ഗർഭിണികൾ പനി വാക്സിനെടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ
text_fieldsദോഹ: കാലാവസ്ഥ ഓരോ ദിവസവും കൂടുതൽ തണുപ്പിലേക്ക് നീങ്ങവെ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഓർമപ്പെടുത്തി ആരോഗ്യ വിദഗ്ധർ.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഗർഭിണികൾ പനി വാക്സിനെടുക്കാൻ മുന്നോട്ടുവരണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഹുദ അബ്ദുല്ല അൽ സാലിഹ് പറഞ്ഞു.
പനി കാരണം ന്യൂമോണിയ, ആശുപത്രിയിൽ പ്രവേശിപ്പിക്കുക, മാസം തികയാതെയുള്ള പ്രസവം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കാനിടയുണ്ട്. ഗർഭിണികളുടെ ഏത് ഘട്ടത്തിലും ഫ്ലൂ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും, ഇൻഫ്ലുവൻസക്കെതിരായ പ്രതിരോധശേഷി വർധിപ്പിക്കാനും നവജാത ശിശുക്കൾക്ക് അണുബാധ പകരാനുള്ള സാധ്യത കുറക്കാനും വാക്സിൻ സഹായിക്കുമെന്നും ഡോ. ഹുദ അബ്ദുല്ല അൽ സാലിഹ് കൂട്ടിച്ചേർത്തു.
പനി സീസൺ ശക്തമാവുന്നതിന് മുമ്പാണ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ നല്ലസമയമെന്ന് അധികൃതർ നിർദേശിച്ചു. നേരത്തേ വാക്സിൻ എടുക്കുന്നതിലൂടെ സീസണിലുടനീളം സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സാധിക്കുമെന്നും ഡോ. ഹുദ വ്യക്തമാക്കി.
ഒക്ടോബർ ഒന്ന് മുതലാണ് രാജ്യത്തെ സൗജന്യ പനി പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ക്ലിനിക്കുകളിലും എച്ച്.എം.സി ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റ് സമയങ്ങളിലും വാക്സിൻ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.