യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഖത്തറും
text_fieldsദോഹ: വരുന്ന യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഖത്തറും പങ്കെടുക്കും. 2022ൽ സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്ക് പരിചയ സമ്പത്ത് വർധിപ്പിക്കുന്നതിെൻറ ഭാഗമായാണിത്. യുവേഫ യോഗ്യത റൗണ്ടിൽ അതിഥി ടീമായാണ് നിലവിലെ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തർ പങ്കെടുക്കുന്നത്. ഗ്രൂപ് എയിൽ പോർചുഗൽ, സെർബിയ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ലക്സംബർഗ്, അസർബൈജാൻ എന്നിവർക്കൊപ്പമായിരിക്കും ഖത്തർ കളിക്കാനിറങ്ങുക. കഴിഞ്ഞ ദിവസം ഖത്തർ ഫുട്ബാൾ അസോസിയേഷൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ആതിഥേയ രാജ്യമെന്ന നിലയിൽ ലോകകപ്പിന് നേരത്തേ യോഗ്യത നേടിയതിനാൽ മത്സര ഫലങ്ങൾ ഖത്തറിനെ ബാധിക്കുകയില്ല. അതിനാൽതന്നെ ആത്മവിശ്വാസത്തോടെ സമ്മർദങ്ങളില്ലാതെ ഖത്തറിന് പന്തു തട്ടാനാകും. വരുന്ന ലോകകപ്പിലേക്ക് കൂടുതൽ പരിചയസമ്പത്ത് കൈക്കൊള്ളാനും യൂറോപ്യൻ രാജ്യങ്ങളുടെ തന്ത്രങ്ങൾ പഠിക്കാനും ഇതിലൂടെ ഖത്തറിന് സാധിക്കും. നമ്മുടെ രാജ്യം ആതിഥ്യം വഹിക്കുന്ന ലോകകപ്പിനായുള്ള യുവേഫ യോഗ്യത മത്സരങ്ങളിൽ ഖത്തർ മത്സരിക്കുമെന്നത് വളരെയധികം സന്തോഷം നൽകുന്നതാണെന്നും 2022ലേക്കുള്ള നമ്മുടെ ദേശീയ ടീമിെൻറ തയാറെടുപ്പുകൾക്ക് ഇത് കൂടുതൽ കരുത്തേകുമെന്നും ക്യു.എഫ്.എ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഥാനി പറഞ്ഞു.
മിഡിലീസ്റ്റിലും അറബ് ലോകത്തും ആദ്യമായെത്തുന്ന ലോകകപ്പ് ടൂർണമെൻറിെൻറ ആതിഥേയ രാജ്യമെന്ന നിലയിൽ ഖത്തറിന് മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ജപ്പാനടക്കമുള്ള വമ്പൻ ടീമുകളെ പരാജയപ്പെടുത്തി കന്നി ഏഷ്യൻ കപ്പ് ജേതാക്കളായ ഖത്തർ കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലും അതിഥി രാജ്യമായി പന്തു തട്ടി പ്രശംസ നേടിയിരുന്നു. പരാഗ്വേയെ രണ്ട് ഗോളടിച്ച് തളച്ച ഖത്തർ, അർജൻറീനക്കെതിരെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക, കോൺകകാഫ് ഗോൾഡ് കപ്പ് എന്നീ ടൂർണമെൻറുകളിലും ഖത്തർ പങ്കെടുക്കുന്നുണ്ട്. യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് അടുത്ത വർഷം മാർച്ചിലാണ് തുടക്കം കുറിക്കുക. 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിലേക്ക് 13 രാജ്യങ്ങളാണ് യൂറോപ്പിൽ നിന്നുമെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.