എല്ലാവർക്കും സുഖയാത്ര; ഹമദിന് അന്താരാഷ്ട്ര അംഗീകാരം
text_fieldsദോഹ: ഖത്തറിന്റെ പ്രധാന കവാടമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും അംഗീകാരത്തിളക്കം. എല്ലാ വിഭാഗം യാത്രക്കാർക്കും എളുപ്പത്തിൽ യാത്ര സുഖകരമാവുന്ന രീതികൾക്കുള്ള അംഗീകാരമായി എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ വേൾഡിന്റെ ആക്സസിബിലിറ്റി എൻഹാൻസ്മെന്റ് അക്രഡിറ്റേഷനാണ് ഹമദിന് ലഭിച്ചത്.
ഭിന്നശേഷിക്കാരും പ്രായംചെന്നവരും രോഗികളും കുട്ടികളും ഉൾപ്പെടെ എല്ലാ വിഭാഗം യാത്രക്കാർക്കും വിമാനയാത്ര സുഖകരമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സജ്ജീകരണമാണ് ഈ അംഗീകാരത്തിനായി വിലയിരുത്തപ്പെടുന്നത്. വിമാനത്താവളത്തിൽ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിലും തുല്യമായ ഉപഭോക്തൃ അനുഭവങ്ങൾ ഉറപ്പാക്കുന്നതിലുമായി 2022 ആഗസ്റ്റിലാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ ഈ അക്രഡിറ്റേഷൻ പ്രോഗ്രാം അവതരിപ്പിക്കുന്നത്.
വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരുടെ സൗകര്യങ്ങൾ കൂടുതൽ സുഖകരവും യാത്ര അനായാസകരവും സുരക്ഷിതവുമാക്കാനുള്ള മാർഗങ്ങൾ അവതരിപ്പിച്ചതിനുള്ള അംഗീകാരംകൂടിയാണ് അക്രഡിറ്റേഷൻ. വിമാനത്താവളത്തിലെ വിശാലമായ സംവിധാനങ്ങളെല്ലാം ഭിന്നശേഷിക്കാരും വൈകല്യമുള്ളവരും പ്രായംചെന്നവരും രോഗികളുമായ യാത്രക്കാരെ പരിപാലിക്കുന്നതിനുവേണ്ടിക്കൂടിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഭിന്നശേഷിക്കാർക്കുള്ള മുസ്ൻ-ലോഞ്ച് സെൻസറി റൂം, പ്രത്യേകം രൂപകൽപന ചെയ്ത വാഷ്റൂമുകൾ, വിശാലമായ ടെർമിനലിനുള്ളിലെ ഷട്ടിൽ സേവനങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. കൂടാതെ, വിമാനത്താവളത്തിലെ ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെക്കുന്ന ഇൻഫർമേഷൻ ഡെസ്ക്കിലെ ഉപഭോക്തൃ സേവന പ്രതിനിധികൾ, കൂടെ യാത്രചെയ്യുന്ന വളർത്തുമൃഗങ്ങൾക്കായി പ്രത്യേകം സജ്ജമാക്കിയ അനിമൽ റിലീഫ് ഏരിയ എന്നിവയും ഇതിന്റെ ഭാഗമാണ്.
ശാരീരികപ്രയാസം നേരിടുന്നവർ, കേൾവി, കാഴ്ചക്കുറവുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്ന യാത്രക്കാർ എല്ലാവർക്കും സുഗമമായ യാത്രാസൗകര്യമാണ് ഹമദ് ഒരുക്കുന്നത്.ഏറെ പ്രശസ്തമായ എ.സി.ഐ ആക്സസിബിലിറ്റി എൻഹാൻസ്മെന്റ് അക്രഡിറ്റേഷൻ ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് ഓപറേഷൻ വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ഇയോന്നിസ് മെറ്റ്സോവിറ്റിസ് പറഞ്ഞു.
എല്ലാ വിഭാഗം യാത്രക്കാർക്കും വ്യോമഗതാഗതത്തിനുള്ള സൗകര്യം മൗലികാവകാശമാണെന്ന് വിശ്വസിക്കുന്നു. തടസ്സങ്ങളും ബുദ്ധിമുട്ടും ഇല്ലാതെ എല്ലാവരെയും ഉൾക്കൊള്ളുക എന്ന പ്രതിബദ്ധതക്കുകൂടിയാണ് ഈ അംഗീകാരം -അദ്ദേഹം പറഞ്ഞു.
കൂടുതൽ പ്ലാനുകൾ വികസിപ്പിക്കുക, യാത്രയിലുടനീളം ഉത്തരവാദിത്തത്തോടെ പ്രവേശനക്ഷമത ഉറപ്പാക്കൽ എന്നിവ അംഗീകാരത്തിൽ ഏറെ സഹായകമായി. മൂന്നു വർഷത്തേക്കാണ് എ.സി.ഐ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ കാലയളവിൽ തന്നെ സേവനങ്ങളും നയങ്ങളും പരിഷ്കരിക്കുന്നത് വിമാനത്താവളം തുടരുകയും ചെയ്യും.
വിശിഷ്ട നേട്ടം മിഡിലീസ്റ്റിലെ വിമാനത്താവളങ്ങൾക്ക് പുതിയ മാനദണ്ഡം സ്ഥാപിക്കുന്നതോടൊപ്പം ആക്സസിബിലിറ്റി, ഇൻക്ലൂസിവിറ്റി എന്നിവക്കായി പരിശ്രമിക്കാൻ വ്യോമമേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.