മൂലകോശ മാറ്റ ശസ്ത്രക്രിയയിൽ നേട്ടവുമായി ഹമദ്
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ നാഷനൽ സെൻറർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ചിലെ അസ്ഥി മജ്ജ മാറ്റിവെക്കൽ യൂനിറ്റിൽ 147 മൂലകോശ മാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. കോവിഡ് മഹാമാരിയുയർത്തിയ വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമിടയിൽ 42 അലോജനിക് ബ്ലഡ് സ്റ്റെം ട്രാൻസ്പ്ലാൻറുകളും 105 ഓട്ടോലോഗോസ് ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറുകളുമാണ് യൂനിറ്റിൽ നടത്തിയത്. രക്താർബുദ ചികിത്സ രംഗത്ത് വളരെ ഫലപ്രദമായ തെറപ്പിയാണ് ബോൺ മാരോ ട്രാൻസ്പ്ലാൻറ് (ബി.എം.ടി) അഥവാ അസ്ഥി മജ്ജ മാറ്റിവെക്കൽ. പലപ്പോഴും രോഗശമനത്തിനും അല്ലെങ്കിൽ രക്താർബുദം തന്നെ ഭേദമാക്കുന്നതിനും ബി.എം.ടി ഉപകരിക്കുമെന്ന് എൻ.സി.സി.സി.ആറിലെ ബോൺ മാരോ ട്രാൻസ്പ്ലാൻറ് യൂനിറ്റ് മേധാവി ഡോ. ജാവിദ് ഗാസിവ് പറഞ്ഞു.
മൂലകോശം മാറ്റിവെക്കുക വഴി നിർജീവമായ അസ്ഥി മജ്ജയെ ആരോഗ്യകരമാക്കി മാറ്റുകയും ഇത് അർബുദത്തെ ഇല്ലാതാക്കാനും അതിലുപരി രോഗിയുടെ രക്ത, രോഗപ്രതിരോധ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും ആരോഗ്യകരമായ അവസ്ഥയിലേക്ക് തിരികെയെത്താനും സഹായിക്കുന്നുവെന്നും ഡോ. ജാവിദ് ഗാസിവ് കൂട്ടിച്ചേർത്തു. അലോജനിക് സ്റ്റെം സെൽ ട്രാൻസ്പ്ലാന്‍റേഷൻ ഈ രംഗത്തെ ഏറ്റവും മുന്നിട്ടു നിൽക്കുന്ന ചികിത്സാരീതിയാണെന്നും എൻ.സി.സി.സി.ആറിനെ സംബന്ധിച്ച് ഇതിനുള്ള സംവിധാനമൊരുക്കിയത് വലിയ നേട്ടമാണെന്നും ഡോ. ഗാസിവ് സൂചിപ്പിച്ചു. മൂലകോശം മാറ്റിവെക്കുന്നതിൽ വിദഗ്ധരും പരിചയസമ്പന്നരുമായ ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ എന്നിവരടങ്ങിയ സംഘമാണ് ബി.എം.ടിയിലുള്ളത്. ട്രാൻസ്ഫ്യൂഷ്യൻ മെഡിസിൻ, ലബോറട്ടറി മെഡിസിൻ, സ്റ്റെം സെൽ പ്രൊസസിങ് ലബോറട്ടറി എന്നിവയും ഇതിൽ സുപ്രധാന പങ്കു വഹിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഖത്തറിെൻറ ഹീമാറ്റോപോയറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് പ്രോഗ്രാം ഇന്ന് ലോകത്തിലെ മുൻനിര സ്റ്റെംസെൽ കേന്ദ്രങ്ങളുടെ ഗണത്തിലാണ് എണ്ണപ്പെടുന്നത്. കോവിഡ് മഹാമാരിക്കിടയിലും എല്ലാപ്രതിസന്ധികളും മറികടന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 25 അലോജനിക്, 50 ഓട്ടോലോഗോസ് ട്രാൻസ്പ്ലാൻറുകളാണ് വിജയകരമായി പൂർത്തിയാക്കിയതെന്നും േപ്രാഗ്രാം ആരംഭിച്ചത് മുതൽ 147 മൂലകോശം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ഖത്തറിൽ വിജയകരമായി പൂർത്തിയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവൻരക്ഷാ രംഗത്ത് ഏറ്റവും ഉയർന്നു നിൽക്കുന്ന ചികിത്സകളിലൊന്നാണ് മൂലകോശം മാറ്റിവെക്കൽ സംവിധാനം. രക്തത്തിലെ കോശങ്ങളുടെ തകാറുകൾ മൂലമുള്ള സിക്കിൾസെൽ ഡിസീസ്, തലാസീമിയ തുടങ്ങിയ രോഗങ്ങൾക്കും രക്താർബുദത്തിനുമാണ് ഈ രീതി പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. 2015ലാണ് ഓട്ടോലോഗോസ് ട്രാൻസ്പ്ലാൻറ് ഖത്തറിൽ ആരംഭിച്ചത്, അലോജനിക് ട്രാൻസ്പ്ലാൻറ് 2017ലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.