ഹയ്യവിസ യാത്ര പറയുന്നു
text_fieldsദോഹ: ഫിഫ ലോകകപ്പ് ഫുട്ബാൾ വേളയിൽ ആരാധകർക്കായി സമ്മാനിച്ച ഹയ്യവിസ, ഹയ്യ വിത് മി വിസയുടെ സാധുത ശനിയാഴ്ചയോടെ അവസാനിക്കും. ഫെബ്രുവരി 10ഓടെ ഈ വിസക്കാർക്ക് ഖത്തറിലേക്കുള്ള എൻട്രി അവസാനിച്ചിരുന്നു. വിസയിൽ രാജ്യത്തുള്ളവർ ശനിയാഴ്ചയോടെ ഖത്തറിൽനിന്ന് മടങ്ങണം. അല്ലാത്ത പക്ഷം പിഴ ഉൾപ്പെടെ നടപടികൾ നേരിടേണ്ടിവരും. ലോകകപ്പ് ഫുട്ബാള്‍ സമയത്ത് വിദേശികള്‍ക്ക് ഖത്തറിലേക്കുള്ള ഏക പ്രവേശന മാര്‍ഗമായാണ് ഹയ്യ വിസ അവതരിപ്പിച്ചത്. ലോകകപ്പിന് പിന്നാലെ വിനോദ സഞ്ചാരസാധ്യതകള്‍ മുന്‍നിര്‍ത്തി 2022 ജനുവരിയിൽ ഹയ്യ വിസയുടെ കലാവധി ഒരുവർഷത്തേക്ക് ദീർഘിപ്പിച്ചു. ഒപ്പം, വിദേശ കാണികളായ ഹയ്യ വിസ ഉടമകൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖത്തറിലെത്തിക്കാനായി ‘ഹയ്യ വിത് മി’ വിസയും അനുവദിച്ചു. ഇതുവഴി മലയാളികൾ ഉൾപ്പെടെ ലക്ഷങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഖത്തർ സന്ദർശനം നടത്തിയത്. ഇതിെൻറ കാലാവധി ഈ വർഷം ജനുവരി 10നും 24നുമായി അവസാനിക്കുമെന്നായിരുന്നു അറിയിപ്പ്. പിന്നീട്, ഏഷ്യൻ കപ്പ് ഫുട്ബാളിെൻറ പശ്ചാത്തലത്തിൽ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു.
അതേസമയം, ലോകകപ്പ് ഹയ്യ വിസ കാലാവധി കഴിഞ്ഞെങ്കിലും വിദേശികൾക്ക് ഇനിയും ഖത്തർ സന്ദർശിക്കാൻ നിരവധി വിസകൾ ലഭ്യമാണ്. ഹയ്യ ടു ഖത്തർ ആപ് വഴിയോ ഹയ്യ പോർട്ടൽ വഴിയോ വിവിധ വിസകൾക്ക് അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. ദോഹ സന്ദർശിക്കുന്നതിന് ആസൂത്രണം ചെയ്യുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും അനുയോജ്യമായ വിവിധ വിസ കാറ്റഗറികളാണ് ഹയ്യ പോർട്ടൽ വാഗ്ദാനം ചെയ്യുന്നത്. ടൂറിസ്റ്റ് വിസ (എ1), ജി.സി.സി റെസിഡൻറ് വിസ (എ2), ഇ.ടി.എ (എ3), ജി.സി.സി പൗരന്മാരുടെ കൂടെ വരുന്നവർക്കുള്ള എ4 വിസ എന്നിങ്ങനെയുള്ള വിസകളാണ് ഹയ്യ പോർട്ടലിലും ഹയ്യ ടു ഖത്തർ ആപ്പിലും ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ രാജ്യക്കാർക്കും ലഭ്യമായ വിസയാണ് എ വൺ. അനുവദിച്ചാൽ 100 റിയാൽ അടക്കണം കുറഞ്ഞത് മൂന്നു മാസത്തെ സാധുതയുള്ള വിസക്ക് അപേക്ഷിക്കാൻ പാസ്പോർട്ട് ആവശ്യമാണ്. കൂടാതെ ഖത്തറിലെ താമസം സ്ഥിരീകരിക്കുന്ന രേഖ നിർബന്ധമാണ്. സിംഗിൾ എൻട്രി, നോൺ റീഫണ്ടബിൾ, കൈമാറ്റം ചെയ്യാൻ കഴിയില്ല എന്നതും എ1 വിസയുടെ സവിശേഷതയാണ്.
എ2 കാറ്റഗറി വിസ എല്ലാ പ്രഫഷനുകളിലുമുള്ള ജി.സി.സി നിവാസികൾക്കായുള്ളതാണ്. അംഗീകാരത്തിനു ശേഷം 100 റിയാൽ ഫീസ് അടക്കണം. ഖത്തറിലെ താമസം സ്ഥിരീകരിക്കുന്ന രേഖ നിർബന്ധമാണ്. സിംഗിൾ എൻട്രി, നോൺ റീഫണ്ടബിൾ, കൈമാറ്റം ചെയ്യാൻ കഴിയില്ല എന്നിവ എ2 വിസ കാറ്റഗറിക്കും ബാധകമാണ്. ഇ.ടി.എ അഥവ എ ത്രീ വിസ അമേരിക്ക, കാനഡ, ഷെങ്കൻ മേഖല, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള സാധുവായ വിസയോ താമസാനുമതിയോ ഉള്ളവർക്കാണ് ലഭിക്കുക. മൂന്ന് മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, 100 റിയാൽ ഫീസ് എന്നിവയാണ് ഇതിനാവശ്യമായ മറ്റു മാനദണ്ഡങ്ങൾ. ജി.സി.സി പൗരന്മാരുടെ കൂടെ വരുന്നവർക്കുള്ള എ ഫോർ വിസയാണ് അവസാനത്തെ കാറ്റഗറി. അപേക്ഷകർ അവരുടെ ജി.സി.സി പൗരനായ സ്പോൺസറോടൊപ്പം യാത്ര ചെയ്യുന്നതിന് ഇത് ഉപയോഗപ്പെടുത്താം.കുറഞ്ഞത് മൂന്നു മാസ സാധുതയുള്ള പാസ്പോർട്ട്, 100 റിയാൽ എന്നിവ ഈ കാറ്റഗറിക്കാർക്കും ആവശ്യമാണ്. സിംഗിൾ എൻട്രി, നോൺ റീ ഫണ്ടബിൾ എന്നിവയാണ് ഇതിെൻറ മറ്റു പ്രത്യേകതകൾ.ഹയ്യ പോർട്ടൽ വഴിയുള്ള വിസ നടപടികൾ വേഗത്തിൽ പൂർത്തിയാകുന്നതായി ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. അപേക്ഷിച്ച് 48 മണിക്കൂറിനകം വിസ ലഭിച്ചതായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കി.
ഈ വിസകൾ തീർത്തും സന്ദർശനാവശ്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കാവൂ എന്നും ഒരു സാഹചര്യത്തിലും തൊഴിൽ വിസകളാക്കി മാറ്റാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. എല്ലാ വിസകളുടെയും സാധുത കുറഞ്ഞത് 30 ദിവസമായിരിക്കും. സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം ഖത്തറിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.