ഡി.സി തണുപ്പിലേക്ക് ഹമദും
text_fieldsദോഹ: വൈദ്യുതി ഉപഭോഗം കുറക്കുന്നതും കേന്ദ്രീകൃത ശീതീകരണ സംവിധാനം ഉറപ്പാക്കുന്നതുമായ ഡിസ്ട്രിക്ട് കൂളിങ് (ഡി.സി) പദ്ധതിക്ക് അംഗീകാരം നൽകി ഹമദ് മെഡിക്കൽ കോർപറേഷൻ. ഹമദിനു കീഴിലെ വിവിധ സ്ഥാപനങ്ങളിൽ ഡി.സി സംവിധാനം ഉപയോഗപ്പെടുത്താനുള്ള അനുമതിയാണിതെന്ന് കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) അറിയിച്ചു. ഡിസ്ട്രിക്ട് കൂളിങ് സംവിധാനത്തിന്റെ ഉയർന്ന തലത്തിലുള്ള വിശ്വാസ്യതയും കൂളിങ് പ്ലാന്റിന്റെ ദീർഘായുസ്സും ചുരുങ്ങിയ ചെലവും കാര്യക്ഷമതയും എച്ച്.എം.സിയുടെ അംഗീകാരത്തിൽ നിർണായകമായി.
പരമ്പരാഗത ശീതീകരണ ഉപകരണങ്ങൾക്ക് പകരം കൂടുതൽ സുസ്ഥിരവും കാര്യക്ഷമവുമായ ശീതീകരണ സംവിധാനം എച്ച്.എം.സി ഉപയോഗിച്ച് തുടങ്ങിയതായി കഹ്റമ വ്യക്തമാക്കി. ഹമദ് ജനറൽ ആശുപത്രി, സർജിക്കൽ സ്പെഷാലിറ്റി സെന്റർ, പുതിയ ട്രോമ ആൻഡ് എമർജൻസി സെന്റർ കെട്ടിടം, അഡ്മിനിസ്ട്രേറ്റിവ് കെട്ടിടങ്ങൾ എന്നിവയിലേക്കുള്ള ശീതീകരണ സൗകര്യം നൽകുന്ന വെസ്റ്റ് എനർജി സെന്റർ ഹമദ് മെഡിക്കൽ കോർപറേഷൻ ജീവനക്കാർ സന്ദർശിച്ചു. നിലവിൽ 12500 ടൺ ശീതീകരണശേഷിയുള്ള പ്ലാന്റിന്റെ ശേഷി ഭാവിയിൽ 20000 ടൺ ആയി വർധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കഹ്റമയിലെ ഡിസ്ട്രിക്ട് കൂളിങ് സർവിസസ് വിഭാഗം മേധാവി എൻജി. ജമാൽ യൂസുഫ് അൽ ദർബസ്തിയുൾപ്പെടെ വിദഗ്ധരടങ്ങുന്ന സംഘവും എച്ച്.എം.സിയിലേക്ക് ശീതീകരണ സൗകര്യം നൽകുന്ന വെസ്റ്റ് എനർജി സെന്റർ സന്ദർശിച്ചു.
എച്ച്.എം.സിയുമായി ബന്ധിപ്പിക്കുന്ന വെസ്റ്റ് എനർജി സെന്റർ കഴിഞ്ഞ വർഷമാണ് പൂർണതോതിൽ പ്രവർത്തന ക്ഷമമായത്. ഏറ്റവും പുതിയ ശീതീകരണ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയായിരുന്നു ഇവ നിർമിച്ചത്. പുതിയ നഗര വത്കരണ പദ്ധതികളെ കൂടി ഉൾക്കൊണ്ടുകൊണ്ടാണ് കഹ്റമയുടെ പ്രോജക്ട് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.