മുറിവുകളുണക്കുന്ന സാന്ത്വനം
text_fieldsദോഹ: യുദ്ധഭൂമിയിൽ നിന്നേറ്റ മുറിവുകളുമായി ഖത്തറിന്റെ മണ്ണിൽ അഭയം തേടിയ കുട്ടികൾക്കും കുടുംബങ്ങൾക്കും കളിയും വിനോദവുമൊരുക്കി ഹമദ് മെഡിക്കൽ കോർപറേഷൻ. ഹമദിനു കീഴിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾ ഉൾപ്പെടെ സംഘത്തിനാണ് എച്ച്.എം.സി കോർപേററ്റ് സോഷ്യൽ സർവിസിനു കീഴിൽ വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചത്. ഫുട്ബാൾ ഷോ, വിനോദ-വിജ്ഞാന പരിപാടികൾ, ചെറിയ കുട്ടികൾക്ക് ചിത്രരചന, പെയിൻറിങ് മത്സരങ്ങൾ തുടങ്ങിയ വിനോദ പരിപാടികളാണ് എച്ച്.എം.സി നേതൃത്വത്തിൽ നടത്തിയത്.
യുദ്ധത്തിനിടിടെ പ്രിയപ്പെട്ടവരെ നഷ്ടമായും, ശരീരത്തിന് അംഗഭംഗം സംഭവിച്ചും മുറിവേറ്റും ഭീതിദമായ നാളുകൾക്ക് സാക്ഷിയായും ഭയപ്പാടിലായ കുട്ടികളെ മാനസിക പിന്തുണ നൽകി ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഹമദിനു കീഴിലെ സോഷ്യൽ സർവീസ് വിഭാഗത്തിന്റെ ആരോഗ്യ പദ്ധതി. വിദഗ്ധ ചികിത്സയും ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും കൗൺസലിങ്ങും വിനോദ പരിപാടികളുമായി മാനസിക പിന്തുണയും നൽകുന്നു. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റി പാർക്കിൽ നടന്ന പരിപാടിയിൽ എച്ച്.എം.സിയുടെ ഗസ്സ പേഷ്യൻസ് കമ്യൂണിറ്റി സപ്പോർട്ട് ടീം, വിവിധ സ്വകാര്യ ആശുപത്രി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. യുദ്ധഭൂമിയിൽ നിന്നും അതിഥികളായെത്തിയ ഗസ്സക്കാർക്ക് ജീവിത്തിലേക്ക് തിരികെയെത്താനും, കഴിഞ്ഞുപോയ വേദനയുടെ കാലങ്ങൾ അതിജീവിക്കാനും അവരെ ഒപ്പം ചേർത്തുപിടിക്കാനുമുള്ള ദൗത്യമാണ് എച്ച്.എം.സി സോഷ്യൽ സർവിസ് വിഭാഗത്തിന്റേതെന്ന് ഗസ്സ പേഷ്യൻസ് കമ്യൂണിറ്റി സപ്പോർട്ട് ടീം എക്സി. ഡയറക്ടർ ബഷയ്ർ അൽ റാഷിദ്, കോർപറേറ്റ് സോഷ്യൽ സർവിസ് അസി. എക്സി. ഡയറക്ടർ മലീഹ അൽ ഷമാലി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.