ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തെ മികച്ച ഓവറോൾ എയർപോർട്ട്
text_fieldsദോഹ: ലോകത്തെ ഏറ്റവും മികച്ച ഓവറോൾ വിമാനത്താവളമെന്ന ബഹുമതി ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്. 19ാമത് വാർഷിക ഗ്ലോബൽ ട്രാവലർ ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡിലാണ് ഹമദ് ഇന്റർനാഷനൽ എയർപോർട്ട് ‘ലോകത്തിലെ ഏറ്റവും മികച്ച ഓവറോൾ എയർപോർട്ട്’ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം’ എന്ന ബഹുമതി തുടർച്ചയായ ആറാം വർഷവും ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചു.
‘യാത്രക്കാർക്ക് പ്രധാന പരിഗണന നൽകുന്ന സമീപനത്തോടുള്ള പ്രതിബദ്ധതക്ക് ഈ അംഗീകാരങ്ങൾ സാക്ഷ്യമാകുന്നു. ഏറ്റവും മികച്ച ഓവറോൾ വിമാനത്താവളമായി ഹമദ് ഇന്റർനാഷനൽ എയർപോർട്ടിന് ഗ്ലോബൽ ട്രാവലർ അവാർഡ് ലഭിച്ചത് വലിയ നേട്ടമാണ്. എയർപോർട്ടിലെ ഞങ്ങളുടെ ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന സ്റ്റാഫ്, യാത്രക്കാർക്ക് അനുയോജ്യമായ അനുഭവങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ രീതി, മികച്ച എയർപോർട്ട് അനുഭവങ്ങളൊരുക്കാനുള്ള നിക്ഷേപം തുടങ്ങിയവക്കെല്ലാമുള്ള പ്രതിഫലനമാണ് ഈ അംഗീകാരങ്ങൾ’ -ഫെസിലിറ്റീസ് മാനേജ്‌മെന്റ് സീനിയർ വൈസ് പ്രസിഡന്റ് മൈക്കൽ മക്മില്ലൻ പറഞ്ഞു.
മികച്ച എയർപോർട്ട് ഡൈനിങ്, മികച്ച എയർപോർട്ട് ഷോപ്പിങ്, ലോകത്തെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിങ്, മിഡിൽ ഈസ്റ്റിലെ മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിങ് എന്നീ വിഭാഗങ്ങളിൽ ആദ്യ അഞ്ചിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെട്ടു. 2014ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ, ഹമദ് ഇന്റർനാഷനൽ എയർപോർട്ട് അതിന്റെ ശൃംഖല ഏറെ വിപുലീകരിച്ചു. ഇപ്പോൾ ലോകമെമ്പാടുമുള്ള 170 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇവിടെനിന്ന് സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.