അമീറിൽനിന്ന് മെഡൽ ഏറ്റുവാങ്ങി ഹാനി
text_fieldsദോഹ: ഖത്തർ സർവകലാശാലയിൽനിന്ന് മികച്ച വിജയം നേടിയതിന് അമീറിന്റെ സ്വർണമെഡൽ നേടിയവരിൽ നാദാപുരം നരിപ്പറ്റ സ്വദേശി ഹാനി ജസിൻ ജാഫറും. യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡിസ്റ്റിങ്ഷനോടുകൂടി ബിരുദം നേടിയാണ് ഹാനി ജാഫർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽനിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങിയത്. ബുധനാഴ്ചയായിരുന്നു സർവകലാശാലയുടെ 47ാമത് ബിരുദദാന ചടങ്ങ് നടന്നത്. സർവകലാശാലക്ക് കീഴിലെ വിവിധ കോളജുകളിൽനിന്ന് ഉന്നതവിജയം നേടിയ 133 വിദ്യാർഥികളാണ് അമീറിൽനിന്ന് സ്വർണമെഡൽ സ്വീകരിച്ചത്.
ഖത്തർ യൂനിവേഴ്സിറ്റിയിൽനിന്ന് സ്കോളർഷിപ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിരുന്നു. ഖത്തർ കെ.എം.സി.സി നേതാവ് ജാഫർ തയ്യിലിന്റെയും നാദാപുരം കക്കാടൻ റസീനയുടെയും മകനാണ് ഹാനി ജസിൻ. ദോഹ ബിർള പബ്ലിക് സ്കൂളിൽനിന്ന് മികച്ച മാർക്കിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഹാനി ബിരുദപഠന കാലയളവിൽ ഫിഫ ഖത്തർ 2022, ഖത്തർ ഫൗണ്ടേഷൻ ഹമദ് ബിൻ ഖലീഫ സർവകലാശാല കമ്പ്യൂട്ടർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു.
ഖത്തർ സർക്കാർ മേഖലയിൽ ജോലി ചെയ്യുകയാണ് പിതാവ് ജാഫർ. കെ.എം.സി.സി വിദ്യാർഥി കൂട്ടായ്മയായ ഗ്രീൻ ടീൻസ് പ്രവർത്തകസമിതി അംഗമാണ് ഹാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.