വിളിപ്പുറത്തുണ്ട് ‘നസ്മഅക്’; ഉപഭോക്തൃ സേവനം ബെസ്റ്റ്
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷന്റെ കസ്റ്റമർ കെയർ വിഭാഗമായ ‘നസ്മഅക്’ സേവനം രോഗികൾക്കും ആശുപത്രികൾക്കുമിടയിലെ ആശയവിനിമയത്തിന്റെ പ്രധാന ചാനലായി മാറുന്നു. പ്രതിദിനം ‘നസ്മഅക്’ കാൾ സെന്ററിലേക്ക് എത്തുന്നത് 5600 ഫോൺ കാളുകളാണെന്ന് എച്ച്.എം.സി പേഷ്യന്റ് എക്സ്പീരിയൻസ് മേധാവിയും ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ നാസർ അൽ നഈമി പറഞ്ഞു.
നിരവധി സേവനങ്ങളിലൂടെ എച്ച്.എം.സിയുടെ രോഗികളുടെ മുഴുവൻ യാത്രയിലും ‘നസ്മഅക്’ കസ്റ്റമർ സർവിസ് പിന്തുണക്കുന്നുവെന്നും പ്രാദേശിക ദിനപത്രമായ ‘ദി പെനിൻസുല’ക്ക് നൽകിയ അഭിമുഖത്തിൽ നാസർ അൽ നഈമി വ്യക്തമാക്കി.ചികിത്സ സംബന്ധമായ വിവിധ ഘട്ടങ്ങളിലെ ആശയ വിനിമയം മുതൽ ഫീഡ്ബാക്കുകളെ വിശകലനം വരെ ‘നസ്മഅകിൽ ഉൾപ്പെടുന്നു.
പരാതികൾ, അഭിപ്രായങ്ങൾ, രോഗികളുടെ സംതൃപ്തി എന്നിവയുടെ വിവരങ്ങൾ പരിശോധിക്കുന്നതും ഇതിന്റെ ഭാഗമാണ്.ഹമദ് ജനറൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ രാവിലെ ആറ് മുതൽ രാത്രി പത്തു വരെ രോഗികളുടെയും സന്ദർശകരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും നിർദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ട് 65ലധികം ഹെൽപ് ഡെസ്ക്കുകളാണ് ‘നസ്മഅക്’ന് കീഴിലുള്ളതെന്നും, എല്ലാ എച്ച്.എം.സി ആശുപത്രികളിലും സേവനം ലഭ്യമാണെന്നും അൽ നഈമി പറഞ്ഞു.
ഓരോ ആശുപത്രിയിലെയും ‘നസ്മഅക്’ ജീവനക്കാർക്ക് പുറമെ, രോഗികളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും, അപ്പോയിന്റ്മെന്റുകൾ കൈകാര്യം ചെയ്യുന്നതിനും ഫീഡ്ബാക്കുകൾ സ്വീകരിക്കുന്നതിനുമായി മുഴുസമയം പ്രവർത്തിക്കുന്ന കാൾ സെന്ററും എച്ച്.എം.സിക്കുണ്ട്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ എട്ട് ലക്ഷത്തോളം ഫോൺകാളുകൾ ഇവിടെ ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓട്ടോമേഷനും അത്യാധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് എല്ലാ രോഗികൾക്കും സന്ദർശകർക്കും എപ്പോഴും ലഭ്യമാകുന്ന മികച്ച ഉപഭോക്തൃ സേവനം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കോർപറേഷൻ ശ്രമങ്ങൾക്കനുസൃതമായി നിലവിൽ 16060 നമ്പറിൽ ഉപഭോക്തൃ സേവനം ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. അറബി, ഇംഗ്ലീഷ്, ഉർദു, മലയാളം തുടങ്ങി വിവിധ ഭാഷകളിലും ‘നസ്മഅക്’ ഉപഭോക്തൃ സേവനം ലഭ്യമാക്കിയിട്ടുണ്ട്.പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അപ്പോയിന്റ്മെന്റ് ഓർമപ്പെടുത്തുന്നതിനും, സേവനാനന്തര സർവേകൾക്കുമായി ഓട്ടോമേറ്റഡ് സേവനങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. 2006ലാണ് എച്ച്.എം.സി ഹെൽപ് ഡെസ്ക് ആരംഭിക്കുന്നത്. 10 വർഷത്തിനു ശേഷം 2016ൽ ‘നസ്മഅക്’ ആയിമാറി. അതോടെ രോഗികളുമായുള്ള ആശയവിനിമയം 500 ശതമാനമായി ഉയർന്നുവെന്ന് അൽ നഈമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.