ഗസ്സ വെടിനിർത്തൽ: ഹമാസിന്റേത് അനുകൂല പ്രതികരണമെന്ന് ഖത്തർ
text_fieldsദോഹ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനുള്ള നീക്കങ്ങൾക്ക് ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുൽ റഹ്മാൻ ആൽഥാനി അറിയിച്ചു. പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഖത്തർ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വെടിനിർത്തൽ സാധ്യമാക്കി യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മുന്നോട്ടുവെച്ച കരാറിനോട് അനുകൂലമായ സമീപനമാണ് ഹമാസ് സ്വീകരിച്ചത്. എത്രയും പെട്ടെന്ന് കരാര്‍ പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഹമാസിന്റെ പ്രതികരണം ഇസ്രായേലിനെ അറിയിച്ചതായും ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറിനായി ഇസ്രായേലില്‍ സമ്മര്‍ദം ചെലുത്തുമെന്നും ആൻറണി ബ്ലിങ്കനും വ്യക്തമാക്കി. യുദ്ധാനന്തരം ഇസ്രായേലുമായുള്ള അറബ് രാജ്യങ്ങളുടെ നോര്മലൈസേഷന് ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കും. അതോടൊപ്പംതന്നെ ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കി സ്വതന്ത്ര ഫലസ്തീന് നിലവില്‍ വരണം, ഇതിനായി സമയക്രമം നിശ്ചയിക്കണമെന്നും ബ്ലിങ്കന്‍ പറഞ്ഞു.
നവംബറിലെ താൽക്കാലിക വെടിനിർത്തലിനുശേഷം, വീണ്ടും യുദ്ധം ശക്തമായതോടെ ശാശ്വത വെടിനിർത്തൽ ശ്രമവുമായി ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ സംയുക്ത ശ്രമങ്ങളാണ് ഇപ്പോൾ തുടരുന്നത്. ഗസ്സയിൽ ഇസ്രായേൽ അധിനിവേശസേന ആക്രമണം ആരംഭിച്ചശേഷം അഞ്ചാമത്തെ തവണയാണ് ആൻറണി ബ്ലിങ്കൻ ഖത്തറിലെത്തുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും ആൻറണി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ലുസൈൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഗസ്സയിലെ വെടിനിർത്തൽ സാധ്യമാക്കാനും സാധാരണക്കാർക്കെതിരായ ആക്രമണം അവസാനിപ്പിക്കാനും മാനുഷിക സഹായമെത്തിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.