ഹരമായി സൈക്കിൾ സവാരി, അൽഖോറിൽ വൻകിട പാത തുറന്നു
text_fieldsദോഹ: അൽഖോർ റോഡിൽ 38 കിലോമീറ്റർ നീളത്തിൽ കാൽനട, സൈക്കിൾ പാത പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ തുറന്നുകൊടുത്തു.റോഡിൻെറ കിഴക്കുവശത്തായി ഒളിംപിക് സൈക്ലിങ് ട്രാക്കുമായി സംയോജിപ്പിച്ചാണ് അശ്ഗാൽ പുതിയ കാൽനട, സൈക്കിൾപാത പൊതുജനത്തിനായി തുറന്നുകൊടുത്തത്.
സൈക്ലിങ്ങിനും നടത്തത്തിനും തൽപരരായവർക്ക് പൂർണ സുരക്ഷിതത്വത്തോടെ പരിശീലനം നടത്താൻ കൂടുതൽ അവസരം നൽകുന്നതാണ് പുതിയ ട്രാക്ക്. ആറ് മീറ്റർ വീതിയിൽ 18 അണ്ടർ പാസുകളിലൂടെയുള്ള ട്രാക്കായതിനാൽ തടസ്സമില്ലാത്തതും സുഗമമായതുമായ അനുഭവം നൽകാനാകും. ട്രാക്കിനോടൊപ്പം 80 സൈക്കിൾ പാർക്കിങ് പോയൻറുകൾ, 100 ഇരിപ്പിടങ്ങൾ, 20 വിശ്രമകേന്ദ്രങ്ങൾ എന്നിവയും പണി കഴിപ്പിച്ചിട്ടുണ്ട്.
നടക്കാനിറങ്ങുന്നവർക്കും സൈക്ലിസ്റ്റുകൾക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിൻെറ ഭാഗമായി ആറ് സൈക്ലിങ് കൗണ്ടറുകളും അശ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്. നാല് കൗണ്ടറുകൾ ഒളിംപിക് സൈക്ലിങ് ട്രാക്കിലും രണ്ടെണ്ണം നടത്തത്തിനും സൈക്ലിങ്ങിനും ഉപയോഗിക്കുന്ന പൊതുട്രാക്കിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. തീയതി, സമയം, കാലാവസ്ഥ, അന്തരീക്ഷ താപനില തുടങ്ങിയ ഉപയോഗപ്രദമായ വിവരങ്ങൾ നൽകാൻ ഇവിടെ സ് ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾക്കാകും.
കാറ്റ്, മൂടൽമഞ്ഞ് തുടങ്ങിയ മോശം കാലാവസ്ഥ സമയങ്ങളിലും അല്ലെങ്കിൽ ട്രാക്കിലെന്തെങ്കിലും അപകടം സംഭവിച്ചാലും റൈഡേഴ്സിന് മുന്നറിയിപ്പ് നൽകാനും ഉപകരണത്തിനാകും. കൂടാതെ മണിക്കൂറിൽ ദിവസത്തിലും വർഷത്തിലും എത്ര സൈക്കിളുകൾ ട്രാക്കിലെത്തുന്നുണ്ടെന്ന കണക്കുകളും ഭാവി പഠനങ്ങൾക്കാവശ്യമായ വിവരങ്ങളും ഉപകരണങ്ങൾ വഴി ലഭ്യമാകും. പ്രധാന കായിക ചാമ്പ്യൻഷിപ്പുകൾ സംബന്ധിച്ച പരസ്യങ്ങൾ പതിക്കാനും ഈ ഉപകരണങ്ങൾ വഴി സാധ്യമാകും.
അൽ ഗറാഫ മേഖലയിൽ സബാഹ് അൽ അഹ്മദ് ഇടനാഴിയോട് ചേർന്ന് പുതിയ അൽ ഹാതിം സ്ട്രീറ്റിൽ പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ ഈയടുത്ത് മറ്റൊരു സൈക്കിൾ പാത തുറന്നുകൊടുത്തിരുന്നു. പ്രദേശവാസികൾക്ക് ശാരീരിക വ്യായാമങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൂടുതൽ സൗകര്യമൊരുക്കാനാണിത്. 5.4 കിലോമീറ്റർ നീളമാണ് ഇതിനുള്ളത്.
രാജ്യത്തുടനീളം സൈക്കിൾ പാതകൾ നിർമിക്കുന്നതിൻെറ ഭാഗമായി ബ്യൂട്ടിഫിക്കേൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റിയും സാംസ്കാരിക, കായിക മന്ത്രാലയത്തിനു കീഴിലെ ഖത്തർ സൈക്ലിസ്റ്റ്സ് സെൻററും തമ്മിൽ നേരത്തേ ധാരണപത്രം ഒപ്പുവെച്ചിരുന്നു.
