ഹയാ 1+3; അതിഥികൾക്ക് 500 റിയാൽ ഫീസ്
text_fieldsദോഹ: ഹയാ കാർഡുള്ള ആരാധകർക്ക് മൂന്നുപേരെ വരെ ഖത്തറിലേക്ക് ക്ഷണിക്കാമെന്ന് ഓർമപ്പെടുത്തി സുപ്രീം കമ്മിറ്റി. മാച്ച് ടിക്കറ്റ് വാങ്ങിയതിനുശേഷം ഹയാ കാർഡ് സ്വന്തമാക്കിയ ആരാധകർക്കാണ് ബന്ധുക്കളും സുഹൃത്തുക്കളുമായി മൂന്നുപേരെ വരെ ഖത്തറിലേക്ക് അതിഥികളായി ക്ഷണിക്കാനുള്ള അനുവാദം നൽകിയത്. എന്നാൽ, ഒരാൾക്ക് 500 റിയാൽ വീതം നൽകിയാണ് പ്രവേശനാനുമതി നൽകുകയെന്ന് സുപ്രീം കമ്മിറ്റി അറിയിപ്പിൽ വ്യക്തമാക്കി.
12 വയസ്സിനുതാഴെയുള്ള കുട്ടികൾക്ക് ഫീസ് ഈടാക്കില്ല. ഈ സൗകര്യം ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് വിൽപനഘട്ടം മുതൽ അനുവദിച്ചുതുടങ്ങുമെന്ന് അറിയിച്ചു. സെപ്റ്റംബർ അവസാന വാരത്തോടെ ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് വിൽപന സംബന്ധിച്ച് വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചത്. ഈ മാസം ആദ്യത്തിലാണ് ഹയാ കാർഡ് വഴി കൂടുതൽ കാണികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഇളവ് പ്രഖ്യാപിച്ചത്. ടിക്കറ്റ് സ്വന്തമാക്കിയ കാണികൾക്ക് ടിക്കറ്റില്ലാത്ത ബന്ധുക്കളും സുഹൃത്തുക്കളുമായവരെ ലോകകപ്പ് വേദിയിലെത്തിക്കുന്നത് സംബന്ധിച്ച ആവശ്യമുയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.
ലോകമെങ്ങുമുള്ള ആരാധകർ ഏറെ ആവേശത്തോടെയാണ് കൂടുതൽപേർക്ക് അനുമതി നൽകാനുള്ള തീരുമാനത്തെ സ്വാഗതംചെയ്തത്. എന്നാൽ, സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് ഇവർക്ക് മാച്ച് ടിക്കറ്റ് നിർബന്ധമാണ്. ഖത്തറിലെത്തിയശേഷം മാച്ച് ടിക്കറ്റ് എടുത്താൽ ഹയാ കാർഡുമായി ബന്ധപ്പെടുത്താൻ സൗകര്യമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.