മിഡിലീസ്റ്റിലെ ശക്തരായ ബിസിനസ് വനിതകളിൽ ആരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരിയും
text_fieldsദോഹ: ഫോർബ്സ് മിഡിലീസ്റ്റിന്റെ 2023ലെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളുടെ പട്ടികയിൽ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയും ഇടം പിടിച്ചു. ഡോ. ഹനാൻ അൽ കുവാരിക്ക് പുറമെ മറ്റ് അഞ്ചു ഖത്തരി വനിതകളും പട്ടികയിലിടം നേടിയിട്ടുണ്ട്. ഹമദ് മെഡിക്കൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ എന്ന നിലയിൽ മന്ത്രിയുടെ പങ്ക് അംഗീകരിച്ചാണ് ഡോ. അൽ കുവാരി ഏറ്റവും ശക്തരായ വനിതകളിൽ എട്ടാമതെത്തിയത്. 2023ലെ മിഡിലീസ്റ്റിലെ ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ പട്ടിക ഫോർബ്സ് മിഡിലീസ്റ്റിന്റെ ഫെബ്രുവരി ലക്കത്തിലാണ് പുറത്തുവിട്ടത്.
ഉരീദു സി.ഇ.ഒ നൂർ അൽ സുലൈത്തി, ഖത്തർ നാഷനൽ ബാങ്ക് കാപിറ്റൽ സി.ഇ.ഒ മിറ അൽ അത്തിയ്യ, ഖത്തർ ഫിനാൻഷ്യൽ സെന്റർ (ക്യു.എഫ്.സി) അതോറിറ്റി ഡെപ്യൂട്ടി സി.ഇ.ഒയും ചീഫ് ബിസിനസ് ഓഫിസറുമായ ശൈഖ അൽ അനൂദ് ബിൻത് ഹമദ് ആൽഥാനി, അൽ ഫാലിഹ് എജുക്കേഷനൽ ഹോൾഡിങ് സ്ഥാപകയും ചെയർപേഴ്സനുമായ ശൈഖ ഐഷ ബിൻത് ഫാലിഹ് ആൽഥാനി, അംവാൽ സ്ഥാപകയും ചെയർപേഴ്സനും അൽ വഅബ് സിറ്റി റിയൽ എസ്റ്റേറ്റ് സ്ഥാപകയും സി.ഇ.ഒയും ഇൻജാസ് ഖത്തർ സ്ഥാപക ചെയറുമായ ശൈഖ ഹനാദി ബിൻത് നാസർ ആൽഥാനി എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു ഖത്തരി വനിതകൾ.
മിഡിലീസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും സ്ത്രീകൾ ഇന്ന് ഈ മേഖലയിലെ വലിയ കമ്പനികളിൽ ചിലതിനെ നയിക്കുന്നവരാണെന്നും ചിലർ അന്താരാഷ്ട്ര തലത്തിലും തങ്ങളുടേതായ മുദ്ര പതിപ്പിക്കുന്നുവെന്നും ഫോർബ്സ് മിഡിലീസ്റ്റ് ചൂണ്ടിക്കാട്ടി. ബാങ്കിങ്, ഫിനാൻഷ്യൽ സർവിസ് മേഖലയിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ -23. വൈവിധ്യമാർന്ന വ്യാപാര മേഖലയിൽനിന്ന് 11, നിക്ഷേപ മേഖലയിൽ എട്ട്, റീട്ടെയിൽ മേഖലയിൽ ആറ്, ആരോഗ്യ സംരക്ഷണത്തിൽ അഞ്ച് എന്നിങ്ങനെയാണ് വനിതകളുടെ സ്ഥാനമെന്നും ഫോർബ്സ് മിഡിലീസ്റ്റിന്റെ പുതിയ പതിപ്പിൽ വ്യക്തമാക്കി.
യു.എ.ഇ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്ന് യഥാക്രമം 15ഉം 12ഉം എൻട്രികൾ പട്ടികയിലിടം നേടിയപ്പോൾ സൗദി അറേബ്യയിൽനിന്ന് 11, കുവൈത്തിൽനിന്ന് എട്ട്, ലബനാൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽനിന്ന് ആറു വീതം എൻട്രികളും ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.