അൽ ഗറാഫയിൽ സൈക്കിൾ പാതയോടൊപ്പം ചേർന്ന് 5.8 കിലോമീറ്റർ നീളത്തിൽ നടപ്പാതയും നിർമിച്ചിട്ടുണ്ട്. 336 ലൈറ്റിങ് പോളുകളും 22 സൈക്കിൾ പാർക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ദോഹ എക്സ്പ്രസ്വേയുമായി ചേർന്ന് 40 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ പാതയും നിർമിച്ചിട്ടുണ്ട്.
ചൂടുകൂടുന്നു, സൈക്കിൾ ആവേശവും
രാജ്യത്ത് സൈക്ലിങ്ങിന് പ്രിയം കൂടിവരുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ പൊതുഗതാഗതസൗകര്യങ്ങൾ നിലച്ച ഘട്ടത്തിൽ കൂടുതൽ ആളുകൾ സൈക്ലിങ് ഹോബിയാക്കുകയും ചെയ്തിരുന്നു. ഇത്തരക്കാർക്കായി അശ്ഗാൽ അത്യധുനിക സൗകര്യങ്ങളോടെയുള്ള സൈക്കിൾ പാതകളാണ് രാജ്യത്തുടനീളം തയാറാക്കുന്നത്. ചൂടുകൂടുന്നതോടെ വൈകുന്നേരങ്ങളിൽ സൈക്ലിങ് ആവേശവും കൂടുന്നുണ്ട്. കൂട്ടിയോജിപ്പുകളില്ലാത്ത ലോകത്തെ ഏറ്റവും വലിയ സൈക്കിൾപാത നിർമിച്ച് അശ്ഗാൽ ഈയടുത്ത് ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടം പിടിച്ചിരുന്നു.
32.869 കിലോമീറ്ററാണ് ഈ സൈക്കിൾ പാതയുടെ നീളം. സൈക്കിൾ പാതക്ക് പുറമേ ജോയിൻറുകളില്ലാതെ ഏറ്റവും നീളം കൂടിയ റോഡ് ടാറിങ്ങിനാണ് മറ്റൊരു ഗിന്നസ് റെക്കോർഡിന് അശ്ഗാൽ അർഹരായിരിക്കുന്നത്. 25.275 കിലോമീറ്റർ നീളത്തിലാണ് തുടർച്ചയായി റോഡ് ടാർ ചെയ്ത് അശ്ഗാൽ റെക്കോഡ് സ്ഥാപിച്ചത്. അൽഖോർ റോഡ് പദ്ധതിയുടെ ഭാഗമായാണ് രണ്ട് ഗിന്നസ് റെക്കോഡുകളും അശ്ഗാൽ കരസ്ഥമാക്കിയിരിക്കുന്നത്. 27 ദിവസമെടുത്ത് ഇതിൽ 10 ദിവസം തുടർച്ചയായാണ് 65 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമിച്ചത്. ഇതിലാണ് ജോയിൻറുകളില്ലാതെ 28 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് ടാറിങ് ഉൾപ്പെടുന്നത്. സുരക്ഷിതമായ സൈക്കിൾ പാതയൊരുക്കുന്നതിൻെറ ഭാഗമായാണ് ദൈർഘ്യമുള്ള ഒളിംപിക് സൈക്കിൾ ട്രാക്ക് നിർമിച്ച് അശ്ഗാൽ റെക്കോഡിട്ടത്.
33 കിലോമീറ്റർ നീളത്തിൽ ഏഴ് മീറ്റർ വീതിയിലാണ് സൈക്കിൾ പാത നിർമിച്ചിരിക്കുന്നത്. രാജ്യാന്തര സൈക്ലിങ് ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകാൻ ട്രാക്കുകൾക്ക് സാധിക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ഇവിടെ സൈക്കിൾ ഓടിക്കാൻ കഴിയും. 29 ടണലുകളും അഞ്ച് പാലങ്ങളുമടങ്ങിയതാണ് ഒളിംപിക് സൈക്കിൾ ട്രാക്ക്. ഖത്തർ യൂനിവേഴ്സിറ്റി, ലുസൈൽ സ്റ്റേഷൻ, ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ട്, സിമൈസിമ ഇൻറർചെയ്ഞ്ച്, അൽ ബയ്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായി ട്രാക്കിനൊപ്പം അഞ്ച് കാർ പാർക്കിങ് ഏരിയയും അശ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്. 2022 ആകുമ്പോഴേക്ക് രാജ്യത്തുടനീളം 2650 കിലോമീറ്റർ നീളത്തിൽ നടപ്പാതയും സൈക്കിൾപാതയും നിർമിക്കാനുള്ള തയാറെടുപ്പിലാണ് അശ്ഗാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.