ്ചിയോൺ (ദക്ഷിണ കൊറിയ) 5. പാരിസ് സി.ഡി.ജി (ഫ്രാൻസ്) 6. ഇസ്തംബൂൾ എയർപോർട്ട് (തുർക്കിയ) 7. മ്യൂണിക് എയർപോർട്ട് (ജർമനി) 8. സൂറിക് എയർപോർട്ട് (സ്വിറ്റ്സർലൻഡ്) 9. ടോക്യോ നാരിറ്റ (ജപ്പാൻ) 10. മഡ്രിഡ് ബറാജാസ് (സ്പെയിൻ)
- ബെസ്റ്റ് ഫാമിലി ഫ്രൻഡ്ലി എയർപോർട്ട്: ഇസ്തംബൂൾ (1), ഹമദിന് (മൂന്നാം സ്ഥാനം)
- ഏറ്റവും മികച്ച വിനോദസൗകര്യങ്ങൾ: സിംഗപ്പൂർ ചാങ്കി (1), ദോഹ ഹമദ് (2)
- ബെസ്റ്റ് എയർപോർട്ട് ഷോപ്പിങ്: ദോഹ ഹമദ് (1)
- ലോകത്തിലെ ക്ലീൻ എയർപോർട്ട്: ടോക്യോ ഹനേഡ (1), ദോഹ ഹമദ് (3)
- ബെസ്റ്റ് എയർപോർട്ട് ഇൻ മിഡിലീസ്റ്റ് -ദോഹ ഹമദ് (1), ദുബൈ (2), ബഹ്റൈൻ (3)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.