ആരോപണങ്ങൾ തള്ളി ഹസൻ അൽ തവാദി
text_fieldsദോഹ: ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ മരണം സംബന്ധിച്ച് 'ദി ഗാർഡിയൻ' പത്രം പ്രസിദ്ധീകരിച്ച കണക്കുകൾ ശുദ്ധ അസംബന്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും റിപ്പോർട്ടിനെ തള്ളിക്കളയുന്നുവെന്നും സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി.
ഉദ്വേഗജനകമായ തലക്കെട്ടുകളിൽ ജനങ്ങൾക്ക് ആശങ്കകൾ ഉണ്ടായേക്കാം. എന്നാൽ, ഇത്തരം വാർത്തകൾക്കും കണക്കുകൾക്കും പുറത്തുള്ള സത്യാവസ്ഥകൾ കണ്ടെത്തുകയെന്നുള്ളതാണ് വളരെ പ്രധാനമെന്നും ഹസൻ അൽ തവാദി പറഞ്ഞു. സി.എൻ.എൻ റിപ്പോർട്ടർ ബെക്കി ആൻഡേഴ്സണുമായി അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലാളികളുടെ മരണറിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികൾതന്നെ അന്വേഷണത്തിലാണ്. എല്ലാ സാഹചര്യങ്ങളിലും ഖത്തർ നിരന്തരം അതിെൻറ സുതാര്യത തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകൾക്ക് ഇവിടെ യഥേഷ്ടം വരുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്യാവുന്നതാണ്. ആ റിപ്പോർട്ടുകൾ ഖത്തറിൽനിന്നുതന്നെ പ്രസിദ്ധീകരിക്കാനും സാധിക്കും -അദ്ദേഹം വിശദീകരിച്ചു.
അന്താരാഷ്ട്ര ടീമുകളും കളിയാരാധകരും ഖത്തറിലെ ലോകകപ്പ് ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ ഗൗരവത്തിലെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ അൽ തവാദി, ടൂർണമെൻറ് സമയത്ത് ഖത്തറിനെ കുറിച്ച് ആരാധകരുൾപ്പെടുന്ന ജനവിഭാഗം കൂടുതൽ പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ഖത്തർ ലോകകപ്പ് ആതിഥേയത്വം നേടിയത് മുതൽ ഖത്തറിനെതിരായ ആരോപണങ്ങളും വിമർശനങ്ങളും തുടർക്കഥയാണെന്നും നിലവിലെ സാഹചര്യത്തിൽ ആരോപണങ്ങളെല്ലാം അതിെൻറ തീവ്രമായ സ്വഭാവത്തിലായിരിക്കുകയാണെന്നും ലോകകപ്പ് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ ഖാതിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.