ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കും
text_fieldsദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുടെയും അവരുടെ കുടുംബത്തിെൻറയും സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ.
എച്ച്.എം.സിക്ക് കീഴിലെ ആരോഗ്യ പ്രവർത്തകരുടെയും കുടുംബങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. മാർഗരേഖകളടക്കം എല്ലാ വിദ്യാഭ്യാസ മെറ്റീരിയലുകളും ബോധവൽകരണ സെഷനുകളും നൽകിയിട്ടുണ്ടെന്നും എച്ച്.എം.സി കോർപറേറ്റ് ഇൻഫെക്ഷൻ പ്രിവൻഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ജമീല അൽ അജ്മി പറഞ്ഞു.കോവിഡ്–19 രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കുടുംബങ്ങളിൽ നിന്നകന്ന് നിൽക്കുമ്പോഴും സമാന്തര താമസ സൗകര്യം നൽകിയിട്ടുണ്ടെന്നും അവരുടെ കുടുംബങ്ങളെ വൈറസ് ബാധിക്കുന്നതിെൻറ സാധ്യതകളെ പോലും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഡോ. ജമീല അൽ അജ്മി കൂട്ടിച്ചേർത്തു.
കോവിഡ്–19 മെഡിക്കൽ സെൻറർ, തീവ്ര പരിചരണ വിഭാഗം, അടിയന്തര വിഭാഗം, ദീർഘകാല പരിചരണ വിഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും കോവിഡ്–19 രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവരും നിരന്തരം നിരീക്ഷണത്തിലാണെന്നും ഏതെങ്കിലും സാഹചര്യത്തിൽ പോസിറ്റീവാകുന്ന സന്ദർഭത്തിൽ അവരെ സുരക്ഷിതമായി സമ്പർക്ക വിലക്ക് കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അവർ വ്യക്തമാക്കി.
ആംബുലൻസ് ജീവനക്കാർ, ഭക്ഷണം ഡെലിവറി ചെയ്യുന്നവർ, ക്ലീനർമാർ, പാരാ മെഡിക്കൽ ജീവനക്കാർ തുടങ്ങി കോവിഡ്–19 രോഗികളെ താമസിപ്പിക്കുന്ന ഇടങ്ങളിൽ നേരിട്ട് ബന്ധപ്പെടുന്നവർക്കുള്ള കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു.
കോവിഡ്–19 ബാധിതരായ ആരോഗ്യ പ്രവർത്തകരുടെ ചികിത്സയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.കോവിഡ്–19 ബാധിച്ചവരുമായോ രോഗബാധ സംശയമുള്ളവരുമായോ സമ്പർക്കം പുലർത്തുമ്പോൾ മെഡിക്കൽ ഫേസ് മാസ്ക്ക്, കണ്ണുകളെ സംരക്ഷിക്കുന്നതിനുള്ള െപ്രാട്ടക്ടീവ് ഗ്ലാസ്, കൈയുറ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം നൽകിയിട്ടുണ്ടെന്നും പി.പി.ഇ കിറ്റുകൾ എങ്ങനെ ധരിക്കണമെന്നും പ്രവൃത്തി സമയം കഴിയുമ്പോൾ എങ്ങനെ ഉപേക്ഷിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും ഡോ. ജമീല അൽ അജ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.