സുരക്ഷിതമായ ആഘോഷങ്ങൾ...
text_fieldsദോഹ: പെരുന്നാൾ അവധി ആഘോഷങ്ങൾക്കായി പതിനായിരങ്ങൾ പുറത്തിറങ്ങുമ്പോൾ എല്ലാ തരത്തിലും ആരോഗ്യ പരിരക്ഷയുമൊരുക്കി ഹമദ് മെഡിക്കൽ കോർപറേഷൻ. വെള്ളി മുതൽ ഞായർ വരെയുള്ള ഈദ് അവധിക്കാലത്ത് കുറ്റമറ്റ സേവനങ്ങളാണ് ഹമദിനു കീഴിൽ വിവിധ വിഭാഗങ്ങൾ ഒരുക്കിയത്. അടിയന്തര സേവന വിഭാഗമായ എമർജൻസി ഡിപ്പാർട്മെന്റ് സുഗമമായി പ്രവർത്തിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് എമർജൻസി വിഭാഗത്തിലെത്തിയ കേസുകളുടെ എണ്ണം ഏറെ കുറഞ്ഞതായാണ് റിപ്പോർട്ട്. വലിയ അപകടങ്ങളോ ഗുരുതര കേസുകളോ പെരുന്നാൾ അവധി ദിനങ്ങളിൽ കൈകാര്യം ചെയ്യേണ്ടിവന്നില്ല. ഹമദ് ജനറൽ ആശുപത്രി എമർജൻസി വിഭാഗം, പീഡിയാട്രിക് എമർജൻസി സെനർ, ആംബുലൻസ് സർവിസ് സെൻറർ എന്നിവർ മൂന്നുദിനങ്ങളിലായി ട്രോമ-ക്രിറ്റിക്കൽ ഉൾപ്പെടെ നൂറോളം കേസുകളാണ് പരിഗണിച്ചത്. ഈദിന്റെ മൂന്നാം ദിനമായ ഞായറാഴ്ച ജനറൽ ആശുപത്രി എമർജൻസിയിൽ 291 കേസുകളെത്തി. ഇവയിൽ 13 കേസുകൾ അപകടത്തിലെ പരിക്കുകളായിരുന്നു.
മുഴുവൻ കേസുകളും രാവിലെ ആറിനും വൈകീട്ട് ആറിനുമിടയിലുള്ള സമയങ്ങളിലായിരുന്നുവെന്ന് എമർജൻസി റെസിഡന്റ് ഡോക്ടർ ഐഷ അൽ സദ പറഞ്ഞു. പല കേസുകളും ഉദരസംബന്ധമായതായിരുന്നുവെന്ന് ഇവർ വിശദീകരിച്ചു.
അൽ സദ്ദിലെ എച്ച്.എം.സി മെയിൻ പീഡിയാട്രിക് സെന്റർ എമർജൻസിയിൽ പെരുന്നാളിന്റെ മൂന്നാം ദിനം 1005 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തേക്കാൾ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായി. എന്നാൽ, അൽ വക്റ, അൽ ഖോർ, സിദ്റ ആശുപത്രി എന്നിവിടങ്ങളിലെ പീഡിയാട്രിക് സെന്ററുകളിൽ കാര്യമായ തിരക്കുകളും കേസുകളും റിപ്പോർട്ട് ചെയ്തില്ല. രോഗികളുടെ അഡ്മിഷനും ഇവിടെ ഉണ്ടായിരുന്നില്ല.
മൂന്നാംദിനം ആംബുലൻസ് സർവിസ് വിഭാഗം 290 കേസുകൾ ആശുപത്രികളിലെത്തിച്ചു. ഈദ് ആദ്യദിനത്തിൽ ഇത് 100 ആയിരുന്നു. ഞായറാഴ്ചയിലെ സംഭവങ്ങളിൽ 11 കേസുകളും റോഡ് അപകടങ്ങളായിരുന്നു. രണ്ട് കേസുകൾ എയർ ആംബുലൻസ് വഴി ആശുപത്രികളിലെത്തിച്ചു. സീലൈനിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെയാണ് ഇങ്ങനെ എത്തിച്ചത്.
രണ്ടാംദിവസം ആംബുലൻസിന്റെ സഹായം തേടി 260 ഫോൺ കോളുകളെത്തി. ഇതിൽ ഏഴ് റോഡ് ട്രാഫിക് അപകടങ്ങൾ, 41 പരിക്കുകൾ എന്നിവ ഉൾപ്പെടും. സീലൈൻ ഏരിയയിൽനിന്ന് ഒരാളെ എയർ ആംബുലൻസ് വഴി ആശുപത്രിയിലേക്ക് മാറ്റിയതായും അലി ദർവീശ് വ്യക്തമാക്കി. ആദ്യദിനത്തെ അപേക്ഷിച്ച് ആംബുലൻസ് സേവനത്തിനായുള്ള കേസുകളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ടെങ്കിലും ഗുരുതര കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാം ചെറുതും നിസ്സാര പരിക്കുകളുമാണെന്നും പ്രഥമ ശുശ്രൂഷകൾക്കുശേഷം കേസുകളെല്ലാം ആശുപത്രികളിലേക്ക് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു.
പെരുന്നാൾ അവധി ദിനം ആഘോഷിക്കാൻ പൗരന്മാരും പ്രവാസികളും ഉൾപ്പെടെ ആയിരങ്ങളാണ് ദിവസേന മരുഭൂമികളിലേക്കും കടൽതീരങ്ങളിലേക്കും യാത്രയാവുന്നത്. സീലൈൻ ഉൾപ്പെടെ മേഖലകളിൽ അപകടം സംഭവിച്ചാൽ, എയർ ആംബുലൻസ് എത്തുന്നതിനായി പ്രദേശത്തുനിന്ന് ആൾക്കൂട്ടങ്ങൾ മാറിനിൽക്കണമെന്ന് ആംബുലൻസ് സർവിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.