ഖത്തറിലെ ഹൃദ്രോഗ ബാധിതരില്‍ ഇന്ത്യക്കാര്‍ മുന്നില്‍
text_fieldsദോഹ: ഖത്തറില്‍ ഹൃദ്രോഗികളായ ഇന്ത്യാക്കാരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ഹമദ് ഹൃദയ ആശുപത്രിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഈ വെളിപ്പെടുത്തല്‍ ഉണ്ട്.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പ്രത്യേകിച്ച് ഇന്ത്യാക്കാരായ ആളുകളാണ് ഖത്തറില്‍ ഹൃദയ ചികില്‍സ തേടി എത്തുന്നവരില്‍ മുന്നിലുള്ളത്. ഇതില്‍ പ്രധാന കാരണം ജനിതക കാരണങ്ങളാണ്. ഘടകങ്ങള്‍ക്കൊപ്പം ഇപ്പോഴത്തെ ജീവിത ശൈലിയും ഒത്തുചേര്‍ന്നപ്പോള്‍ ഹൃദ്രോഗ ബാധയുടെ കാഠിന്യം കൂടിയിരിക്കുകയാണന്നും രോഗികളുടെ എണ്ണം പെരുകിയിരിക്കുകയാണന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യക്കാരായ ഹൃദ്രോഗ ബാധിതരില്‍ 40 വയസിന് താഴെയുള്ളവരുടെ എണ്ണം പെരുകുന്നുവെന്നത് ഗൗരവമായി കാണേണ്ട കാര്യമാണന്ന് ഹമദ് ഹാര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ ഫസല്‍ റഹുമാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ജനിതക സ്ഥിതി വിശേഷം, ജീവിത സാഹചര്യങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍, സംഘര്‍ഷങ്ങളും മാനസിക സമ്മര്‍ദങ്ങളും ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. പ്രവാസികള്‍ക്ക് മാനസിക സമ്മര്‍ദങ്ങള്‍ മറ്റുള്ളവരെക്കാള്‍ കടുത്ത നിലയില്‍ ശരീരത്തെ ബാധിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഹൃദ്രോഗ ബാധയെ പ്രവാസികള്‍ അടക്കമുള്ളവര്‍ ഗൗരവത്തോടെ കാണണമെന്നാണ് ഹാര്‍ട്ട് ആശുപത്രിയിലെ വിദഗ്ധരെല്ലാം വ്യക്തമാക്കുന്നത്. ഖത്തര്‍ അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുള്ളവരും യൂറോപ്പ്യന്‍മാരും ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവരും ഒക്കെ ഭക്ഷണ കാര്യത്തില്‍ മിതത്വം പാലിക്കുന്നുണ്ട്.
എന്നാല്‍ ഇന്ത്യക്കാരില്‍ ഭൂരിപക്ഷം പേരും ഭക്ഷണത്തില്‍ ക്രമീകരണം കാണിക്കുന്നില്ല എന്നതും കൊളസ്ട്രോള്‍ അടിഞ്ഞ് കൂടാനുള്ള കാരണമായി അത് മാറുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മലയാളികള്‍ വലിച്ചുവാരി കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്യുന്നതില്‍ തീരെ താല്‍പ്പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. കോര്‍ണിഷ്, വിവിധ പാര്‍ക്കുകള്‍ എന്നിവിടങ്ങളിലായി ശരീര വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണ് എന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സൈക്കിള്‍ സവാരി പോയിട്ട് നടക്കാന്‍ പോലും മടിക്കുകയും ഒരേ ഇരുപ്പ് ഇരിക്കുകയും ചെയ്യുന്നത് പൊതുശീലമായി മാറിയിരിക്കുന്നു. ഇതിന്‍െറ ഫലമായി അപ്രതിക്ഷിതമായ ഹൃദ്രോഗബാധയും അതുമൂലമുള്ള മരണങ്ങളും ഇന്ത്യന്‍ പ്രവാസികളില്‍ വര്‍ധിച്ചു. അടുത്തിടെയായി, വിവിധ സ്ഥലങ്ങളില്‍ കുഴഞ്ഞ് വീണ് മരിച്ച മലയാളികളില്‍ പലരും കടുത്ത ഹൃദ്രോഗത്തിന് ഇരയായാണള മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്.
ശരീരമനങ്ങാതെ ജോലി ചെയ്തും കിട്ടുന്നതെല്ലാം കഴിച്ചും രക്തസമ്മര്‍ദവും പ്രമേഹവും അടക്കമുള്ളവക്ക് അടിപ്പെട്ട ഇന്ത്യക്കാര്‍ ഏറെയുണ്ട്. എന്നാല്‍ രോഗം നിര്‍ണ്ണയിക്കപ്പെടാതെ ജീവിക്കുന്നവരുടെ എണ്ണം ഏറെയുണ്ട്. മെഡിക്കല്‍ ക്യാമ്പുകളില്‍ രോഗ നിര്‍ണ്ണയം ഉണ്ടാകുമ്പോഴും അതില്‍ യുവാക്കളാണ് മുഖ്യസ്ഥാനത്ത് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.