ഏറ്റവും മികച്ച തുറമുഖങ്ങളുടെ പട്ടികയിൽ ഹമദും
text_fieldsദോഹ: ലോകത്തിലെ ഏറ്റവും മികച്ചതും പ്രവർത്തനനിരതവുമായ തുറമുഖങ്ങളിലൊന്നായി ഖത്തറിന്‍റെ പ്രധാന വാതായനമായ ഹമദ് തുറമുഖം. 2021ലെ ലോകബാങ്ക്, എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇൻറലിജൻസിന്റെ 370 അംഗ കണ്ടെയ്നർ തുറമുഖ പ്രകടന സൂചികയിൽ മൂന്നാം സ്ഥാനത്താണ് ഹമദ് തുറമുഖം.
ലോഡിങ്, അൺലോഡിങ് പ്രവൃത്തികളിൽ തുറമുഖത്ത് ഒരു കപ്പൽ എത്രസമയം ചെലവഴിച്ചു എന്നത് പ്രകടന സൂചിക റാങ്കിങ്ങിൽ പ്രധാന മാനദണ്ഡമായി വിലയിരുത്തുകയുണ്ടായി. 2021ൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിലെല്ലാം മുമ്പെങ്ങുമില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. കൂടാതെ ആഗോള തലത്തിൽ വിതരണ ശൃംഖല തടസ്സപ്പെടുകയും ചെയ്തു.
ലോകത്തിലെ തുറമുഖങ്ങളെല്ലാം പ്രതിസന്ധികൾ നേരിടുമ്പോഴും മിഡിലീസ്റ്റിലെ തുറമുഖങ്ങൾ മികച്ച പ്രകടനം നടത്തിയതായും ശക്തമായി നിലകൊണ്ടുവെന്നും റിപ്പോർട്ട് വിലയിരുത്തി.
കോവിഡ് പ്രതിസന്ധിയിലും മിഡിലീസ്റ്റിലെ തുറമുഖങ്ങൾ റാങ്കിങ്ങിൽ മുന്നിലെത്തിയിട്ടുണ്ട്. അതേസമയം, 2021ൽ ഹമദ് തുറമുഖത്ത് 1750 കപ്പലുകളാണെത്തിയത്. 15.4 ലക്ഷം ടി.ഇ.യു (ട്വൻറി ഫൂട്ട് ഇക്വലൻറ് യൂനിറ്റ്) കണ്ടെയ്നർ ഇവിടെ കൈകാര്യം ചെയ്തതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.