ഇസ്മായിൽ ഹനിയക്ക് ആയിരങ്ങളുടെ യാത്രാമൊഴി; ഖത്തറിൽ അന്ത്യവിശ്രമം
text_fieldsദോഹ: ബുധനാഴ്ച ഇറാനിലെ തെഹ്റാനിൽ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയക്ക് ആയിരങ്ങളുടെ യാത്രാമൊഴി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽവാഹാബ് പള്ളിയിൽ നടന്ന ജനാസ നമസ്കാര ശേഷം, ലുസൈലിലെ ഖബർസ്ഥാനിൽ ഖബറടക്കി.
രാഷ്ട്ര നേതാക്കളും വിവിധ അറബ് രാഷ്ട്രങ്ങളുടെ പ്രതിനിധികളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരങ്ങളാണ് ഫലസ്തീന്റെ പോരാട്ടങ്ങൾക്ക് നായകത്വം വഹിച്ച രക്തസാക്ഷിയുടെ അന്ത്യയാത്രക്കായി ദോഹയിലെ വലിയ പള്ളിയിലേക്ക് ഒഴുകിയെത്തിയത്. വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത സുരക്ഷയായിരുന്നു ദോഹയിലും ജനാസ നമസ്കാരം നടന്ന പള്ളിയുടെ സമീപത്തും ഒരുക്കിയത്.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഖത്തർ പ്രധാനമന്ത്രിയും വിശേദകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ, ശൂറാകൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, തുർക്കിയ വൈസ് പ്രസിഡന്റ് സിദെത് യിൽമസ്, വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ, മലേഷ്യൻ ആഭ്യന്തര സഹമന്ത്രി ഷംസുൽ അനുർ നസറ, മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് യൂസുഫ് കലാ, ഹമാസ് രാഷ്ട്രീയകാര്യ സമിതി ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് മിഷ്അൽ, ആഗോള ഇസ്‍ലാമിക പണ്ഡിതസഭ അധ്യക്ഷൻ ഡോ. അലി അൽ ഖറദാഗി തുടങ്ങിയവർ ജനാസ നമസ്കാരത്തിൽ പങ്കെടുത്തു.
ഫലസ്തീന് പിന്തുണയർപ്പിക്കുന്ന മുദ്രാവാക്യങ്ങളും ദേശീയ പതാകയും ഷാളും കഫിയ്യയും അണിഞ്ഞായിരുന്നു ആയിരങ്ങൾ പള്ളിയിലേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.