സ്റ്റേഡിയങ്ങളിലേക്കുള്ള ഹമദിന്റെ ഓട്ടം ഗിന്നസ് ബുക്കിൽ
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന് ലോങ് വിസിൽ മുഴങ്ങി രണ്ടു മാസത്തിലേറെ ദിവസം പിന്നിട്ടതിനു പിന്നാലെ ഖത്തറിന്റെ ഫുട്ബാൾ ആരാധകനെ തേടി ലോക റെക്കോഡിന്റെ സാക്ഷ്യപത്രമെത്തി. നവംബർ 20 മുതൽ ഡിസംബർ 18വരെയുള്ള 29 ദിനങ്ങളിൽ ഖത്തറിലെ വിവിധ വേദികളിൽ നടന്ന ടൂർണമെന്റിൽ കൂടുതൽ മത്സരം സ്റ്റേഡിയത്തിലെത്തി സാക്ഷ്യംവഹിച്ച ആരാധകൻ എന്ന റെക്കോഡ് ഇനി ഹമദ് അബ്ദുൽ അസീസിന് മാത്രം സ്വന്തം.
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനും സൂക്ഷ്മമായ നടപടിക്രമങ്ങൾക്കുമൊടുവിലായിരുന്നു ഫുട്ബാൾ പരിശീലകൻ കൂടിയായ 39കാരൻ ഗിന്നസ് ബുക്ക് അധികൃതരിൽനിന്ന് റെക്കോഡ് സാക്ഷ്യപത്രം ഏറ്റുവാങ്ങിയത്. ഇനിയൊരിക്കലും തകർക്കാൻ കഴിയാത്ത ലോകറെക്കോഡ് എന്ന നേട്ടം കൂടി ഈ ചരിത്രത്തിനുണ്ട്. ലോകകപ്പ് ഫുട്ബാൾ സംഘാടനത്തിന്റെ നട്ടെല്ലായിരുന്ന അൽ ബിദ ടവറിന്റെ മുകൾനിലയിലെ സുപ്രീം കമ്മിറ്റി ഓഫിസിലായിരുന്നു ഇദ്ദേഹം റെക്കോഡിനുള്ള അംഗീകാരം ഏറ്റുവാങ്ങിയത്.
92 വർഷം പഴക്കമുള്ള ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും ഒതുക്കമുള്ള (കോംപാക്ട്) ലോകകപ്പിന് ഖത്തർ വേദിയായപ്പോഴാണ് ഖത്തരി പൗരനായ ഹമദ് അബ്ദുൽ അസീസും റെക്കോഡിനായി ശ്രമിച്ചത്. 75 കിലോമീറ്റർ ചുറ്റളവിൽ എട്ട് സ്റ്റേഡിയങ്ങളിലായി മത്സരം നടന്നപ്പോൾ ലക്ഷ്യം എളുപ്പമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധകർ കൂടുതൽ മത്സരം കാണാൻ പരിശ്രമിച്ചെങ്കിലും ഗിന്നസ് അധികൃതരുടെ മാനദണ്ഡം പാലിച്ച് വേദികളിൽനിന്ന് വേദികളിലേക്ക് ഓടിയെത്തി കളികണ്ടത് ഹമദ് ആയിരുന്നു.
കുഞ്ഞുനാളിൽ ഒരു ഫുട്ബാളറാവാൻ കൊതിച്ച ഹമദ്, ലോകകപ്പ് ഖത്തറിലെത്തിയപ്പോൾ ആ ചരിത്ര നിമിഷത്തിനൊപ്പം പങ്കാളിയാവാൻ തിരഞ്ഞെടുത്തതായിരുന്നു ഈ റെക്കോഡ് ശ്രമം. അങ്ങനെ കളിതുടങ്ങും മുമ്പേ ഗിന്നസ് അധികൃതരുമായി ബന്ധപ്പെട്ട് മാനദണ്ഡം ഉറപ്പാക്കി. ഓരോ മത്സരങ്ങളുടെയും കിക്കോഫ് മുതൽ ഫൈനൽ വിസിൽ വരെ സാക്ഷിയായി എന്നുറപ്പിക്കാൻ രണ്ട് സാക്ഷികളും ഫോമിൽ അവരുടെ ഒപ്പും വേണം. അതിന് ആളുകളെ സജ്ജമാക്കിയായിരുന്നു ഓരോ വേദികളിലേക്കുമുള്ള ഓട്ടം.
‘മത്സര ഷെഡ്യൂൾ പരിശോധിച്ചപ്പോൾ ഒരു ദിവസം പരമാവധി മൂന്ന് കളിവരെ കാണാൻ കഴിയുമെന്ന് വ്യക്തമായി. എന്നാൽ, സ്റ്റേഡിയത്തിലേക്ക് ഓടിയെത്തുക വെല്ലുവിളിയായിരുന്നു. ഒരുകളി കഴിഞ്ഞ് അടുത്തവേദിയിലേക്ക് ഓടിയെത്താൻ സഹോദരൻ ഒപ്പം നിന്നു. കളി കഴിഞ്ഞയുടൻ സാക്ഷി ഒപ്പിനായി ശ്രമിക്കുമ്പോൾ തോറ്റ ടീമിന്റെ ആരാധകർക്ക് ഒപ്പിടുകയെന്നത് പ്രയാസമായിരുന്നു.
ചിലപ്പോൾ എന്റെ സാക്ഷി ടീമിന്റെ തോൽവിയുടെ നിരാശയിൽ നേരത്തെ സ്റ്റേഡിയം വിടും. അതിനാൽ, ഓരോ മത്സരത്തിനും മൂന്നും നാലും സാക്ഷികളെ ഏർപ്പാടാക്കി പ്രശ്നം പരിഹരിച്ചു. എല്ലാവരും നിറഞ്ഞ പിന്തുണയോടെ ഒപ്പം നിന്നു. മാച്ച് ടിക്കറ്റുകൾ പരമാവധി സ്വന്തമാക്കാൻ അടുത്ത സുഹൃത്തുക്കൾ സഹായിച്ചു’-ഹമദ് അബ്ദുൽ അസീസ് പറയുന്നു.
ഗ്രൂപ് റൗണ്ടിൽ നാലു മത്സരങ്ങൾ നടന്നപ്പോൾ മൂന്ന് കളിയും കണ്ടായിരുന്നു ഇദ്ദേഹത്തിന്റെ റെക്കോഡ് ജൈത്രയാത്ര. ഹമദ് ബിൻ ഖലീഫ സർവകലാശാലയിൽനിന്ന് മാസ്റ്റേഴ്സ് ബിരുദം നേടിയ ഹമദ്, നേരത്തെ സാമ്പത്തിക മേഖലയിലായിരുന്നു ജോലിചെയ്തിരുന്നത്. പിന്നീട് ഖത്തർ 2022ന്റെ ഭാഗമായി ജനറേഷൻ അമേസിങ് പദ്ധതിയിൽ പരിശീലകനായി പ്രവർത്തിക്കുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.