പ്രധാന വാണിജ്യകേന്ദ്രമായി ഹമദ് തുറമുഖം
text_fieldsഹമദ് തുറമുഖം
ദോഹ: മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമായി ഹമദ് തുറമുഖം മാറുന്നു. മവാനി ഖത്തർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022ൽ ആകെ കണ്ടെയ്നറുകളുടെ ട്രാൻസ്ഷിപ് പ്രക്രിയയിൽ 30 ശതമാനമാണ് വർധിച്ചിരിക്കുന്നത്. മേഖലയിലെ ട്രാൻസ്ഷിപ്മെൻറിനുള്ള സുപ്രധാന കവാടമായി ഹമദ് തുറമുഖത്തെ മാറ്റിക്കൊണ്ട് ഖത്തറിനെ സജീവമായ പ്രാദേശിക വ്യാപാര കേന്ദ്രമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് മവാനി ഖത്തർ ട്വീറ്റ് ചെയ്തു.
ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നീ മൂന്നു തുറമുഖങ്ങളിലായി 2022ൽ 1435252 കണ്ടെയ്നറുകൾ, 1596826 ടൺ ചരക്ക്, 516839 ടൺ നിർമാണ സാമഗ്രികൾ, 79401 വാഹനങ്ങൾ, 205608 കന്നുകാലികൾ കൈകാര്യം ചെയ്തതായും കമ്പനി വ്യക്തമാക്കി. 2022ൽ ഹമദ് തുറമുഖം വഴി 428021 ടി.ഇ.യു കണ്ടെയ്നറുകളാണ് ട്രാൻസ്ഷിപ് ചെയ്തത്. ഇത് 2022ൽ കൈകാര്യം ചെയ്ത ആകെ കണ്ടെയ്നറുകളുടെ 30 ശതമാനത്തെ പ്രതിനിധാനംചെയ്യുന്നുവെന്നും ട്വീറ്റിൽ ചൂണ്ടിക്കാട്ടി. ഹമദ് തുറമുഖത്തിന്റെ രണ്ടാമത്തെ കണ്ടെയ്നർ ടെർമിനലിനെ (സി.ടി 2) പിന്തുണക്കുന്ന ശക്തമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളോടെ ആകെയുള്ള മിഡിലീസ്റ്റ് വ്യാപാരത്തിൽ ഖത്തറിന്റെ പങ്ക് ഗണ്യമായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മവാനി ഖത്തർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഭൂമിശാസ്ത്രപരമായി ഹമദ് തുറമുഖത്തിന്റെ തന്ത്രപരമായ സ്ഥാനം ഗൾഫിലേക്കും പ്രത്യേകിച്ച് കുവൈത്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെ പിന്തുണക്കാനും തെക്ക് ഒമാനിലേക്കുള്ള ചരക്ക് നീക്കം എളുപ്പമാക്കാനും അവസരമൊരുക്കുന്നു. തുറമുഖത്തേക്ക് മറ്റു ഷിപ്പിങ് ലൈനുകളെ ആകർഷിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെ പിന്തുണച്ച്, ഹമദ് തുറമുഖത്തെ ഗൾഫിന്റെയും ഒമാന്റെയും ട്രാൻസ്ഷിപ്മെൻറ് ഹബായി സ്ഥാപിക്കുമെന്ന് ക്യുടെർമിനൽസ് അതിന്റെ വെബ്സൈറ്റിൽ പറയുന്നുണ്ട്.
ആകെയുള്ള തുറമുഖ ഗതാഗതത്തിൽ ഹമദ് തുറമുഖം സിംഹഭാഗവും കൈവശപ്പെടുത്തിയതിനാൽ ഖത്തർ സമുദ്രമേഖലയെ ഉത്തേജിപ്പിക്കുന്നതിൽ മുൻനിരയിൽനിന്ന് നേതൃത്വം നൽകി. 2021 ഹമദ് തുറമുഖം, തുറമുഖത്തിന്റെ ഒന്നാംഘട്ട 5ജി റോൾഔട്ട് പൂർത്തിയാക്കിയതോടെ മിഡിലീസ്റ്റിലെ ആദ്യത്തെ 5ജി തുറമുഖമായി മാറിയിരുന്നു. 2022 ജനുവരി മുതൽ സെപ്റ്റംബർ വരെ 2167 കപ്പലുകളെയാണ് തുറമുഖങ്ങൾ സ്വീകരിച്ചത്. ഇക്കാലയളവിൽ തന്നെ മൂന്നു തുറമുഖങ്ങളിലായി 59539 വാഹനങ്ങൾ (റോ റോ യൂനിറ്റുകൾ) കൈകാര്യം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.