ഇറാഖിലെ കുഞ്ഞുങ്ങൾക്ക് ഹൃദയപൂർവം
text_fieldsദോഹ: ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ദുരിതം പേറുന്ന ഇറാഖിലെ കുഞ്ഞുങ്ങൾക്ക് പുതുജീവിതത്തിലേക്ക് തിരിച്ചെത്താൻ കരങ്ങൾ നീട്ടി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. ക്യു.ആർ.സി.എസിന്റെ ‘ലിറ്റിൽ ഹാർട്ട്സ്’ പ്രോഗ്രാമിനു കീഴിലാണ് ഇറാഖിലെ കുർദിസ്താനിലേക്ക് പുതിയ ആരോഗ്യ പരിരക്ഷ പദ്ധതി നടപ്പാക്കുന്നത്.
ഇറാഖി റെഡ്ക്രസന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഇർബിലിലെ സ്പെഷലൈസ്ഡ് കാർഡിയോളജി ആശുപത്രിയിൽ ഹൃദയ വൈകല്യമുള്ള 70 കുട്ടികൾക്ക് കാർഡിയാക് കത്തീറ്ററൈസേഷൻ നടത്തും. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പദ്ധതിക്കായി 5.13 ലക്ഷം റിയാലാണ് ചെലവ് കണക്കാക്കുന്നത്.
ഇറാഖിലെ ആരോഗ്യമേഖലയെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര സംഘർഷങ്ങൾക്ക് ഇരയായി കുടിയിറക്കപ്പെട്ട ഇറാഖികൾ, സിറിയൻ അഭയാർഥികൾ, പ്രാദേശിക കുടുംബങ്ങൾ എന്നിവരുടെ കുട്ടികളെ ചികിത്സിക്കുന്നതിനായി ഡോക്ടർമാർ കാർഡിയാക് കത്തീറ്ററൈസേഷൻ നടത്തും.
പദ്ധതിക്കുകീഴിൽ ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്ത നിരാലംബരായ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിന് ആവശ്യമായ എല്ലാ മെഡിക്കൽ ഉപകരണങ്ങളും സാധനങ്ങളും സൗജന്യമായി നൽകും. ഖത്തറിൽ നിന്നുള്ള വിദഗ്ധ സംഘത്തോടൊപ്പം പ്രവർത്തിക്കുന്നതിലൂടെ അവർക്ക് പരിശീലനവും വൈദഗ്ധ്യവും നൽകി ഇറാഖിലെ മെഡിക്കൽ പ്രഫഷനലുകളുടെ ശേഷി വർധിപ്പിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്.
2013 മുതൽ ഇറാഖിൽ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി ആരോഗ്യ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള കാർഡിയാക് കത്തീറ്ററൈസേഷൻ, ആരോഗ്യ പദ്ധതികൾക്കുള്ള പിന്തുണ, കോവിഡ് നിയന്ത്രണം എന്നിവ ഇതിലുൾപ്പെടുന്നു.
കൂടാതെ നേത്രരോഗങ്ങൾ ചികിത്സിക്കുന്നതിനും നേത്ര ശസ്ത്രക്രിയകൾ നടത്തുന്നതിനുമുള്ള പദ്ധതി ഖത്തർ റെഡ്ക്രസന്റിനു കീഴിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 1.56 ദശലക്ഷം ഡോളറാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.