ആരോഗ്യ പ്രവർത്തകർക്ക് ആദരം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയവും മിഴി തുറന്നു
text_fieldsദോഹ: കോവിഡ്–19നെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യ വിദഗ്ധർക്ക് ആദരമർപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം കായിക ലോകത്തിന് സമർപ്പിച്ചു. ബീൻ സ്പോർട്സ് ചാനലിലൂടെ നടന്ന വെർച്വൽ ചടങ്ങിലാണ് അമീർ ലോകകപ്പ് സ്റ്റേഡിയം ഉദ്ഘാടനം നിർവഹിച്ചത്.ഇതോടെ 2022ലെ ഫിഫ ലോകകപ്പിനായി നിർമാണം പൂർത്തിയാകുന്ന മൂന്നാമത് സ്റ്റേഡിയമായി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഖത്തർ ഫൗണ്ടേഷനും ഒരുമിച്ചാണ് നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലോകകപ്പ് സ്റ്റേഡിയം മത്സരങ്ങൾക്ക് സജ്ജമാക്കിയത്. നേരത്തെ തന്നെ സ്റ്റേഡിയം സജ്ജമായിരുന്നെങ്കിലും ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്കാണ് അന്താരാഷ്ട്ര കായിക ലോകം തിങ്കളാഴ്ച വൈകിട്ട് സാക്ഷ്യം വഹിച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ നൂറുക്കണക്കിനാളുകളാണ് ഉദ്ഘാടനം തത്സമയം വീക്ഷിച്ചത്.
കോവിഡ്–19 മഹാമാരിക്കെതിരെ പോരാടുന്ന മെഡിക്കൽ ജീവനക്കാർക്കും മുൻനിര പ്രവർത്തകർക്കുമുള്ള ആദരമാണ് സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിനെ വേറിട്ടതാക്കിയത്. ലോകകപ്പിനായി നിർമാണം പൂർത്തിയായ മൂന്നാമത് സ്റ്റേഡിയമായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം ദൈവത്തിെൻറ നാമത്തിൽ ഉദ്ഘാടനം ചെയ്യുകയാണെന്ന് അമീർ വീഡിയോ കോൺഫെറൻസിലൂടെ പ്രഖ്യാപിച്ചു.കോവിഡ്–19നെതിരായി പോരാടുന്ന മെഡിക്കൽ ജീവനക്കാരും ആരോഗ്യ വിദഗ്ധരുമാണ് ഈ സമയത്തെ ചാമ്പ്യൻമാർ. നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും പുതിയ പ്രതീക്ഷകൾ നൽകുന്നതിനും പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആശംസയും നന്ദിയും അറിയിക്കുകയാണെന്നും അമീർ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകരുടെ അർപ്പണ ബോധത്തിലൂടെയും നിസ്വാർഥമായ സേവനങ്ങളിലൂടെയും നല്ല നാളുകളാണ് വരാനിരിക്കുന്നതെന്നും നമ്മുടെ സ്റ്റേഡിയങ്ങളിൽ താരങ്ങളുടെ മത്സര പ്രകടനങ്ങൾ ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ കഴിയുന്ന സുവർണ നിമിഷങ്ങളായിരിക്കുമതെന്നും അമീർ ചൂണ്ടിക്കാട്ടി. ഏറ്റവും മികച്ച ലോകകപ്പിനായി ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള അതിഥികളെയും സ്വാഗതം ചെയ്യുകയാണെന്നെും എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുകയാണെന്നും അമീർ പറഞ്ഞു.
ഫിഫ പ്രസിഡൻറ് ജിയോനി ഇൻഫാൻറീനോയും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. 2022 ലോകകപ്പിെൻറ മറ്റൊരു നാഴികക്കല്ലാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നന്ദി അറിയിക്കുകയാണെന്നും ഇൻഫാൻറിനോ വ്യക്തമാക്കി. കൂടുതൽ ശക്തിയിൽ ഫുട്ബോൾ തിരിച്ചുവരുമെന്നതിനുള്ള സൂചനയാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയമെന്നും അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച സ്റ്റേഡിയത്തിൽ 2022ലെ ലോകകപ്പ് നമ്മൾ ആഘോഷിക്കുമെന്നും അതുവരെ ആരോഗ്യത്തോടെ, ശക്തമായി, പോസിറ്റീവായിരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്റ്റേഡിയം യാഥാർഥ്യമാക്കുന്നതിന് പ്രയത്നിച്ച തൊഴിലാളികൾക്കും ജീവനക്കാർക്കും ചടങ്ങിൽ പ്രത്യേകം ആദരം അർപ്പിച്ചു. സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, ഫിഫ ലോകകപ്പ് ഖത്തർ 2022 സി .ഇ.ഒ നാസർ അൽ ഖാതിർ, സുപ്രീം കമ്മിറ്റി ഓപറേഷൻ ഓഫീസ് വൈസ് ചെയർമാൻ യാസിർ ജമാൽ, ഖത്തർ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് പ്രസിഡൻറ് മഷാഇൽ ഹസൻ അൽ നഈമി എന്നിവർ സംസാരിച്ചു.
ബീൻ സ്പോർട്സ്, അൽ കാസ് ടി.വി, അൽ റയ്യാൻ ടി. വി, ഖത്തർ ടി.വി എന്നീ ചാനലുകളിൽ ഉദ്ഘാടന ചടങ്ങുകൾ തത്സമയം സംേപ്രഷണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.