ഹയാ കാർഡ്; അതിഥിപ്പട്ടിക ‘റീ സെറ്റ്’ ചെയ്യാം
text_fieldsദോഹ: ലോകകപ്പ് വേളയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആതിഥേയത്വം നൽകിയ ഖത്തറിലെ ഹയ്യാ കാർഡ് ഉടമകൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ പുനഃക്രമീകരിക്കാൻ നിർദേശം. ഖത്തറിൽ താമസക്കാരായ ഹയ്യാ കാർഡ് ഉടമകൾക്ക് തങ്ങളുടെ വീടുകളും താമസ സ്ഥലവും ബന്ധുകൾക്ക് താമസത്തിന് നൽകി ആതിഥേയത്വമൊരുക്കാൻ നൽകിയ അവസരത്തിലാണ് മാറ്റങ്ങൾ വരുത്താൻ അനുവാദം നൽകിയത്. ഹോസ്റ്റ് എ ഫാനിൽ രജിസ്റ്റർ ചെയ്ത ഹയ്യാ ഉടമകൾക്ക് ഇതുസംബന്ധിച്ച് ഇ-മെയിൽ വഴി സന്ദേശം ലഭിച്ചു. ഇതുപ്രകാരം ലോകകപ്പ് വേളയിൽ തങ്ങളുടെ അക്കൗണ്ടിൽ ചേർത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരുവിവരങ്ങൾ ഒഴിവാക്കി പുതിയത് ചേർക്കാം. നേരത്തേ നൽകിയ വിവരങ്ങൾ റദ്ദാക്കപ്പെടുകയും ചെയ്യും.
ഇന്റർനാഷനൽ ഹയ്യാ കാർഡുള്ളവർക്ക് ഖത്തർ സന്ദർശിക്കാൻ 2024 ജനുവരി വരെ അവസരം നൽകിയതിന്റെ തുടർച്ചയായാണ് ഇവിടെ താമസമൊരുക്കിയവർക്ക് ‘റീ സെറ്റ്’ സൗകര്യം അനുവദിച്ചത്. ലോകകപ്പ് വേളയിൽ ഖത്തറിലെത്തിയവർ വീണ്ടും വരുമ്പോൾ താമസം രജിസ്റ്റർ ചെയ്യേണ്ടതാണ്. ആതിഥ്യം നൽകുന്നവരുടെ താമസ സ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്. ഹോട്ടലിലാണ് താമസിക്കുന്നതെങ്കിൽ ആ വിവരവും കൃത്യമായി നൽകണം.
അതേസമയം, ഹയ്യാ പോർട്ടലിൽനിന്ന് ഒഴിവാക്കപ്പെടുന്ന സുഹൃത്തുക്കളും ബന്ധുക്കളുമായി അതിഥികളുടെ ഹയ്യാ സ്റ്റാറ്റസ് നഷ്ടമാവില്ല. ഇവർക്ക്, ഇന്റർനാഷനൽ ഹയ്യാ ഉടമ എന്ന നിലയിൽ ഖത്തറിലെത്താൻ കഴിയും. യാത്രക്കുമുമ്പ് താമസം രജിസ്റ്റർ ചെയ്ത് ഉറപ്പാക്കണം.
അതിഥികളുടെ പേര്, പാസ്പോര്‍ട്ട് വിവരങ്ങള്‍, ഖത്തറില്‍ എത്തുമ്പോള്‍ താമസിക്കുന്ന മേല്‍വിലാസം (ഹോട്ടല്‍ അല്ലെങ്കില്‍ വീട്), ആതിഥേയരുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഖത്തറിലേക്ക് എത്തുന്നതിന് മുമ്പ് വീണ്ടും രജിസ്റ്റര്‍ ചെയ്യണം.
ലോകകപ്പ് വേളയിൽ മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശനത്തിനായാണ് ഫാന്‍ ഐ.ഡിയായി ‘ഹയ്യാ കാര്‍ഡ്’ നിര്‍ബന്ധമാക്കിയത്.
നവംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വന്നിരുന്നു. വിദേശ ആരാധകർക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള മൾട്ടി എൻട്രി പെർമിറ്റ് വിസയായിരുന്നു ഹയ്യാ. ഖത്തറിലുള്ളവര്‍ക്ക് സ്റ്റേഡിയങ്ങളില്‍ മത്സരടിക്കറ്റിനൊപ്പം ഹയ്യാ കാര്‍ഡുകളും നിര്‍ബന്ധമാക്കിയിരുന്നു. ഖത്തര്‍ ഐഡിയുള്ള ഹയ്യാ കാര്‍ഡ് ഉടമക്ക് രജിസ്റ്റർ ചെയ്ത സ്വന്തം താമസസ്ഥലത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ 10 പേര്‍ക്ക് ആതിഥേയരാകാന്‍ ലോകകപ്പ് സമയത്ത് അനുമതി നല്‍കിയിരുന്നു.
2023 ജനുവരി 23ന് ഹയ്യാ കാലാവധി കഴിഞ്ഞതിനു പിന്നാലെയാണ് ഇന്റർനാഷനൽ ഹയ്യാ കാർഡ് ഉടമകൾക്ക് വീണ്ടും ഖത്തറിൽ പ്രവേശിക്കാൻ അനുവാദം നൽകിയത്. 2024 ജനുവരി 24 വരെയാണ് ഹയ്യായുടെ കാലാവധി നീട്ടിയത്. ഇതുപ്രകാരം മലയാളികൾ ഉൾപ്പെടെ ആയിരങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഖത്തറിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.